മെഡിക്കല്‍ കോളജിലെ ചില അധ്യാപകര്‍ വിദ്യാര്‍ഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നു: ഹൈക്കോടതി

Wait 5 sec.

കൊച്ചി | മെഡിക്കല്‍ കോളജിലെ ചില അധ്യാപകര്‍ വിദ്യാര്‍ഥികളെ കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ഹൈക്കോടതി. ഇത്തരം പീഡനങ്ങള്‍ നേരിടുന്ന കുട്ടികളില്‍ പലര്‍ക്കും ഇത് തുറന്ന് പറയാന്‍ അവസരമില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശീയ ആരോഗ്യ മിഷന്‍- കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുവാന്‍ തയ്യാറാകണമെന്ന് കോടതി നിരീക്ഷിച്ചു. പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പ്രഥമദൃഷ്ട്യാ ഡോ. എന്‍ കെ റാമിന്റെ വാക്കുകള്‍ കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മാനസിക പീഡനത്തിന് ഇരയാകുന്നു എന്നതില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മെഡിക്കല്‍ കമ്മീഷനും സര്‍ക്കാരും ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പി ജി ഡോക്ടര്‍മാര്‍ രാപകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ട് .അവര്‍ക്ക് ഭക്ഷണവും ഉറക്കവും പോലും പല സമയങ്ങളിലും നിഷേധിക്കപ്പെടുന്നു. ചിലര്‍ ആത്മഹത്യ ചെയ്യുന്നു.ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. പ്രതി റാം ഇപ്പോഴും ഒളിവിലാണ്. കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് മനഃപൂര്‍വം നല്‍കാത്ത സാഹചര്യമുണ്ട്. ഇതില്‍ ഭയം തോന്നി പഠനം ഉപേക്ഷിക്കുന്നത് സാധാരണ സംഭവമായി മാറുന്നുണ്ട്. ഡോ. റാമിനെതിരെ പ്രാഥമികമായ തെളിവുകള്‍ ഉണ്ട്. ക്രൂരമായ രീതിയില്‍ നിതിന്‍ രാജിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് സഹപാഠികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപകനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസില്‍ മാധ്യമ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ എതിര്‍ക്കാന്‍ മാധ്യമങ്ങള്‍ എപ്പോഴും ശ്രമിക്കുന്നു. എന്നുവെച്ച് ഒരു ജഡ്ജിയും മാധ്യമങ്ങളാല്‍ സ്വാധീനിക്കപ്പെടാറില്ല. മാധ്യമങ്ങളുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നത് പൊതുജന താല്‍പര്യത്തിനെതിരാണെന്നും കോടതി പറഞ്ഞു. Content Highlights:The Kerala High Court observed that medical college teachers subject students to severe mental harassment, leading to tragic suicides. Commenting on the suicide of BDS student Nitin Raj, the court urged the National Health Mission and Medical Commission to intervene and form an inspection panel.