സിറ്റിംഗ് എം എൽ എമാരുടെ പരാജയം: ആലപ്പുഴ സി പി എമ്മിൽ പരസ്യപ്പോര്

Wait 5 sec.

ആലപ്പുഴ | പാർട്ടിയുടെ കൈവശമുണ്ടായിരുന്ന ആറ് മണ്ഡലങ്ങളിൽ നാല് സിറ്റിംഗ് എം എൽ എമാർ പരാജയപ്പെട്ടത് സി പി എമ്മിലെ ആഭ്യന്തര ചർച്ചകൾ പുതിയ തലത്തിലേക്ക് നീങ്ങുന്നു. അരൂർ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലെ സിറ്റിംഗ് എം എൽ എമാർക്ക് ജനപ്രീതി കുറഞ്ഞിരുന്നതായാണ് പാർട്ടി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിൽ അമ്പലപ്പുഴയിലെ എച്ച് സലാം ജില്ലാ സെക്രട്ടേറിയറ്റംഗവും മറ്റു രണ്ട് പേർ വനിതകളുമാണ്. അതിൽ തന്നെ യു പ്രതിഭ തുടർച്ചയായി രണ്ട് തവണ വിജയിച്ചതാണ്.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആലപ്പുഴ സി പി എമ്മിൽ ആരംഭിച്ച പരസ്യ വിമർശങ്ങളും ചേരിതിരിവും ശക്തമാകുന്നുവെന്ന് തെളിയിക്കുന്നതാണ് പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസറിന്റെ പ്രസ്താവനയും നാസറിനെതിരെ പ്രാദേശിക നേതൃത്വങ്ങൾ രംഗത്ത് വന്നതും. കായംകുളത്ത് പത്ത് വർഷമായി എം എൽ എയായിരുന്ന യു പ്രതിഭയെ സ്വന്തം നാടായ തകഴിയിലേക്ക് മടങ്ങാൻ നിർദേശിച്ച ജില്ലാ സെക്രട്ടറി, തോറ്റ സിറ്റിംഗ് എം എൽ എമാർക്കെതിരെ രൂക്ഷ വിമർശമാണ് ഉന്നയിച്ചിരിക്കുന്നത്.പാർട്ടി ജയിപ്പിച്ച എം എൽ എമാർക്ക് മണ്ഡലം നിലനിർത്താൻ കഴിയാത്തത് അവരുടെ തന്നെ ഉത്തരവാദിത്വക്കുറവാണെന്ന് ആർ നാസർ പറഞ്ഞു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച ഗൗരവമായി പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണയ സമയത്ത് സിറ്റിംഗ് എം എൽ എമാരുടെ ജനസമ്മതി കൃത്യമായി വിലയിരുത്താതിരുന്നതും തിരിച്ചടിക്ക് കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സിറ്റിംഗ് എം എൽ എമാർ വീണ്ടും മത്സരിക്കട്ടെയെന്ന പാർട്ടിയുടെ പൊതുനിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു പലരെയും മത്സരിപ്പിച്ചത്. എന്നാൽ അത് പല മണ്ഡലങ്ങളിലും തിരിച്ചടിയായി,’ അദ്ദേഹം പറഞ്ഞു.ജനപ്രതിനിധികളായിരിക്കുമ്പോൾ വ്യക്തിപരമായ സ്വാധീനം വർധിപ്പിക്കുന്നതിന് പകരം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനമാണ് വേണ്ടതെന്നും പലയിടങ്ങളിലും അത് നടന്നില്ലെന്നും നാസർ വിമർശിച്ചു. “ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്താൽ മാത്രമേ അടുത്ത തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ സിറ്റിംഗ് എം എൽ എമാർക്ക് സീറ്റ് നിലനിർത്താനായെങ്കിൽ മറ്റ് മണ്ഡലങ്ങളിലും അതിന് സാധിക്കേണ്ടതായിരുന്നുവെന്നും ആർ നാസർ കൂട്ടിച്ചേർത്തു.