പാലക്കാട് | കാലവര്‍ഷം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ താഴെയെന്ന് കണക്കുകള്‍. ഇതുവരെ സംസ്ഥാനത്ത് 283.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ടത് 303.4 മില്ലിമീറ്ററായിരുന്നു. ഇതോടെ സംസ്ഥാനതലത്തില്‍ ഏഴ് ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.ആകെ മഴസ്ഥിതി ഇപ്പോഴും സാധാരണനിലയില്‍ തുടരുന്നുണ്ടെങ്കിലും മലയോര ജില്ലകളിലെ ഗണ്യമായ കുറവ് കാലാവസ്ഥാ നിരീക്ഷകരെയും കാര്‍ഷിക മേഖലയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് കൂടുതല്‍ അനുഭവപ്പെട്ടത്. വയനാട്ടില്‍ 163 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ട അളവിനേക്കാള്‍ 38 ശതമാനം കുറവാണ്. ഇടുക്കിയില്‍ 222.6 മില്ലിമീറ്റര്‍ മഴ ലഭിച്ച് 30 ശതമാനം കുറവ് രേഖപ്പെടുത്തി. അതേസമയം സംസ്ഥാനത്തിന്റെ തെക്കന്‍-മധ്യ മേഖലകളിലെ ചില ജില്ലകളില്‍ മഴ സാധാരണയേക്കാള്‍ കൂടുതലായി ലഭിച്ചു. തിരുവനന്തപുരത്ത് 41 ശതമാനവും മലപ്പുറത്ത് 22 ശതമാനവും അധികമഴ രേഖപ്പെടുത്തി. വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ജില്ലയാണ് മഴ ലഭ്യതയില്‍ മുന്നിലെത്തിയത്. 445.2 മില്ലിമീറ്റര്‍ മഴ ലഭിച്ച കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലയായി മാറി.എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് തുടങ്ങി ഭൂരിഭാഗം ജില്ലകളിലും മഴയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും അവയെല്ലാം സാധാരണ വിഭാഗത്തിനുള്ളിലാണ്. മഴയുടെ ലഭ്യതയില്‍ ജില്ലകള്‍ക്കിടയില്‍ വ്യക്തമായ വ്യത്യാസം പ്രകടമായതും ഇത്തവണത്തെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു. ഈമാസം ആദ്യവാരത്തില്‍ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറഞ്ഞതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മേഘസാന്നിധ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലേക്ക് വ്യാപകമായി മഴ എത്തിക്കാന്‍ ആവശ്യമായ അന്തരീക്ഷ സംവിധാനങ്ങള്‍ നിലവില്‍ ശക്തമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.ഇതിനിടെ പസഫിക് സമുദ്രത്തില്‍ രൂപംകൊള്ളുന്ന എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. എല്‍നിനോ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് ഈര്‍പ്പം എത്തിക്കുന്ന പടിഞ്ഞാറന്‍ കാറ്റുകളുടെ ശക്തി കുറയാനും മഴമേഘങ്ങളുടെ രൂപവത്കരണം ദുര്‍ബലമാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനം വരും ആഴ്ചകളിലെ കാലവര്‍ഷ പുരോഗതിയില്‍ പ്രതിഫലിക്കുമോയെന്നതും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ പ്രവചനമനുസരിച്ച് അടുത്ത ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴക്ക് സാധ്യത കുറവാണ്. പല പ്രദേശങ്ങളിലും ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴ മാത്രമേ ലഭിക്കാനിടയുള്ളൂ. മഴയുടെ കുറവ് തുടരുകയാണെങ്കില്‍ മലയോര മേഖലകളിലെ ജലലഭ്യത, കുടിവെള്ള സംഭരണികള്‍, കാര്‍ഷിക മേഖലയുടെ പുരോഗതി എന്നിവയെ ബാധിക്കാനുള്ള സാധ്യതയും ഉയര്‍ന്നേക്കും. കാലവര്‍ഷത്തിന്റെ അടുത്തഘട്ടം എങ്ങനെയായിരിക്കുമെന്നതും മഴക്കുറവ് നികത്തുന്ന തരത്തില്‍ ശക്തമായ മഴ ലഭിക്കുമോയെന്നതുമാണ് കാര്‍ഷിക, ജലവിഭവ മേഖലകള്‍ ഉറ്റുനോക്കുന്നത്. വയനാട്, ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളിലെ സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണായകമായി വിലയിരുത്തപ്പെടും.