അജ്മാൻ കടലിൽ “പറക്കുന്ന കപ്പൽ’; മലയാളി യുവാവ് പകർത്തിയ വീഡിയോ വൈറൽ, 20 മണിക്കൂറിനുള്ളിൽ 32 മില്യൺ കാഴ്ചക്കാർ

Wait 5 sec.

അജ്മാൻ | അജ്മാൻ തീരത്ത് ആകാശത്ത് തങ്ങിനിൽക്കുന്നതുപോലെ തോന്നിപ്പിച്ച ചരക്കുകപ്പലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ദുബൈയിൽ ഫോട്ടോഗ്രാഫറും കണ്ടന്റ് ക്രിയേറ്ററുമായ മലയാളി യുവാവ് ജസീൽ പെരളശ്ശേരി പകർത്തിയ ദൃശ്യത്തിന് വെറും 20 മണിക്കൂറിനുള്ളിൽ 32 മില്യൺ കാഴ്ചക്കാരെയും 1.5 മില്യൺ ലൈക്കുകളുമാണ് ലഭിച്ചത്. കപ്പലിന്റെ അടിഭാഗത്തിനും കടലിനുമിടയിൽ വ്യക്തമായ വിടവ് ദൃശ്യമാകുന്ന തരത്തിലുള്ള ഈ അപൂർവ കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ.കപ്പൽ യഥാർഥത്തിൽ വായുവിൽ ഉയർന്നുനിൽക്കുന്നതോ ക്യാമറയിലെ തന്ത്രമോ അല്ലെന്നും “സുപ്പീരിയർ മിറാഷ്’ എന്ന പ്രകൃതിദത്തമായ കാഴ്ചാ വിഭ്രാന്തിയാണിതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ വ്യത്യസ്ത വായുപാളികൾക്കിടയിലുള്ള താപനിലയിലെ വ്യത്യാസം കാരണം പ്രകാശരശ്മികൾക്ക് വളവുണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇതുമൂലം ദൂരെയുള്ള വസ്തുക്കൾ യഥാർഥ സ്ഥാനത്തേക്കാൾ ഉയരത്തിൽ നിൽക്കുന്നതായി തോന്നിപ്പിക്കും. കപ്പൽ കടലിൽ തന്നെയാണെങ്കിലും കടലിന് മുകളിലൂടെ ഒഴുകിനടക്കുന്ന പ്രതീതിയാണ് ഈ പ്രതിഭാസം സൃഷ്ടിക്കുന്നത്.യാദൃച്ഛികമായി പകർത്തി പോസ്റ്റ് ചെയ്ത വീഡിയോ ഇത്രയധികം വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജസീൽ പെരളശ്ശേരി പറഞ്ഞു. യൂട്യൂബിലൂടെ സ്വയം ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പഠിച്ച ജസീൽ ഒരു വർഷം മുമ്പാണ് യു എ ഇയിലെത്തി ദുബൈയിൽ സ്ഥിരതാമസമാക്കിയത്. ഈ വർഷം സെപ്തംബറിൽ ദുബൈ ഫ്ലൈയിം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരത്തിൽ ജസീൽ ഒന്നാം സ്ഥാനവും 15,000 ദിർഹം സമ്മാനവും നേടിയിരുന്നു. അൽ ജദ്ദാഫ് വാക്കിൽ ഫ്രീസ്‌റ്റൈൽ ഫുട്‌ബോളർ ഹാദിയ ഹക്കീമിന്റെ ചിത്രമാണ് അന്ന് ജസീലിന് പുരസ്‌കാരം നേടിക്കൊടുത്തത്.Content Highlights: A video captured by Dubai-based Malayali photographer Jaseel Peralassery showing a cargo ship appearing suspended above the Ajman coast gained 32 million views in 20 hours. Experts explain the phenomenon is a superior mirage caused by light bending across temperature layers, not a camera trick. Peralassery, who moved to Dubai a year ago, previously won first prize in a Dubai photography contest.