കോണ്‍ഗ്രസ്സിന് തിരിച്ചടി; മണ്ഡല പുനര്‍നിര്‍ണയ നടപടിയെ ജെ എം എം പിന്തുണച്ചേക്കും

Wait 5 sec.

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മണ്ഡല പുനര്‍നിര്‍ണയ നടപടിക്കെതിരെ പ്രതിപക്ഷ നിര കെട്ടിപ്പടുക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) നീക്കം. സര്‍ക്കാര്‍ നീക്കത്തെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പിന്തുണച്ചേക്കുമെന്നാണ് സൂചന.നിര്‍ദിഷ്ട നിയമനിര്‍മാണത്തിനുള്ള പിന്തുണ പുനപ്പരിശോധിക്കണമെന്ന് ഡി എം കെയോട് ആവശ്യപ്പെടുന്നതിനായി, ‘ഇന്‍ഡ്യ’ സഖ്യത്തിലെ പ്രമുഖ നേതാക്കളുടെ സംഘം ചെന്നൈയിലേക്ക് തിരിക്കുന്നതിനിടയിലാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്.‘ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമായ ജെ എം എം, മണ്ഡല പുനര്‍നിര്‍ണയ ബില്ലിന്റെയും വനിതാ സംവരണ ബില്ലിന്റെയും കാര്യത്തില്‍ ഇതുവരെ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. നിര്‍ദിഷ്ട ബില്ലുകള്‍ വിശദമായി പരിശോധിച്ച ശേഷവും, അവ സംസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷവും, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തങ്ങളുടെ നിലപാട് അറിയിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.സര്‍ക്കാരും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള വലിയൊരു രാഷ്ട്രീയ സംഘര്‍ഷ വിഷയത്തില്‍, പ്രതിപക്ഷ നിരയില്‍ ഭിന്നതയുണ്ടാകാതെ തടയാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതിനിടയിലാണ് കേന്ദ്ര നിര്‍ദേശത്തെ ജെ എം എം പിന്തുണച്ചേക്കാമെന്ന സൂചനകള്‍ പുറത്തുവരുന്നത്.മൂന്നുപേര്‍ ലോക്സഭയിലും മൂന്നുപേര്‍ രാജ്യസഭയിലുമായി ആറ് എം പിമാരാണ് ജെ എം എമ്മിന് ഉള്ളത്. ഝാര്‍ഖണ്ഡില്‍ 14 ലോക്സഭാ സീറ്റുകളാണുള്ളത്. അതില്‍ അഞ്ചെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തവയാണ്. കേന്ദ്രം നിര്‍ദേശിക്കുന്ന ’50 ശതമാനം’ സീറ്റ് വര്‍ധന നടപ്പിലായാല്‍, സീറ്റുകളുടെ എണ്ണം 21 ആയി ഉയര്‍ന്നേക്കാം. പട്ടികവര്‍ഗ വിഭാഗത്തിനായുള്ള സംവരണ സീറ്റുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുമെന്ന് ജെ എം എം വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു.മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കത്തെ പിന്തുണയ്ക്കുന്നതായുള്ള മറ്റൊരു സഖ്യകക്ഷിയായ എന്‍ സി പിയിലെ (ശരദ് പവാര്‍ വിഭാഗം) പ്രഖ്യാപനം കോണ്‍ഗ്രസ്സിന് കടുത്ത തിരിച്ചടിയായിരിക്കെയാണ് ജെ എം എമ്മിന്റെ ഈ നീക്കം. വിഷയത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ‘ഇന്‍ഡ്യ’ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയായ എന്‍ സി പി (ശരദ് പവാര്‍ വിഭാഗം)യുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ല.ബില്ലുകളിലെ വ്യവസ്ഥകള്‍ പരിശോധിക്കുന്നതിനായി, മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇന്നലെ ജെ എം എം എം പിമാരുടെ യോഗം ചേര്‍ന്നിരുന്നു. നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ, പ്രത്യേകിച്ച് പാര്‍ലിമെന്റിലെ പ്രാതിനിധ്യത്തെയും പട്ടികവര്‍ഗ വിഭാഗത്തിനായുള്ള സംവരണ സീറ്റുകളുടെ എണ്ണത്തെയും സംരക്ഷിക്കുമോ എന്ന് പരിശോധിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബില്ലിന്റെ പകര്‍പ്പുകള്‍ വെള്ളിയാഴ്ച രാത്രിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും, അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് അതിലെ വ്യവസ്ഥകള്‍ പഠിക്കാന്‍ എം പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യസഭാ എം പി. മഹുവ മാജി അറിയിച്ചു. വിദഗ്ധരുടെ അഭിപ്രായങ്ങളും മുഖ്യമന്ത്രി തേടുമെന്നും പഠനത്തിന് ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു. രാജ്യസഭാംഗങ്ങളായ സര്‍ഫ്രാസ് അഹമ്മദ്, ബൈദ്യനാഥ് റാം എന്നിവരും ലോക്സഭാംഗങ്ങളായ വിജയ് ഹാന്‍സ്ഡാക്, ജോബ മാഞ്ചി, നളിന്‍ സോറന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.Content Highlights: The Congress party faces a political setback as Jharkhand Mukti Morcha indicates openness toward supporting the constituency delimitation move. The development comes ahead of the upcoming parliamentary session on the delimitation legislation. It poses a fresh challenge to opposition coordination on seat expansion and reservation concerns.