തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ ഊന്നൽ. പൊതുവിദ്യാഭ്യാസ മേഖലയ്ക്കായി ആകെ 1477.57 കോടി രൂപ വകയിരുത്തി. ഇതിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതിനായി 1032.28 കോടി രൂപ നീക്കിവെച്ചു. കായിക വിനോദങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം അനിവാര്യമാക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഗേൾ ഫ്രണ്ട്ലി ക്യാമ്പസുകൾ ഒരുക്കും. ഇതിനായി ആർത്തവ ശുചിത്വ സംരംഭം നടപ്പിലാക്കും. എല്ലാ പെൺകുട്ടികൾക്കും സാനിറ്ററി നാപ്കിനുകളുടെ ലഭ്യത ഉറപ്പാക്കുകയും അവ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. സ്കൂൾ ടോയ്ലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നതടക്കമുള്ള നടപടികൾ ഇതിന്റെ ഭാഗമാണ്.വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുന്നതിനായി ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിക്കും. ഇതിനായി 25 കോടി രൂപ വകയിരുത്തി. ജവഹർലാൽ നെഹ്റു സയന്റിഫിക് സിറ്റി സ്ഥാപിക്കാൻ 10 കോടി രൂപയും നീക്കിവെച്ചു. സാങ്കേതിക വിദ്യാഭ്യാസത്തിനായി ആകെ 232.1 കോടി രൂപ ബജറ്റിൽ വകയിരുത്തി.ഉന്നത വിദ്യാഭ്യാസ രംഗത്ത് തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നതിനും ഗവേഷണത്തിന് പ്രാധാന്യം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. ഫ്യൂച്ചർ റെഡിനസ് തിങ്ക് ടാങ്ക് രൂപീകരിക്കും. സെമസ്റ്റർ ഇൻ കേരള പദ്ധതി പുനരാരംഭിക്കും. സർവ്വകലാശാലകൾക്കിടയിൽ ക്രെഡിറ്റ് ട്രാൻസ്ഫർ നടപ്പിലാക്കും. ക്യാമ്പസുകളിൽ റാഗിങ് തടയാനായി സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പും സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ടും നടപ്പിലാക്കും. ബിരുദധാരികൾക്ക് ജോലി ലഭിക്കാൻ സഹായിക്കുന്ന ബ്രിഡ്ജ് കോഴ്സുകൾ തുടങ്ങും. അക്കാദമിക് വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ കൗൺസിൽ രൂപീകരിക്കാനും കോളേജുകളിൽ ഓംബുട്സ്മാൻ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.Content Highlights:Kerala Budget 2026 allocates Rs 1477.57 crore to public education. Key highlights include girl-friendly campuses, menstrual hygiene projects, scientific temper centers, higher education reforms, anti-ragging measures, sports initiatives like Vision 36, and health sector funding.