പുതുയുഗ കേരളത്തിലേക്ക് ചുവടുവെക്കുന്ന വിസ്മയ ബജറ്റെന്ന വിശേഷണത്തോടെ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച തന്റെ കന്നി ബജറ്റ് സ്വകാര്യ നിക്ഷേപത്തിന് ഊന്നല്‍ നല്‍കുന്നു. സ്വകാര്യ നിക്ഷേപം തന്റെ പാര്‍ട്ടി നയമാണെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ബജറ്റ് പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും നിഴലിക്കുന്നതാണ്.സംസ്ഥാനത്തിന്റെ കടബാധ്യതകളും കേന്ദ്ര വിഹിതത്തിലെ കുറവും സംസ്ഥാനത്തെ വലിയൊരു സാമ്പത്തിക സമ്മര്‍ദത്തിലാക്കിയെന്ന് ധവളപത്രത്തിൽ കുറ്റപ്പെടുത്തിയ ശേഷം തയ്യാറാക്കിയ ബജറ്റില്‍ ശ്രദ്ധേയമായ പ്രഖ്യാപനം “മിഷന്‍ സമുദ്ര’ പദ്ധതിയാണ്. പദ്ധതിയിലൂടെ കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശത്തെയും വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തുറമുഖങ്ങളെയും ബന്ധിപ്പിച്ച് ഒരു “പോര്‍ട്ട്‌ലെഡ് ഇക്കോണമി’ (തുറമുഖാധിഷ്ഠിത സമ്പദ് വ്യവസ്ഥ) കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതിനായി 400 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.തെക്കന്‍ കേരളത്തില്‍ സ്‌പേസ്, ടെക്‌നോളജി, ധാതുസമ്പത്ത് എന്നിവയെ കോര്‍ത്തിണക്കി “റേര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോര്‍’ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്. കൂടാതെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കാന്‍ 200 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. പ്രതിവര്‍ഷം 800 കോടി രൂപ ചെലവ് വരുന്ന, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമുള്ള കെ എസ് ആര്‍ ടി സി ബസുകളിലെ സൗജന്യ യാത്രക്കായി 600 കോടി രൂപ നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. ഒപ്പം റബ്ബറിന്റെ തറവില 250 രൂപയായി ഉയര്‍ത്തിയതും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും. കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ “ഡാറ്റാ അധിഷ്ഠിത ഇന്‍വെസ്റ്റ് കേരള സെല്‍’, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ അതിപ്രസരം കുറയ്ക്കാന്‍ അക്കാദമിക് കൗണ്‍സില്‍ രൂപവത്കരിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. വയനാട്ടില്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റിക്കായി 50 കോടി രൂപ മാറ്റിവെച്ചതും ശ്രദ്ധേയമാണ്. മലപ്പുറത്ത് ക്യാന്‍സര്‍ സെന്ററെന്ന പ്രഖ്യാപനവും പ്രശംസാര്‍ഹമാണ്. ഒപ്പം മലബാര്‍ മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയവും കോഴിക്കോട്ട് എം ടി വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം വി ഡി സതീശന്റെ ആദ്യ ബജറ്റ് സാമ്പത്തിക പരിമിതികള്‍ ചൂണ്ടിക്കാട്ടി പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനും അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രഖ്യാപിച്ച വലിയ പദ്ധതികള്‍ക്ക് ആവശ്യമായ വന്‍തോതിലുള്ള വിഭവ സമാഹരണം പ്രായോഗിക തലത്തില്‍ എങ്ങനെ നടപ്പാക്കുമെന്നതിന് പ്രത്യേക മാര്‍ഗങ്ങളൊന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നില്ല.ഒരു കുടുംബത്തിന് 25 ലക്ഷം ചികിത്സാ സുരക്ഷയുള്ള ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് പത്ത് കോടി രൂപ മാത്രമാണ് വകയിരുത്തിയത്. എന്നാല്‍ ഇത് പഠനത്തിന് വേണ്ടി മാത്രമാണെന്ന് പറയുന്നുണ്ടെങ്കിലും ഇന്ദിരാ ഗ്യാരന്റി പദ്ധതികള്‍ക്ക് ബജറ്റില്‍ കാര്യമായി ഇടം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഒപ്പം “മിഷന്‍ സമുദ്ര’, “നോളജ് വാലി’, “ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’, “ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ സിറ്റി’ തുടങ്ങിയ അന്താരാഷ്ട്ര നിലവാരമുള്ളതും ആകര്‍ഷകവുമായ നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ഇത്തരം വന്‍കിട പദ്ധതികള്‍ക്കാവശ്യമായ വലിയ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ വ്യക്തത കുറവാണ്.ദേശീയ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും, ശമ്പള പരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാനത്തിന്റെ കടബാധ്യത വീണ്ടും കൂട്ടുമെന്ന് ബജറ്റ് പ്രസംഗത്തില്‍ തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ ഈ ചെലവുകള്‍ നിയന്ത്രിക്കാനുള്ള കൃത്യമായ ധനാസൂത്രണത്തെ കുറിച്ച് ബജറ്റില്‍ വ്യക്തതയില്ല. റബ്ബറിന്റെ തറവില 250 ആയി ഉയര്‍ത്തിയെങ്കിലും, നെല്‍ കര്‍ഷകര്‍ നേരിടുന്ന സംഭരണ പ്രതിസന്ധി, വന്യജീവി ആക്രമണങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും മറ്റ് കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരങ്ങൾ എന്നിവ ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല.മുന്‍ സര്‍ക്കാറിന്റെ വികസന തുറുപ്പുചീട്ടായ കിഫ്ബിയുടെ ഘടന പൊളിച്ചെഴുതാന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വേഗത കുറയുമോ എന്ന ആശങ്കക്ക് പരിഹാരം നിര്‍ദേശിച്ചിട്ടില്ല. ഒപ്പം സ്വകാര്യ നിക്ഷേപത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ സമുദ്ര മിഷനും ഭൂപരിഷ്‌കരണ ഭേദഗതിയും സൃഷ്ടിക്കുന്ന സ്വകാര്യവത്കരണ ആശങ്കയെ കുറിച്ച് മൗനം പാലിക്കുകയാണ്.ബജറ്റിലെ ഏറ്റവും വലിയ ആശങ്ക റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരമാണ്. റവന്യൂ വരുമാനം 1,69,646 കോടിയും റവന്യൂ ചെലവ് 2,05,001 കോടിയുമായി കണക്കാക്കുമ്പോള്‍, റവന്യൂ കമ്മി മാത്രം 35,355 കോടിയോളം വരും. അനുദിനം വര്‍ധിച്ചുവരുന്ന ഈ കടബാധ്യതയും കമ്മിയും എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് കൃത്യത ബജറ്റ് നിര്‍ദേശിക്കുന്നില്ല. പണം കണ്ടെത്താനുള്ള യഥാർഥ സ്രോതസ്സ് വെളിപ്പെടുത്താതെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ബജറ്റുകളുടെ പൊതുവായ പോരായ്മയായി മാറുന്ന പതിവ് കാഴ്ച ഈ ബജറ്റും ആവര്‍ത്തിക്കുന്നുണ്ട്. Content Highlights:Chief Minister and Finance Minister V D Satheesan presented his maiden Kerala budget emphasizing private investments and the ambitious Mission Samudra project. The budget estimates a significant revenue deficit of 35355 crore rupees while introducing various infrastructure development corridors. Despite introducing welfare projects like enhanced rubber floor prices, concerns remain high regarding resource mobilization.