തിരുവനന്തപുരം | ഉന്നതവിദ്യാഭ്യാസത്തിനൊപ്പം വ്യവസായ നിക്ഷേപങ്ങൾക്കും വഴിയൊരുക്കി സംസ്ഥാനത്ത് “നോളജ് വാലി’ യാഥാർഥ്യമാകുന്നു.വിദേശ സർവകലാശാല ക്യാമ്പസുകൾ, പുതിയ കമ്പനികൾ, ആധുനിക കോഴ്സുകൾ എന്നിവയുൾപ്പെടെ സമഗ്രമാറ്റങ്ങൾ നിർദേശിക്കുന്ന പുതിയ ബില്ല് ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.ഭൂമി കൈമാറ്റത്തിനും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും പ്രത്യേക ഇളവുകളും ബില്ലിൽ വിഭാവനം ചെയ്യുന്നുണ്ട്. വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പരാമർശിച്ച നോളജ് വാലിയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന കരട് ബില്ലിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ പരിഷ്കാരങ്ങളാണ് യു ഡി എഫ് സർക്കാർ ലക്ഷ്യമിടുന്നത്.വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ നിക്ഷേപങ്ങളും നവസംരംഭങ്ങളും സംയോജിപ്പിക്കുന്നതാണ് പദ്ധതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോ സ്പേസ്, ഐ ടി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ പുതിയ കോഴ്സുകൾ നൽകുന്ന ദേശീയ-വിദേശ സ്ഥാപനങ്ങൾ, ഗവേഷണഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ യൂനിറ്റുകൾ, തുടർന്നുണ്ടാകുന്ന തൊഴിലവസരങ്ങൾ എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ.സ്വകാര്യ സർവകലാശാലകൾക്കായി 20 ഏക്കർ ഭൂമി വരെ പതിച്ചുനൽകാനും സ്വകാര്യ സർവകലാശാലാ ബില്ലിൽ വ്യവസ്ഥയുണ്ട്. ഭൂവിനിമയ ഇടപാടുകൾ വേഗത്തിലാക്കാനും നികുതിയിളവുകളിലൂടെ വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാനും ബില്ല് ലക്ഷ്യമിടുന്നു. കമ്പോള വില ഈടാക്കിക്കൊണ്ടാകും ഭൂമി പതിച്ചുനൽകുക. കമ്പോള വിലക്ക് ഭൂമി പാട്ടത്തിന് നൽകുന്നതും പരിഗണിക്കും. സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ഭൂമിക്ക് നികുതിയിളവും നൽകും. 100 ഏക്കർ വരെയുളള ഭൂമിക്ക് പത്ത് വർഷത്തേക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും.വിദേശ സർവകലാശാലകൾക്കും അനുമതി നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാകും ബില്ല് അവതരിപ്പിക്കുക. ഇതിനുപുറമെ, നോളജ് വാലിക്ക് അതോറിറ്റിയുണ്ടാകും. മുഖ്യമന്ത്രിയാണ് പദ്ധതിയുടെ അധ്യക്ഷൻ. ഉന്നത വിദ്യാഭ്യാസ, ഐ ടി, വ്യവസായ, കായിക മന്ത്രിമാർ ഉപാധ്യക്ഷന്മാരാകും. നോളജ് വാലിക്കൊപ്പം സ്വകാര്യ സർവകലാശാലാ ബില്ലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.മുൻ ഇടത് സർക്കാറിന്റെ കാലത്ത് സി പി ഐ-സി പി എം തർക്കത്തെ തുടർന്ന് ഒഴിവാക്കിയ “വിസിറ്റർ’ പദവി പുനഃസ്ഥാപിക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരിക്കും വിസിറ്റർ. സ്ഥാപനങ്ങൾ തുടങ്ങാൻ 20 ഏക്കർ ഭൂമി വേണമെന്ന നിബന്ധന പത്ത് ഏക്കറായി കുറക്കും. 25 കോടി രൂപ ട്രഷറിയിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി, നിക്ഷേപത്തുക നിശ്ചയിക്കാനുള്ള അധികാരം സർക്കാറിന് നൽകും.ആകെ സീറ്റുകളിൽ 25 ശതമാനം കേരളത്തിൽ സ്ഥിരതാമസമുള്ള വിദ്യാർഥികൾക്ക് മുൻഗണന നൽകുകയും സംവരണ വ്യവസ്ഥകൾ പാലിക്കുകയും വേണം. പദ്ധതികളിലൂടെ വിദ്യാർഥികളുടെ കേരളത്തിന് പുറത്തേക്കുള്ള ഒഴുക്ക് തടയലാണ് ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്.Content Highlights: A new bill establishing Knowledge Valley alongside changes to the private university bill will be presented in the Kerala Assembly on Tuesday to combine higher education with industrial investments. It proposes land allocations, stamp duty and registration waivers for up to 10 years on 100 acres, foreign university entry, and modern courses in AI and deep tech. A 25 percent seat preference for permanent Kerala residents and restoration of the visitor post are also included.