തിരുവനന്തപുരം | സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാറും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ എസ് എസ് എൽ സി ഫലപ്രഖ്യാപനം പ്രതിസന്ധിയിൽ. മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നതനുസരിച്ച് ഈമാസം 15നായിരുന്നു ഫലം വരേണ്ടതെങ്കിലും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് പ്രഖ്യാപനത്തെ ബാധിച്ചേക്കും. മൂല്യനിർണയം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പരീക്ഷാബോർഡ് ഇന്ന് യോഗം ചേരുന്നുണ്ട്. പതിവുപോലെ ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തിയാക്കിയെങ്കിലും, ഉത്തരവാദപ്പെട്ട മന്ത്രി ഇല്ലാത്തത് ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്.പരീക്ഷാബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസം കൂടി വേണ്ടിവരും. അതനുസരിച്ചാണ് ഇന്ന് പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. 2021ലെ തിരഞ്ഞെടുപ്പുകാലത്ത് ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ ഷാജഹാനായിരുന്നു. അതുപോലെ, ഇത്തവണയും ഉണ്ടാകുമോയെന്ന് വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ വാസുകി ലോക്ഭവനിലേക്ക് സ്ഥലംമാറി. നിലവിൽ ഷർമിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. ഇതിനുപുറമെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷുമുണ്ട്.നടപടികൾ പൂർത്തിയായാൽ, മുൻകാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച് ഫലപ്രഖ്യാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാവുന്നതേയുള്ളൂ. അത്തരമൊരു കൂടിയാലോചന ഇതുവരെ നടക്കാത്തതിനാലാണ് അവ്യക്തത തുടരുന്നത്. സി ബി എസ് ഇ ഉൾപ്പെടെയുള്ള ബോർഡുകൾ ഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ എസ് എസ് എൽ സി ഫലവും ഉടൻ പുറത്തുവിടണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.