അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഇറാൻ. ഇറാന്റെ എണ്ണ കള്ളക്കടത്ത് തടയുന്നതിനായി അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നൽകരുതെന്ന് ഇറാഖിന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ നയങ്ങളുടെ ഉപകരണമാകരുതെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ഉപദേഷ്ടാവ് മുഹമ്മദ് മൊഖ്ബർ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെട്ടു.സമുദ്രമാർഗമുള്ള എണ്ണ വ്യാപാരം തടസ്സപ്പെട്ടതോടെ ഇറാഖുമായുള്ള കര അതിർത്തി ഇറാന് നിർണായകമായിരിക്കുകയാണ്. അതേസമയം, അമേരിക്കൻ സമ്മർദത്തെ തുടർന്ന് ഇറാഖ് കുർദിഷ് മേഖലയിലെ ഇറാനുമായും സിറിയയുമായുമുള്ള രണ്ട് പ്രധാന അതിർത്തി ക്രോസിംഗുകൾ അടച്ചതായാണ് റിപ്പോർട്ടുകൾ. ഉപരോധത്തെ തുടർന്ന് 25 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഇറാന്റെ എണ്ണ കയറ്റുമതി തടസ്സപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡും വ്യക്തമാക്കിയിട്ടുണ്ട്.ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുകയാണ്. ഉപരോധം മറികടക്കാൻ ഇറാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഇറാൻ നാവികസേനാ ഡെപ്യൂട്ടി ഓപ്പറേഷൻസ് മേധാവി ഫർഹാദ് ഫത്താഹി വ്യക്തമാക്കി.അമേരിക്കയുടെ സമ്മർദവും ഇറാന്റെ മുന്നറിയിപ്പും ഒരേസമയം നേരിടേണ്ടിവരുന്നത് ഇറാഖിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എണ്ണ വ്യാപാരത്തെയും ഗൾഫ് മേഖലയിലെ സുരക്ഷയെയും ബാധിക്കാവുന്ന സാഹചര്യമാണിത്.The post അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാന് പുതിയ നീക്കം; ഇറാഖിന് മുന്നറിയിപ്പുമായി ടെഹ്റാൻ appeared first on ഇവാർത്ത | Evartha.