ബജറ്റ് പുതുയുഗ കേരളത്തിലേക്കുള്ള ചുവടുവയ്പ്പ് : മുഖ്യമന്ത്രി

Wait 5 sec.

* നികുതി വർധനയില്ലാതെ അതിജീവനവും വികസനവും ഉറപ്പാക്കാൻ പദ്ധതികൾ       സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും ഒരു രൂപയുടെ പോലും നികുതി വർധന വരുത്താത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുക എന്നിവയിലൂടെ ‘പുതുയുഗ കേരളം’ യാഥാർഥ്യമാക്കുന്നതിനുള്ള വികസന കാഴ്ചപ്പാടാണ് ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ബജറ്റ് അവതരിപ്പിച്ച ശേഷം നിയസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ദൈനംദിന ചെലവുകൾക്കായാണ് ഉപയോഗിക്കുന്നത്. ഇതോടെ വികസന പ്രവർത്തനങ്ങൾക്കായി വെറും 23 ശതമാനം മാത്രമാണ് ശേഷിക്കുന്നത്. കിഫ്ബി വഴി 9.72 ശതമാനം ഉയർന്ന പലിശയ്ക്ക് പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ബജറ്റിൽ പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും കേരളത്തിൽ തന്നെ ഒരുക്കും. ഇതിന്റെ ഭാഗമായി ‘നോളജ് വാലി’ ഉൾപ്പെടെയുള്ള പദ്ധതികൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കും. അതോടൊപ്പം, മുതിർന്ന പൗരന്മാരെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ അവരെ സമ്പദ് വ്യവസ്ഥയുടെ സജീവ ഭാഗമാക്കുന്നതിനായി രാജ്യത്താദ്യമായി കേരളത്തിൽ ‘സിൽവർ ഇക്കോണമി’ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിലുള്ള കെയർ ഗിവർ കോഴ്സുകളും ആരംഭിക്കും.അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ വളർച്ചയ്ക്കും ബജറ്റിൽ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പിലാക്കും. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ഏവിയേഷൻ ഹബ്ബായി കേരളത്തെ വികസിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് ‘സതേൺ കേരള ഇക്കണോമിക് കോറിഡോർ’ സ്ഥാപിക്കും. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഇൻവെസ്റ്റ് കേരള സെൽ’ രൂപീകരിക്കുകയും ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കണ്ടെത്തുന്നതിനായി ലാൻഡ് ബാങ്ക് സ്ഥാപിക്കുകയും ചെയ്യും. ഐ.എസ്.ആർ.ഒയുടെ സാന്നിധ്യം പ്രയോജനപ്പെടുത്തി സ്വകാര്യ നിക്ഷേപത്തോടെ തിരുവനന്തപുരത്ത് ‘സ്‌പേസ് ഇക്കോണമി’ വികസിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നു. കേരളത്തിൽ നിർമ്മിക്കുന്ന മികച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കുന്നതിന് ‘ബ്രാൻഡ് കേരള’ സർട്ടിഫിക്കേഷനും ഏർപ്പെടുത്തും.കാർഷിക, ഗ്രാമീണ മേഖലകൾക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുകയും സംസ്ഥാനത്തെ പ്രതിദിന പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് 28.5 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകൾക്കായി പ്രത്യേക വികസന പാക്കേജും നടപ്പിലാക്കും. വയനാട്ടിൽ ഗോത്രവർഗ സമൂഹത്തിന്റെ തനത് അറിവുകളും ആധുനിക വിജ്ഞാനവും സംയോജിപ്പിക്കുന്ന ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ടൂറിസത്തെയും സിനിമയെയും വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ഈ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അന്താരാഷ്ട്ര ഫിലിം സിറ്റിയായ ‘ജെ.സി. ഡാനിയേൽ ചിത്രനഗരം’ സ്ഥാപിക്കും. എം.ടി. വാസുദേവൻ നായരുടെ പേരിൽ സാംസ്‌കാരിക പാർക്കും യാഥാർഥ്യമാക്കും.പാവപ്പെട്ടവരുടെ ചികിത്സാ, വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സി.എസ്.ആർ ഫണ്ട് ഉൾപ്പെടെയുള്ളവ ഉപയോഗപ്പെടുത്തി ‘വൺ കേരള കരുതൽ മിഷൻ’ നടപ്പിലാക്കും. പ്രവാസികളുടെ സമ്പാദ്യത്തെ നിക്ഷേപമാക്കി മാറ്റി സംസ്ഥാന വികസനത്തിന്റെ പങ്കാളികളാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും വീടുകൾ നൽകുന്ന കാര്യത്തിനും ബജറ്റിൽ പ്രത്യേക പദ്ധതികളുണ്ട്. ദുരന്തനിവാരണ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കും.ബജറ്റിലെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും സാമ്പത്തിക ചോർച്ച തടയുന്നതിനുമായി കർശനമായ പെർഫോമൻസ് ഓഡിറ്റിംഗും ‘പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ’ സംവിധാനവും നടപ്പിലാക്കും. ഇതിലൂടെ ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.