ഷാഫി പറമ്പിലിനെതിരായ പരാമർശം; രാജ്മോഹൻ ഉണ്ണിത്താനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

Wait 5 sec.

രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി. ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ ഉണ്ണിത്താൻ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിൽ ആരോപിക്കുന്നു.യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എന്നിവർക്കും കൈമാറിയിട്ടുണ്ട്.മുതിർന്ന നേതാവെന്ന നിലയിൽ പാലിക്കേണ്ട മര്യാദകൾ രാജ്മോഹൻ ഉണ്ണിത്താൻ ലംഘിക്കുകയാണെന്നും പാർട്ടിയുടെ താൽപര്യത്തിന് വിരുദ്ധമായാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഉണ്ണിത്താനെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ വാക്പോരും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും കോൺഗ്രസിനുള്ളിൽ ചർച്ചയാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഒരു വിഭാഗം യുവ എംഎൽഎമാരും ഷാഫി പറമ്പിലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.അതേസമയം, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫി പറമ്പിലിന്റെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കാൻ നേതൃത്വം ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഉണ്ണിത്താനെതിരെ അച്ചടക്ക നടപടിയാവശ്യപ്പെട്ട് പരാതി ഉയർന്നിരിക്കുന്നത്.The post ഷാഫി പറമ്പിലിനെതിരായ പരാമർശം; രാജ്മോഹൻ ഉണ്ണിത്താനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് appeared first on ഇവാർത്ത | Evartha.