ആനകള്‍ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളില്‍; കാരണം പ്രകൃതിദത്ത ആഹാരത്തിന്റെ ശോഷണമെന്ന് വനം വകുപ്പ്

Wait 5 sec.

പത്തനംതിട്ട | ആനകള്‍ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളില്‍ എത്താന്‍ പ്രധാന കാരണം വാനന്തരത്തില്‍ ലഭ്യമായിരുന്ന പ്രകൃതിദത്ത ആഹാരത്തിന്റെ ശോഷണമാണെന്ന് വനം വകുപ്പ്. കൊടും ചൂടില്‍ വനത്തിനുള്ളിലെ നീര്‍ചോലകള്‍ വറ്റി വരണ്ടതും ആനകളെ കാടുവിട്ട് ജനവാസ മേഖലയിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നതായി വനപാലകര്‍ പറയുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ റാന്നി വനം ഡിവിഷനിലെ വടശേരിക്കരയില്‍ ജനവാസ മേഖലയെ വിറപ്പിച്ചു കൊണ്ട് ആന കൂട്ടം ആടിതിമിര്‍ത്ത സംഭവത്തിന്റെ വിശദീകരണം എന്ന നിലയിലാണ് വന മേഖലയില്‍ ആഹാര സാധനങ്ങള്‍ കുറയുന്ന വിവരം വനം വകുപ്പ് പറഞ്ഞത്. നേരത്തെ വനത്തിനുള്ളില്‍ പ്ലാവുകള്‍ തഴച്ചു വളര്‍ന്നിരുന്നിരുന്നു. ഇപ്പോള്‍ പ്ലാവുകള്‍ കുറവാണെങ്കിലും സീസണില്‍ മാത്രമാണ് ചക്ക വിളയുന്നത്. ഇത് ഒരു നിശ്ചിത സമയത്തേക്ക് മാത്രം ലഭിക്കുന്ന ആഹാരമാണ്. അടിക്കാടുകളുടെ ശേഷണവും ഈറ്റ കാടുകള്‍ കുറഞ്ഞതുമാണ് ആന കാടു വിട്ട് നാട്ടിലെത്താനുള്ള പ്രധാന കാരണം.ആനകള്‍ക്ക് ഒരു ദിവസം വേണ്ടത് ഏകദേശം 100 മുതല്‍ 200 കിലോഗ്രാം വരെ ഭക്ഷണമാണ്. പലതരത്തിലുള്ള പുല്ലുകള്‍ നേരത്തെ കാട്ടില്‍ യഥേഷ്ടം ലഭിച്ചിരുന്നു. ഈറ്റ, മുള തുടങ്ങിയവയോടാണ് ആനക്ക് ഏറെ പ്രിയം. മരങ്ങളുടെ തൊലി ചെത്തിത്തിന്നുന്നത് ആനകളുടെ ശീലമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യവും നാരുകളും ആനകളുടെ ദഹനത്തിന് സഹായിക്കുന്നു. പലതരം കാട്ടുചെടികളുടെയും മരങ്ങളുടെയും ഇലകളും ഇളം കൊമ്പുകളും ആന ആഹാരമാക്കാറുണ്ട്. കാട്ടില്‍ കാണുന്ന പലതരം പഴങ്ങളാണ് മറ്റൊരു ഭക്ഷണം. കൂടാതെ മണ്ണ് തുരന്ന് ചിലതരം കിഴങ്ങുകളും ഇവ ഭക്ഷിക്കാറുണ്ട്.കാട്ടാനകള്‍ ഈറ്റയുടെ പുതിയ കൂമ്പുകള്‍ വന്‍തോതില്‍ ആഹാരമാക്കുന്നത് ഈറ്റയുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതായി വിദഗ്ധന്‍ പറയുന്നു. ഈറ്റയുടെ അശാസ്ത്രീയമായ വിളവെടുപ്പാണ് മറ്റെരു കാരണം. ഈറ്റക്കാടുകളുടെ സ്വാഭാവിക പുനരുല്‍പാദന പ്രക്രിയയായ കൂട്ടത്തോടെയുള്ള പൂത്തുണങ്ങല്‍ മറ്റൊരു വിഷയമാണ്. സാധാരണയായി 30 മുതല്‍ 45 വര്‍ഷം വരെയുള്ള ഒരു കാലഘട്ടത്തിനു ശേഷം ഈറ്റകള്‍ ഒരുമിച്ച് പൂക്കുകയും വിത്ത് ഉത്പാദിപ്പിച്ച ശേഷം പൂര്‍ണ്ണമായി ഉണങ്ങി നശിക്കുന്നതും പതിവാണ്. ഈ സമയത്ത് കാട്ടുതീ ഉണ്ടാകുന്നത് പുതിയ വിത്തുകള്‍ മുളച്ചു വരുന്നത് തടയുന്നു. മഴയുടെ കുറവും വനങ്ങളിലെ വരള്‍ച്ചയും ഈറ്റക്കാടുകളുടെ സ്വാഭാവിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം വനങ്ങളിലെ ഈറ്റയുടെ അളവില്‍ ഏകദേശം 40 മുതല്‍ 50 ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പശ്ചിമഘട്ട വനമേഖലകളില്‍ നടത്തിയ ചില പഠനങ്ങളിലും പരിസ്ഥിതി റിപ്പോര്‍ട്ടുകളിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈറ്റക്കാടുകളുടെ വിസ്തൃതിയില്‍ വലിയ തോതിലുള്ള കുറവുണ്ടായതായി വ്യക്തമാക്കുന്നു.കാടിനോട് ചേര്‍ന്ന് കല്ലാര്‍ ഒഴുകുന്ന നാടാണ് വടശേരിക്കര . തുലാവര്‍ഷം ശോഷിച്ചതിനാല്‍ കാട്ടരുവികള്‍ ഇപ്പോള്‍ വരണ്ടു തുടങ്ങി. കല്ലാറ്റിലെ ജലം മാത്രമാണ് ആനകളുടെ ഏക ആശ്രയം. എന്നാല്‍ നദിയിലേക്കുള്ള ആനത്താരകള്‍ വനം വകുപ്പ് വൈദ്യുതി ഫെന്‍സിംഗ് സ്ഥാപിച്ച് അടച്ചതിനാല്‍ ലഭ്യമായ വഴിയിലൂടെ ജലം തേടി ഇറങ്ങുന്ന ആനകള്‍ വഴി തെറ്റി ജനവാസ മേഖലയില്‍ എത്തുകയാണ് ചെയ്യുന്നത്. സ്വന്തം കുറ്റം മറച്ചുവെയ്ക്കാന്‍ വനം വകുപ്പ് കണ്ടെത്തിയ ഉപാധിയാണ് വനാന്തരത്തിലെ ഭക്ഷണ ദൗര്‍ലഭ്യമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.വനം വന്യ ജീവി വകുപ്പ് മനുഷ്യ-വന്യ ജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ ആവിഷ്ടകരിച്ച് നടപ്പിലാക്കുന്നുണ്ട്. ആവാസ വ്യവസ്ഥകളെ പരിപോഷിപ്പിച്ച് സ്വഭാവിക വനങ്ങളെ പുഷ്ടിപ്പെടുത്തി കേരളത്തിലെ മനുഷ്യ-വന്യ ജീവി സംഘര്‍ഷത്തിന് കാരണമാകുന്ന ഘടകങ്ങളെ ലഘൂകരിച്ച്, പ്രകൃതിയോടൊപ്പം സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ കഴിയുന്ന ജല-പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്ന, പ്രാദേശിക സമൂഹങ്ങള്‍ക്ക് സുസ്ഥിരവും സമഗ്രവുമായ പുരോഗതി ഉറപ്പാക്കുന്ന ജൈവവൈവിധ്യ സമ്പന്നമായ ഒരു ഹരിത പരിസ്ഥിതി സൃഷ്ടിക്കുക എന്നതാണ് വിഷന്‍-2031ന്റെ ലക്ഷ്യം.Content Highlights: Forest officials attribute wild elephant raids in Vadasserikkara, Pathanamthitta, to shrinking natural food and drying forest streams. Reed forests have declined sharply due to drought, flowering cycles, and wildfires. Locals blame blocked elephant corridors to the Kallar river as officials push Vision 2031 measures.