ടിഎംസിയില്‍ വീണ്ടും നാടകീയത; വിമതര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയില്‍ ചേരും

Wait 5 sec.

ന്യൂഡല്‍ഹി |  തൃണമൂല്‍ കോണ്‍ഗ്രസിലെ 20 പേരടങ്ങുന്ന വിമത ലോക്സഭാ എം പിമാരുടെ വിഭാഗം, ത്രിപുരയില്‍ നിന്നുള്ള അധികം അറിയപ്പെടാത്തതും ബംഗാളി ആഭിമുഖ്യമുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടിയായ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ചേരും.ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി കത്ത് സമര്‍പ്പിച്ച ശേഷം വിമത വിഭാഗത്തെ നയിക്കുന്ന കാകോലി ഘോഷ് ദസ്തിദാര്‍ ഇന്ന് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ തങ്ങള്‍ ഇനി പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ഈ നീക്കം ലോക്സഭയില്‍ 28 എം പിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി രൂക്ഷമാക്കും. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയിലെ പ്രതിപക്ഷത്തിന്റെ അംഗബലം വന്‍തോതില്‍ കുറയ്ക്കാനും ഇത് കാരണമാകും.ഒരു പ്രത്യേക ബ്ലോക്ക് രൂപീകരിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാനാണ് മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.ഇന്ന് രാവിലെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാഗരിക ഘോഷും കീര്‍ത്തി ആസാദും സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് പാര്‍ട്ടിയുടെ രണ്ടാമനും പാര്‍ലമെന്ററി പാര്‍ട്ടി ചീഫുമായ അഭിഷേക് ബാനര്‍ജിയുടെ കത്ത് കൈമാറിയിരുന്നു. ലെജിസ്ലേറ്റീവ് പാര്‍ട്ടിയേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാണ് എപ്പോഴും പരമാധികാരമെന്നും അതിനാല്‍ വിമത വിഭാഗത്തെ അംഗീകരിക്കരുതെന്നും കത്തില്‍ അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.