ലണ്ടന്‍ | ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ജോലികള്‍ക്കും പുറമെ വ്യക്തിബന്ധങ്ങളിലെ ആശയവിനിമയങ്ങള്‍ക്കും ചാറ്റ് ജി പി ടി ഉള്‍പ്പെടെയുള്ള എ ഐ വ്യാപകമായി ഉപയോഗിക്കുന്നത് ആളുകളില്‍ കുറ്റബോധവും പരസ്പര അവിശ്വാസവും ഉണ്ടാക്കുന്നതായി പഠനങ്ങള്‍. ജന്മദിനാശംസകള്, പ്രണയലേഖനങ്ങള്‍, എന്തിന് വിവാഹവാഗ്ദാനങ്ങളും ബ്രേക്ക് അപ്പ് സന്ദേശങ്ങളും തയ്യാറാക്കാന്‍ പോലും പലരും എ ഐ സാങ്കേതികവിദ്യയുടെ സഹായം തേടുന്നുണ്ട്.വ്യക്തിപരമായ സന്ദേശങ്ങള്‍ അയക്കാന്‍ എ ഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് യു എസിലെ കെന്നസോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡാനിയേല്‍ ഹാസ് നടത്തിയ പഠനത്തില്‍, എ ഐ ഉപയോഗിച്ച എല്ലാവരിലും തന്നെ കടുത്ത കുറ്റബോധം ഉടലെടുക്കുന്നതായി കണ്ടെത്തി. മറ്റുള്ളവരെ വഞ്ചിക്കുകയാണെന്നോ അല്ലെങ്കില്‍ സ്വാധീനിക്കാന്‍ കൃത്രിമം കാണിക്കുകയാണെന്നോ ഉള്ള ചിന്തയാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് അവര്‍ വ്യക്തമാക്കുന്നു. മനുഷ്യര്‍ പരസ്പരമുള്ള തെറ്റുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ കുറ്റബോധമെന്നും, വ്യക്തിബന്ധങ്ങളില്‍ യഥാര്‍ത്ഥ മനുഷ്യത്വം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും ഹാസ് ചൂണ്ടിക്കാട്ടുന്നു.വ്യക്തിബന്ധങ്ങളില്‍ എ ഐ ഉപയോഗിക്കുന്നവരെ മറ്റുള്ളവര്‍ മടിയന്മാരായും കാര്യപ്രാപ്തി കുറഞ്ഞവരായും വിശ്വാസ്യതയില്ലാത്തവരായും കാണാന്‍ സാധ്യത കൂടുതലാണെന്ന് ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകനായ സ്കോട്ട് ക്ലെസെന്സ് വ്യക്തമാക്കുന്നു. ആളുകള്‍ എ ഐ ഉപയോഗിക്കുന്നത് തുറന്നുപറഞ്ഞാല്‍ പോലും ഈ നെഗറ്റീവ് മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ല. ബന്ധങ്ങളില്‍ ആളുകള്‍ പരസ്പരം കാണിക്കുന്ന പ്രയത്നമാണ് ആ ബന്ധത്തോടുള്ള അവരുടെ പ്രതിബദ്ധതയുടെ അടയാളമെന്നും, എ ഐയുടെ അനായാസമായ രീതിയെ ആളുകള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളാന്‍ മടിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.സാന്‍ഫ്രാന്‍സിസ്കോയില്‍ ആര്‍ട്ടിസ്റ്റായ ഒലിവിയ തായ് നടത്തിയ എ ഐ രഹസ്യങ്ങള്‍ തുറന്നുപറയാനുള്ള പരീക്ഷണത്തില്‍, കാമുകനുമായുള്ള നിത്യേനയുള്ള സംഭാഷണങ്ങള്‍ക്കും ബ്രേക്ക് അപ്പ് സന്ദേശങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ ജയിക്കാനും വരെ എ ഐ ഉപയോഗിച്ചതായി ആളുകള്‍ തുറന്നുസമ്മതിച്ചിരുന്നു.അതേസമയം, വ്യക്തിപരമായ സന്ദേശങ്ങള്‍ തികച്ചും കുറ്റമറ്റതായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും അവയിലെ ചെറിയ അപൂര്‍ണ്ണതകളാണ് സന്ദേശങ്ങളെ സ്വാഭാവികവും പ്രിയങ്കരവുമാക്കുന്നതെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ മെറ്റാലാബ് ഡയറക്ടര്‍ സാറാ ന്യൂമാന്‍ വ്യക്തമാക്കുന്നു. പങ്കാളിയോട് തുറന്നുപറയാന്‍ മടിക്കുന്ന തരത്തില്‍ എ ഐ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയത്തിനും, ഡിസ്ലെക്സിയ പോലുള്ള പഠനവൈകല്യമുള്ളവര്‍ക്കും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എ ഐ പ്രയോജനപ്പെടുത്തുന്നത് ന്യായീകരിക്കാവുന്ന സാഹചര്യമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.Content Highlights: Studies indicate that using AI tools like ChatGPT for personal messages, love letters, and breakups can trigger guilt and erode trust. Researchers note that effort signals commitment in relationships, while hidden AI use can feel deceptive. However, experts say AI can help in cases like language barriers or dyslexia.