രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എപ്പോഴാണ് ആഗോള യുദ്ധമായി മാറുക? ഏറ്റുമുട്ടുന്നവര്‍ക്ക് പിന്നില്‍ ലോകം രണ്ടായി പിളര്‍ന്ന് അണിനിരക്കുമ്പോള്‍. യു എസും ഇസ്‌റാഈലും ഇറാനെ ആക്രമിക്കുമ്പോള്‍ നോക്കിനില്‍ക്കേണ്ടെന്ന് ചൈനയും റഷ്യയും തീരുമാനിച്ചാല്‍ ഈ പിളര്‍പ്പ് സംഭവിക്കാം. റഷ്യയും യുക്രൈനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ പക്ഷം ചേര്‍ന്നുവല്ലോ. അപ്പുറത്തും കൃത്യമായ ഓരം ചേരലുണ്ടായാല്‍ അത് ലോകയുദ്ധമാകും. സമാധാന സ്‌നേഹികള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തേക്കാള്‍ മാരകമായി കാണുന്നത് സംഘര്‍ഷ വ്യാപനത്തേയാണ്. എന്തൊക്കെ ന്യായീകരണമുണ്ടെങ്കിലും ഇറാന്റെ പ്രത്യാക്രമണം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയായപ്പോള്‍ അതൊരു യുദ്ധവ്യാപനമായിത്തീര്‍ന്നു. നെതന്യാഹു തന്റെ അധികാരം സംരക്ഷിച്ചുനിര്‍ത്താന്‍ ലബനാനിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയാണല്ലോ ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ റഷ്യ- യുക്രൈന്‍ യുദ്ധം ഭീകരമായ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പോകുകയാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.വടക്കനാഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ ബെന്‍ഗാസി തുറമുഖത്ത് നങ്കൂരമിട്ട റഷ്യന്‍ കപ്പല്‍ തകര്‍ത്തത് ഇതിന്റെ സൂചനയായി കാണണം. യുദ്ധം യൂറോപ്പിന് പുറത്തേക്ക് നീങ്ങുന്നുവെന്ന ഭീതിയാണതുണ്ടാക്കിയത്. ഫിന്‍ലാന്‍ഡ് ഉള്‍ക്കടലില്‍ റഷ്യന്‍ ചരക്കുകപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം നടന്നതിന് പിറകേയായിരുന്നു ഇത്.എന്തുകൊണ്ട് ലിബിയമുല്ലപ്പൂ വിപ്ലവത്തിന്റെ കണക്കിലെഴുതപ്പെട്ട ലിബിയന്‍ ആഭ്യന്തര സംഘര്‍ഷം റഷ്യയും അമേരിക്കയും തമ്മിലുള്ള ഭൗമരാഷ്ട്രീയ വടംവലിയുടെ കൂടി വേദിയായിരുന്നു. മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തില്‍ ഇസ്‌ലാമിസ്റ്റുകളടക്കമുള്ള സായുധ പ്രക്ഷോഭകരെയും മിലീഷ്യകളെയും യു എസ് ഇളക്കിവിട്ടു. ആളും അര്‍ഥവും ആയുധവും ഇറക്കിക്കളിച്ചു. തുടക്കത്തില്‍ റഷ്യ ഗദ്ദാഫിക്കൊപ്പം നിന്നെങ്കിലും പിന്നീട് കൈയൊഴിഞ്ഞു. ഒടുവില്‍ 2011ല്‍ ഗദ്ദാഫിയെ കൊന്ന് തള്ളിയപ്പോള്‍ “വിപ്ലവം’ പൂര്‍ത്തിയായി.ഇന്ന് ലിബിയ പലതായി പിളര്‍ന്നുനില്‍ക്കുകയാണ്. എണ്ണ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെടുന്നു. പരസ്പരം പോരടിക്കുന്ന രണ്ട് ഭരണകൂടങ്ങളാണ് അവിടെയുള്ളത്. ഇതിലൊന്ന്, പടിഞ്ഞാറന്‍ നഗരമായ ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, അന്താരാഷ്ട്ര അംഗീകാരമുള്ള “ഗവണ്‍മെന്റ്ഓഫ് നാഷനല്‍ യൂനിറ്റി’ (ജി എന്‍ യു) ആണ്. ഇടക്കാല പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് അല്‍ ദബീബാണ് നേതാവ്. മറ്റൊന്ന്, കിഴക്കന്‍ നഗരമായ ബെന്‍ഗാസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, വിമത സൈനിക കമാന്‍ഡര്‍ ഖാലിഫ ഹഫ്താര്‍ നയിക്കുന്ന സര്‍ക്കാറാണ്. റഷ്യയുമായി ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷനല്‍ ആര്‍മിക്ക് റഷ്യ ആയുധങ്ങളും കൂലിപ്പടയാളികളെയും നയതന്ത്ര പിന്തുണയും നല്‍കി വരുന്നു. ഇതിന് പകരമായി, ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലെ നീക്കങ്ങള്‍ സുഗമാമാക്കാന്‍ റഷ്യക്കായി തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സംഭരണ സൗകര്യങ്ങള്‍, അറ്റകുറ്റപ്പണി സംവിധാനങ്ങള്‍, കരമാര്‍ഗമുള്ള ഗതാഗത പാതകള്‍ എല്ലാം ഹഫ്താര്‍ ഒരുക്കിക്കൊടുക്കുന്നു. ബന്‍ഗാസി പോലുള്ള തന്ത്രപ്രധാനമായ തുറമുഖം റഷ്യയുടെ സാമന്ത കേന്ദ്രമായി മാറിയിരിക്കുന്നു.ട്രിപ്പോളിയിലെ “സര്‍ക്കാര്‍’ നേര്‍ വിപരീത ചേരിയിലാണ് നിലയുറപ്പിക്കുന്നത്. തുര്‍ക്കിയയുള്‍പ്പെടെയുള്ള ശക്തികളുടെ നടത്തിപ്പിലാണ് ഈ സര്‍ക്കാര്‍. റഷ്യയെ എതിര്‍ക്കാന്‍ യുക്രൈനിനെ പിന്തുണക്കുന്നു. 2022ല്‍ യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കുന്നതിനെ അനുകൂലിച്ച് ദബീബ് സര്‍ക്കാര്‍ വോട്ട് ചെയ്തു.2023ല്‍ ഈ ബന്ധം ശക്തമായി. യുക്രൈനിയന്‍ സേന ഇവിടുത്തെ സൈനിക വിഭാഗങ്ങള്‍ക്ക് പരിശീലനവും സാങ്കേതിക സഹായവും നല്‍കാന്‍ തുടങ്ങി. എണ്ണക്കൊള്ളയടക്കം ആഫ്രിക്കന്‍ വന്‍കരയില്‍ പലവിധ താത്പര്യങ്ങളുള്ള യൂറോപ്യന്‍ ശക്തികളെല്ലാം ട്രിപ്പോളിയെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു.കേണലിനെ ഓര്‍ക്കുന്നുചിത്രം വ്യക്തമാണ്. ലിബിയയില്‍ റഷ്യന്‍ കപ്പല്‍ ആക്രമിക്കപ്പെട്ടുവെന്നാല്‍ അര്‍ഥം അതിര്‍ത്തി മായ്ച്ച് യുദ്ധം പടരുന്നുവെന്ന് തന്നെയാണ്. യുക്രൈനാണ് ആക്രമിച്ചതെങ്കിലും പാശ്ചാത്യ ശക്തികളുടെ നീക്കമായേ റഷ്യ വായിക്കുകയുള്ളൂ. ഇതിനോടുള്ള റഷ്യയുടെ പ്രതികരണവും അതിര്‍ത്തി കടന്ന് ചെന്നാൽ യുദ്ധവ്യാപനമാകും ഫലം. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍കൈയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഈ ദുരന്തം സംഭവിക്കുന്നത് ഒഴിവായേക്കാം. എന്നാല്‍ നിശ്ചയമായും സംഭവിച്ചുകഴിഞ്ഞ ദുരന്തമുണ്ട്. അത് ലിബിയന്‍ ഏകീകരണ ശ്രമങ്ങള്‍ക്കേല്‍ക്കുന്ന പരുക്കാണ്. 2014 മുതല്‍ ഹഫ്താര്‍ – ദബീബ് ഗ്രൂപ്പുകൾ തമ്മില്‍ രൂക്ഷ ഏറ്റുമുട്ടല്‍ നടക്കുകയാണ്.ആയിരക്കണക്കിന് മനുഷ്യര്‍ മരിച്ചു വീണു. 2025 മുതല്‍ അനുരഞ്ജന ചര്‍ച്ചകള്‍ ഗൗരവപൂര്‍വം നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഒരു ദശകത്തിനിടെ ഇതാദ്യമായി സംയുക്ത ബജറ്റ് പാസ്സാക്കാനായി. ഏകീകരണ പ്രതീക്ഷയുണര്‍ത്തുന്ന ചുവടായിരുന്നു അത്. യുക്രൈന്‍- റഷ്യ ഏറ്റുമുട്ടലിന്റെ കുരുക്ഷേത്രമായി ലിബിയ മാറിയാല്‍ ഈ ശ്രമങ്ങളെല്ലാം തകിടം മറിയും. ഖദ്ദാഫി, അങ്ങെത്ര ശരിയായിരുന്നു!.