എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്; പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ

Wait 5 sec.

തിരുവനന്തപുരം | സംസ്ഥാന ബജറ്റിൽ വിവിധ മേഖലകൾക്കായി നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. അപ്രതീക്ഷിതമായ ചികിത്സാ ചെലവുകൾ മൂലം കുടുംബങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. ഇത് ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമാണ്. പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി.കേരളത്തിന്റെ തനതായ പാചകകലയും രുചികളും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നതിനും ബേക്കറി, ഹോട്ടൽ മാനേജ്മെന്റ്, ഭക്ഷ്യ സുരക്ഷ എന്നിവയിൽ പരിശീലനം നൽകുന്നതിനുമായി പാചകകല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിനായി പ്രാരംഭമായി രണ്ടു കോടി രൂപ നീക്കിവെച്ചു. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ സ്ഥാപിക്കും. കാലാവസ്ഥാ മോഡലിംഗ്, ജിയോ സ്പെഷ്യൽ ഇന്റലിജൻസ്, റിസ്ക് അനലിറ്റിക്സ് എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതിക്കായി 15 കോടി രൂപ വകയിരുത്തി.പി പി പി മോഡലിൽ കേരള സ്കൂൾ ഓഫ് പ്ലാനിംഗ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ സ്ഥാപിക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും ഗവേഷണത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. സർക്കാർ വകുപ്പുകളിലെ എൻജിനീയർമാർക്കും ആർക്കിടെക്റ്റുകൾക്കും റീഓറിയന്റേഷൻ കോഴ്സുകളും ഇവിടെ ആരംഭിക്കും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.പ്രവാസികളുടെ നിക്ഷേപം കേരള വികസനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കിലും ഭാവിയിൽ പണമയക്കലിന് അപ്പുറം പ്രവാസികളെ നിക്ഷേപകരായും സംരംഭകരായും മാറ്റാൻ പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും. കൊച്ചി, ആലുവ, പെരുമ്പാവൂർ ബെൽറ്റിനെ ഫർണിച്ചർ നിർമ്മാണ കേന്ദ്രമാക്കാൻ ഗ്ലോബൽ ഫർണിച്ചർ ഹബ് സ്ഥാപിക്കും. കൊച്ചി, തൃശ്ശൂർ ബെൽറ്റിൽ സ്വർണാഭരണ നിർമ്മാണ ഇടനാഴി സ്ഥാപിക്കുന്നതിനായി ഗ്ലോബൽ ഗോൾഡ് ഹബ് പദ്ധതിക്കും പണം വകയിരുത്തിയിട്ടുണ്ട്.Content Highlights:The Kerala budget announced the Oommen Chandy Health Insurance Scheme offering Rs 25 lakh free coverage per family. A Kerala Disaster Resilience Center and an Institute of Culinary Arts will be established. The budget also funds a Pravasi Investment Trust Fund and global hubs for furniture and gold.