കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിൽ സിപിഐഎം നേതാവ് പി ജയരാജജന് പിന്തുണയുമായി അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ടി എസ് ശ്യാംകുമാർ. ഗ്രന്ഥരചനയുടെയും ഗവേഷണത്തിന്റെയും ഭാഗമായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് വിശ്വാസ ദർശനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റായ സഖാവ് പി ജയരാജൻ ഭക്തിയുടെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് ടി എസ് ശ്യാംകുമാർ ഫേസ്ബുക്കിൽ കുറിച്ചു.കമ്യൂണിസ്റ്റുകൾക്ക് കാവുകളിലും അമ്പലത്തിലും എന്ത് കാര്യം എന്ന മറ്റൊരു ഉപാഖ്യാനവും നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പി. ജയരാജൻ ഉത്തരകേരളത്തിലെ ആരാധനാലയങ്ങളെ കുറിച്ചും കാവുകളെ കുറിച്ചും ആഴത്തിൽ പഠിച്ച് ഗ്രന്ഥരചന നിർവഹിച്ച ഒരാളാണ്. പുസ്തകം എഴുതുക മാത്രമല്ല കണ്ണൂരിൽ പരിവാരികൾ കൈയേറിയ കാവുകൾ ബഹുജനങ്ങൾക്കായി ഏറ്റെടുത്ത്, അതിൽ പൊരുതി വിജയിച്ച ഒരാൾ കൂടിയാണ് പി. ജയരാജനെന്നും ടി എസ് ശ്യാംകുമാറിന്റെ കുറിപ്പിൽ പറയുന്നു.ക്ഷേത്രങ്ങളെ സംഘപരിവാരത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ ബൗദ്ധികമായി മാത്രമല്ല, പ്രായോഗിക വഴികൾ സ്വീകരിച്ച് കാവുകളെ ബഹുസ്വരമായി നിലനിർത്താൻ ഏറെ പോരാടിയ ഒരാൾ കൂടിയാണ് പി.ജയരാജൻ. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളെയും കാവുകളെയും ബ്രാഹ്മണീകരിച്ച് പരിവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പി.ജയരാജനെ അധിക്ഷേപിക്കുന്നതിൽ അൽഭുതപ്പെടാനില്ലെന്നു കുറിപ്പിൽ പറയുന്നു.ശ്യാം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;സഖാവ് പി ജയരാജൻ ഗ്രന്ഥരചനയുടെയും ഗവേഷണത്തിന്റെയും ഭാഗമായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത് വിശ്വാസ ദർശനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റായ സഖാവ് പി ജയരാജൻ ഭക്തിയുടെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. കമ്യൂണിസ്റ്റുകൾക്ക് കാവുകളിലും അമ്പലത്തിലും എന്ത് കാര്യം എന്ന മറ്റൊരു ഉപാഖ്യാനവും നിർമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പി. ജയരാജൻ ഉത്തരകേരളത്തിലെ ആരാധനാലയങ്ങളെ കുറിച്ചും കാവുകളെ കുറിച്ചും ആഴത്തിൽ പഠിച്ച് ഗ്രന്ഥരചന നിർവഹിച്ച ഒരാളാണ്. പുസ്തകം എഴുതുക മാത്രമല്ല കണ്ണൂരിൽ പരിവാരികൾ കൈയേറിയ കാവുകൾ ബഹുജനങ്ങൾക്കായി ഏറ്റെടുത്ത്, അതിൽ പൊരുതി വിജയിച്ച ഒരാൾ കൂടിയാണ് പി. ജയരാജൻ.തന്ത്രത്തെ കുറിച്ചും കേരളീയ ക്ഷേത്രസമ്പ്രദായങ്ങളെ കുറിച്ചും ആഴത്തിൽ പഠിച്ച ധാരാളം വിദേശ പണ്ഡിതന്മാരുണ്ട്. ഇവരെല്ലാം തന്നെ വിശ്വാസം കൊണ്ടും ഭക്തി കൊണ്ടുമല്ല ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുള്ളത്. ഒരിക്കൽ ആഗോള തലത്തിൽ അറിയപ്പെടുന്ന സംസ്കൃത പണ്ഡിതനും ആഗമ ഗവേഷകനും തന്ത്രശാസ്ത്ര നിപുണനുമായ പ്രൊഫ. ഡോ. ഡൊമനിക് ഗുഡാളുമായി കാലടി ശൃംഗേരി മഠവും സമീപത്തുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പഠനത്തിന്റെ ഭാഗമായി സന്ദർശിക്കുകയുണ്ടായി. ഏറെ സൂക്ഷ്മതയോടെ ക്ഷേത്രത്തിലെ താന്ത്രിക ക്രിയകൾ നിരീക്ഷിക്കുന്ന ഗുഡാളിനോട് ഞാൻ ചോദിച്ചു: “താങ്കൾ ഭക്തി കൊണ്ടാണോ ആദരവോടെ ഇത് ശ്രദ്ധിക്കുന്നത് ” എന്ന് . അദ്ദേഹം പറഞ്ഞത് അതീവ ഗൗരവതരമായി ഈ വിഷയത്തെ കുറിച്ച് പഠിക്കുന്നതിനാലാണ് ശ്രദ്ധിക്കുന്നതെന്നാണ്. വലിയ ഭക്തരെന്ന് അവകാശപ്പെടുന്നവർ പോലും നിർവഹിക്കാത്ത സവിശേഷമായ നിരവധി പഠനങ്ങളും ഗ്രന്ഥങ്ങളും പുറത്തു കൊണ്ടു വന്ന പണ്ഡിതൻ കൂടിയാണ് പ്രൊഫ. ഗുഡാൾ.ഏറ്റവും പുരാതന ആഗമതന്ത്ര ഗ്രന്ഥമായ നിശ്വാസതത്വസംഹിതയുടെ സംശോധിത പാഠം പുറത്തുകൊണ്ടുവന്നത് പ്രൊഫ. ഗുഡാൾ ആണ്. ഏറ്റവും പ്രാചീന ഗാരുഡ തന്ത്രഗ്രന്ഥമായ ക്രിയാകാല ഗുണോത്തരത്തിന്റെ സംശോധിത പാഠവും പഠനവും നിർവഹിച്ചതും ഒരു വിദേശ പണ്ഡിതനാണ്. ഇന്ത്യക്കാർ ആകെ അൽഭുതപ്പെടുന്ന അതിഗംഭീരമായ തന്ത്ര പഠനങ്ങൾ നിർവഹിച്ചത് ആഗോള തലത്തിൽ അറിയപ്പെടുന്ന പ്രൊഫ. അലക്സിസ് സാന്റേഴ്സൻ ആണ്. ലളിതാസഹസ്രനാമത്തെ കുറിച്ചുള്ള മുന്നൂറലധികം പേജുള്ള സാന്റേഴ്സണിന്റെ ഗവേഷണ പ്രബന്ധത്തിന് എത്ര ഡോക്ടറേറ്റും കൊടുത്താലും മതിയാവില്ല. ഇവരൊന്നും തന്നെ മലയാളികൾ കരുതുന്ന പോലെ വിശ്വാസികളോ ഭക്തരോ ആയിരുന്നില്ല.നിർഭാഗ്യവശാൽ ചരിത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ഇന്ത്യൻ സംസ്കാരത്തെയും ആഴത്തിൽ പഠിയ്ക്കാനായി ക്ഷേത്രമോ കാവോ സന്ദർശിച്ചാൽ അതിനെ ദുർവ്യാഖ്യാനിച്ച് നിർവൃതി കൊള്ളുന്ന ഒരു കൂട്ടർ ഇന്ന് കേരളത്തിലും സജീവമാണ്.ക്ഷേത്രങ്ങളെ സംഘപരിവാരത്തിന്റെ പിടിയിൽ നിന്നും മോചിപ്പിക്കാൻ ബൗദ്ധികമായി മാത്രമല്ല, പ്രായോഗിക വഴികൾ സ്വീകരിച്ച് കാവുകളെ ബഹുസ്വരമായി നിലനിർത്താൻ ഏറെ പോരാടിയ ഒരാൾ കൂടിയാണ് പി.ജയരാജൻ. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളെയും കാവുകളെയും ബ്രാഹ്മണീകരിച്ച് പരിവർത്തിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പി.ജയരാജനെ അധിക്ഷേപിക്കുന്നതിൽ അൽഭുതപ്പെടാനില്ല.The post ക്ഷേത്രങ്ങളെ സംഘപരിവാരത്തിൽ നിന്നും മോചിപ്പിക്കാൻ പോരാടിയ ആളാണ് പി ജയരാജൻ; പിന്തുണയുമായി ടി എസ് ശ്യാംകുമാർ appeared first on Kairali News | Kairali News Live.