തിരുവനന്തപുരം | സംസ്ഥാന ബജറ്റിൽ ഗതാഗത മേഖലയെ സഹായിക്കുന്നതിനായി നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത്. പൊതുഗതാഗതത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഇതിൽ പ്രധാനം.കേരളത്തിലേക്ക് കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ എത്തിക്കുന്നതിനും അന്തർസംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിനും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറച്ചു. സീറ്റ് ഒന്നിന് നിലവിലുണ്ടായിരുന്ന 2000 രൂപ എന്ന നിരക്ക് 900 രൂപയായും, സ്ലീപ്പർ ഒന്നിന് 3000 രൂപ എന്ന നിരക്ക് 1500 രൂപയായും കുറച്ചു. ട്രെയിലർ വാഹനങ്ങളുടെ രജിസ്ട്രേഷൻ വർദ്ധിപ്പിക്കുന്നതിനായി ത്രൈമാസ നികുതി സ്ലാബുകൾ ഏകീകരിച്ചു. 20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രെയിലറുകളുടെ അധിക നികുതി ഒഴിവാക്കി, 15 ടണ്ണിന് മുകളിൽ ഭാരമുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് പരിഷ്കരിച്ചു.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടനയിലും മാറ്റം വരുത്തി. 10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 ശതമാനത്തിൽ നിന്ന് 3 ശതമാനമായും, 15 ലക്ഷം മുതൽ 20 ലക്ഷം വരെ വിലയുള്ളവയുടെ നികുതി 8 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചു. എന്നാൽ 40 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു. മറ്റു നികുതി നിരക്കുകളിൽ മാറ്റമില്ല. ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ വില പരിധി 7 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപയാക്കി ഉയർത്തി. ഈ ചെല്ലാൻ ആംനസ്റ്റി പദ്ധതി വഴി 50 ശതമാനം പിഴയടച്ച് ചെല്ലാനുകൾ തീർപ്പാക്കാനും അവസരമുണ്ട്.രജിസ്ട്രേഷൻ വകുപ്പിൽ 1987 മുതൽ 2023 വരെയുള്ള 703 കോടി രൂപയുടെ മുദ്രവില അണ്ടർവാലുവേഷൻ കേസുകൾ തീർപ്പാക്കാൻ വൺ ടൈം സെറ്റിൽമെന്റ് സ്കീം നടപ്പിലാക്കും. 2010 മാർച്ച് 31 വരെയുള്ള കേസുകളിൽ 10,000 രൂപയിൽ താഴെയുള്ള ബാധ്യതകൾ എഴുതിത്തള്ളും. കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്റററി അതോറിറ്റി രജിസ്റ്റർ ചെയ്ത വില്ലകൾക്ക് ഫ്ലാറ്റുകൾക്ക് സമാനമായ മുദ്രവില ആനുകൂല്യം ലഭിക്കും. അപ്പീൽ നടപടികൾ പൂർത്തിയായി 60 ദിവസത്തിനകം മുദ്രവില അടയ്ക്കാത്തപക്ഷം പ്രതിമാസം ഒരു ശതമാനം പലിശ ഈടാക്കും.വികസനം എന്നത് പശ്ചാത്തല സൗകര്യങ്ങൾക്കപ്പുറം ജനങ്ങളോടുള്ള കരുതലും സാമൂഹ്യനീതിയും അധിഷ്ഠിതമായ ഭരണമാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. Content Highlights:The Kerala budget slashed quarterly taxes by 50 percent for private stage carriage buses to support public transport. Tax rates for All India tourist permit vehicles and electric vehicles under 20 lakh rupees were also heavily reduced. A one-time settlement scheme was introduced to clear long-pending stamp duty undervaluation cases.