മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി. ഒരു പ്രത്യേക ബില്ലിനെ പിന്തുണച്ചതിന്റെ പേരിൽ ബിജെപിയുമായി സഖ്യത്തിലാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് അവർ വ്യക്തമാക്കി.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ ബിജെപി സർക്കാർ അവതരിപ്പിച്ചപ്പോൾ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും അതിനെ പിന്തുണച്ചിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസും ഇടതുപക്ഷവും ബിജെപിയുമായി സഖ്യത്തിലാണെന്ന് പറയാൻ കഴിയുമോയെന്നും കനിമൊഴി ചോദിച്ചു.മണ്ഡല പുനർനിർണയ വിഷയത്തിൽ ഡിഎംകെയുടെ നിലപാടിൽ മാറ്റമില്ലെന്നും സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യത്തിൽ നഷ്ടമുണ്ടാകാത്ത വിധത്തിലുള്ള ന്യായമായ അതിർത്തി നിർണയമാണ് പാർട്ടി എക്കാലവും ആവശ്യപ്പെട്ടിട്ടുള്ളതെന്നും അവർ പറഞ്ഞു.തമിഴ്നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം സംരക്ഷിക്കുന്നതിനായി 1971ലെ സെൻസസ് അടിസ്ഥാനമാക്കാൻ കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടുണ്ട്. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയായിരുന്നു മണ്ഡല പുനർനിർണയമെങ്കിൽ തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 39ൽ നിന്ന് 32 ആയി കുറയുമായിരുന്നുവെന്നും കനിമൊഴി ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ നിർദേശപ്രകാരം 50 ശതമാനം സീറ്റ് വർധനവ് നടപ്പാക്കുന്നതോടെ തമിഴ്നാടിന് 59 എംപിമാരെ ലഭിക്കുമെന്നും അവർ വ്യക്തമാക്കി.സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണയം മരവിപ്പിക്കണമെന്നും സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനായി ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർധനവ് അനുവദിക്കണമെന്നും ഡിഎംകെ നേരത്തേ മുതൽ ആവശ്യപ്പെട്ടുവരുന്നതാണെന്നും കനിമൊഴി കൂട്ടിച്ചേർത്തു.The post മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചത് ബിജെപി സഖ്യത്തിന് തുല്യമല്ല; വിമർശനങ്ങൾക്ക് മറുപടിയുമായി കനിമൊഴി appeared first on ഇവാർത്ത | Evartha.