കിങ്ങിണിക്കുട്ടന് മരണമില്ല; ശതാഭിഷേകം നാടകത്തിലെ കഥാപാത്രം ജനിച്ചിട്ട് 31 വർഷങ്ങൾ

Wait 5 sec.

വിവാദങ്ങളിൽ പുകയുകയാണ് കിങ്ങിണിക്കുട്ടനെന്ന നാമം. ഒരു പേര് ഇത്ര വലിയ പൊല്ലാപ്പ് ഉണ്ടാക്കി വയ്ക്കുമെന്ന് ആരെങ്കിലും കരുതിയോ. ആ പേര് ഉച്ചരിച്ചാൽ ഉടൻ നടപടിയെന്ന തമ്പ്രാൻ കാലഘട്ടത്തിലേക്ക് കിങ്ങിണിക്കുട്ടൻ നമ്മളെ കൊണ്ടുവന്ന് നിർത്തുകയാണ്. ഇപ്പോഴിതാ ശതാഭിഷേകം എന്ന നാടകത്തിലെ കിങ്ങിണിക്കുട്ടൻ എന്ന കഥാപാത്രം ജനിച്ചിട്ട് 31 വർഷമാവുന്നു. ഇത് പരാമർശിച്ച രാജേഷ് സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു.ടെലിവിഷൻ ചാനലുകൾക്കും സോഷ്യൽ മീഡിയക്കുമൊക്കെ മുൻപ് റേഡിയോയുടെ നല്ലകാലത്ത്, 1995ലെ അഖില കേരള റേഡിയോ നാടകോൽസവത്തിലാണ് മലയാളികൾ ആദ്യമായി ‘കിങ്ങിണിക്കുട്ടൻ’ എന്ന പേര് കേൾക്കുന്നത്. തിരുവനന്തപുരം നിലയം അവതരിപ്പിച്ച ‘ശതാഭിഷേകം’ ആയിരുന്നു നാടകമെന്നും ഫേസ് ബുക്ക് കുറിപ്പിൽ രാജേഷ് സിന്ധു പറയുന്നു.ഫേസ്ബുക്ക് പോസ്റ്റ്:രചന: എസ്. രമേശൻ നായർ. കെ.എസ്. റാണാപ്രതാപൻ സംവിധാനം ചെയ്ത നാടകത്തിൽ കിങ്ങിണിക്കുട്ടന് ശബ്ദം നൽകിയത് ചലച്ചിത്ര നടൻ ജഗന്നാഥനായിരുന്നുവെന്ന് തോന്നുന്നു. നെടുമുടി വേണുവായിരുന്നു കാരണവർ. ഈ ആക്ഷേപഹാസ്യ സംഗീത നാടകത്തിലെ പാട്ടുകൾക്കും മറ്റും എം.ജി. രാധാകൃഷ്ണനാണ് സംഗീതം പകർന്നത്.also read; പാ‌ർട്ടി യോ​ഗത്തിലെ തീരുമാനമെന്ന പേരിൽ വ്യാജ വാർത്തകൾ; നിയമ നടപടി സ്വീകരിക്കാൻ എംവി ​ഗോവിന്ദൻ മാസ്റ്റർതറവാട്ടിലെ കസേര ഒഴിഞ്ഞുകൊടുക്കാൻ മടിക്കുന്ന കിട്ടുമ്മാനെന്ന കാരണവരായിരുന്നു മുഖ്യ കഥാപാത്രം. അദ്ദേഹത്തിന്റെ മാനസ്സിക വളർച്ചയില്ലാത്ത മകനായിരുന്നു കിങ്ങിണിക്കുട്ടൻ. കാരണവരുടെ ശതാഭിഷേകം ആഘോഷിക്കാൻ മക്കളും മരുമക്കളുമൊക്കെ തയ്യാറെടുക്കുന്നതാണ് പ്രമേയപരിസരം. കെ.കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ തിരുത്തൽവാദികൾ ബഹളം വയ്ക്കുന്ന കാലമായിരുന്നു അത്. മകൻ മുരളീധരനെ പാർട്ടിയിൽ പ്രതിഷ്ഠിക്കാൻ കരുണാകരൻ ഏതറ്റം വരെയും പോയിരുന്നതും വാർത്തകളായി. അതുകൊണ്ടുതന്നെ ശതാഭിഷേകത്തിലെ കാരണവരേയും മാനസ്സിക വളർച്ചയില്ലാത്ത മകനേയും കേരള രാഷ്ട്രീയത്തിലെ അതികായനോടും അദ്ദേഹത്തിന്റെ മകനോടും ചിലര്‍ ചേർത്തുവച്ചു.റേഡിയോ നാടകമാണ്. പ്രധാന പ്രക്ഷേപണവും ഒറ്റ പുനഃപ്രക്ഷേപണവുമല്ലാതെ വേറേ പ്രക്ഷേപണമൊന്നും നാടകത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ രണ്ടുതവണയായി അത് കേട്ടവർക്കല്ലാതെ മറ്റാർക്കും അതാസ്വദിക്കാൻ അവസരവും ലഭിച്ചില്ല. പക്ഷേ, മുഖ്യമന്ത്രിയേയും മകനേയും ആക്ഷേപിക്കുന്നതാണ് നാടകമെന്നു പത്രവാർത്തകൾ വന്നു. പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസുകാർ ആകാശവാണിയുടെ ഗേറ്റ് പൊളിച്ച് അകത്തുകടക്കാൻ വരെ ശ്രമിച്ചു. അതൊക്കെ പത്രങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞു.ഈ അവസരം മുതലെടുത്തത് ഡി.സി ബുക്സാണ്.നാടകത്തെച്ചൊല്ലി വിവാദം മുറുകിയതോടെ രായ്ക്കുരാമാനം അവർ ‘ശതാഭിഷേകം’ പുസ്തകരൂപത്തിൽ പുറത്തിറക്കി. വളരെ കുറച്ചുപേജുകൾ മാത്രമുള്ള ചെറിയ പുസ്തകം. 16 രൂപയോ മറ്റോ ആയിരുന്നു വില. ബസ് സ്റ്റാൻഡിലും മറ്റും ആളുകൾ പുസ്തകം കൊണ്ടുനടന്നു വിറ്റു. അതായിരുന്നു ഈ നാടകത്തിന്റെ വിപണനമൂല്യം. ആദ്യമായിട്ടാണ് ഒരു റേഡിയോ നാടകം പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്. ഒരു പരിപാടിക്ക് വന്നു മടങ്ങവേ, തിരുവനന്തപുരത്ത് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആ പുസ്തകം വാങ്ങിയത് ഇന്നും എൻറെ ഓർമയിലുണ്ട്. ആദ്യമടിച്ച 5000 കോപ്പി ഒറ്റദിവസംകൊണ്ടു വിറ്റുതീർന്നു. അപ്പോഴേക്കും ഡി.സി. അടുത്ത 5000 കോപ്പി അച്ചടിച്ച് വിപണിയിലെത്തിച്ചു. രണ്ടുദിവസം കൂടുമ്പോൾ പുസ്തകത്തിന്റെ പുതിയ പതിപ്പ് ഡിസിക്ക് ഇറക്കേണ്ടിവന്നു. ഒരാഴ്ചക്കുള്ളിൽ 25,000ൽപരം കോപ്പികൾ വിറ്റഴിച്ച് അന്നത്തെ ബെസ്റ്റ് സെല്ലറായി മാറി ‘ശതാഭിഷേകം. അന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ.ശേഷൻ പുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്യുമെന്നൊക്കെ വാർത്ത വന്നെങ്കിലും അതുണ്ടായില്ല.ആകാശവാണി തിരുവനന്തപുരം നിയലത്തിലെ പ്രോഗ്രാം വിഭാഗം മേധാവിയായിരുന്ന കവി രമേശൻ നായർ ഒരൊറ്റ രാത്രികൊണ്ടാണ് ഈ നാടകം എഴുതിത്തീർത്തതെന്നാണ് കേട്ടിട്ടുള്ളത്. കരുണാകരന്‍ പ്രതികരിക്കാതെ വന്നതോടെ വിവാദങ്ങള്‍ അവസാനിച്ചെങ്കിലും രമേശൻ നായരെ ആൻഡമാനിലേക്കുള്ള മാറ്റിയാണ് കോൺഗ്രസ് അന്ന് പകരം വീട്ടിയത്. ജന്മനാടായ നാഞ്ചിനാട്ടിലെ ഒരു കാരണവരേയും കുടുംബത്തേയുമാണ് താൻ നാടകത്തിൽ അവതരിപ്പിച്ചതെന്നും അതിനെ ചിലർ കരുണാകരനും മകനുമായി താരതമ്യപ്പെടുത്തുകയാണുണ്ടായതെന്നും രമേശൻ നായർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.12 വർഷം കൂടി സേവന കാലാവധി അവസാനിക്കെ രമേശൻ നായർ ജോലി രാജിവച്ചു. ശതാഭിഷേകത്തിന്റെ റോയൽറ്റികൊണ്ടുമാത്രം രമേശൻനായർ ഒരു കാറു വാങ്ങിയെന്നാണ് എഴുത്തുകാരനായ കിളിരൂർ രാധാകൃഷ്ണൻ പറഞ്ഞിട്ടുള്ളത്.2021ൽ കോവിഡ് ബാധയെത്തുടർന്ന് രമേശൻ നായർ നിര്യാതനായി. കഥയെന്തായാലും കിങ്ങിണിക്കുട്ടൻ എന്ന കഥാപാത്രം ചിരഞ്ജീവിയായി. ആ കഥാപാത്രം ജനിച്ചിട്ട് 31 വർഷമായി. ആ നാടകം കേൾക്കുകയോ വായിക്കുകയോ ചെയ്യാത്തവർക്കുപോലും ഇപ്പോഴും കിങ്ങിണിക്കുട്ടനെ അറിയാം. നാടകത്തേയും മറ്റു കഥാപാത്രങ്ങളേയും അതിൻറെ സൃഷ്ടാവിനേയുമൊന്നും അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്തവർക്കുപോലും ഇന്നും കിങ്ങിണിക്കുട്ടനെന്ന പേരറിയാം… അതെ കിങ്ങിണിക്കുട്ടന് മരണമില്ല!The post കിങ്ങിണിക്കുട്ടന് മരണമില്ല; ശതാഭിഷേകം നാടകത്തിലെ കഥാപാത്രം ജനിച്ചിട്ട് 31 വർഷങ്ങൾ appeared first on Kairali News | Kairali News Live.