മലപ്പുറം | സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടന്നുവരുന്ന സെന്റിനറി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മഅദിന്‍ അക്കാദമിയിലെ ഉസ്താദുമാരും അധ്യാപകരും ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം സംഭാവന നല്‍കും.സമസ്തയുടെ ശതാബ്ദി ആഘോഷങ്ങള്‍ ചരിത്രപരമായ മുന്നേറ്റമാക്കി മാറ്റുന്നതിനും നൂറ്റാണ്ടിന്റെ സന്ദേശവും പൈതൃകവും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക എന്ന ലക്ഷ്യത്തോടെയാണ് മഅ്ദിന്‍ കുടുംബം ഇതിന് മുന്നിട്ടിറങ്ങുന്നത്.മഅ്ദിന്‍ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 55 സ്ഥാപനങ്ങളിലെയും വിവിധ ഓഫ് ക്യാമ്പസുകളിലെയും ഉസ്താദുമാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍, വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ തുടങ്ങി മുഴുവന്‍ മേഖലകളിലുമുള്ളവരുടെ കൂട്ടായ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥാപനത്തിന്റെ വിവിധ പ്രവര്‍ത്തനമേഖലകളില്‍ സേവനമനുഷ്ഠിക്കുന്നവരെല്ലാം ഒരേ മനസ്സോടെ സെന്റിനറി പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകുന്നുവെന്ന പ്രത്യേകതയും ഈ സംരംഭത്തിനുണ്ട്.സമസ്തയുടെ ഒരുനൂറ്റാണ്ടുകാലത്തെ വൈജ്ഞാനിക, ആത്മീയ, സാമൂഹിക മുന്നേറ്റങ്ങളും വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലെ മഹത്തായ സംഭാവനകളും പുതിയ തലമുറയിലേക്കും പൊതുസമൂഹത്തിലേക്കും കൂടുതല്‍ ഫലപ്രദമായി എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച വിവിധ പദ്ധതികള്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം കൂട്ടായ പിന്തുണ വലിയ ഊര്‍ജവും കരുത്തും പകരും.സമസ്തയുമായി മഅ്ദിന്‍ അക്കാദമിക്കുള്ള ആത്മബന്ധവും സംഘടനയുടെ ചരിത്രപരമായ മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതാണ് ഈ തീരുമാനമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.Content Highlights: Ustadhs, teachers, and staff across 55 institutions and off-campuses of Ma’din Academy in Malappuram will donate one day’s salary for Samastha centenary activities. The initiative aims to strengthen outreach on Samastha’s century-long legacy. Ma’din Academy chairman Sayyid Ibraheemul Khaleel Al Bukhari highlighted the bond and commitment behind the move.