ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട്, ഇനി ലക്ഷ്യം 'കാര്‍ബണ്‍ ന്യൂട്രല്‍'

Wait 5 sec.

പരിസ്ഥിതി സംരക്ഷണത്തിലും ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിലും രാജ്യത്തിനാകെ മാതൃകയായി വയനാട്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഇ മാലിന്യ മുക്ത ജില്ലയെന്ന നേട്ടം വയനാട് ഔദ്യോഗികമായി സ്വന്തമാക്കി. നവംബര്‍ 27ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാജ്യത്തിനാകെ മാതൃകയായ അഭിമാനകരമായ നേട്ടമാണ് വയനാട് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച 'നിര്‍മ്മലം' മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് വയനാട് ഈ നേട്ടം സ്വന്തമാക്കിയത്. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ മാസങ്ങളോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് ജില്ലയെ ഈ നേട്ടത്തില്‍ എത്തിച്ചത്. സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ഇലക്ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കെട്ടിക്കിടന്നിരുന്ന ഇമാലിന്യങ്ങള്‍ ശേഖരിച്ചു.ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രത്യേക കളക്ഷന്‍ പോയിന്റുകള്‍ സജ്ജമാക്കിയും ഹരിതകര്‍മ്മസേനാംഗങ്ങള്‍ വീടുകളിലെത്തിയും നടത്തിയ ശേഖരണത്തിലൂടെ 102.8 ടണ്‍ ഇ-മാലിന്യമാണ് ജില്ലയില്‍ നിന്ന് നീക്കം ചെയ്തത്. ഇവ ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മസേന, ശുചീകരണ തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വ്യാപാരികള്‍, റസ്‌റ്റോറന്റ് ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പങ്കാളിത്തമാണ് ദൗത്യത്തെ വിജയത്തിലെത്തിച്ചത്.കേവലം ഒരു മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിനപ്പുറം, വയനാടിന്റെ മണ്ണും മലകളും കാടുകളും ജലസ്രോതസ്സുകളും ജൈവവൈവിധ്യവും വരുംതലമുറയ്ക്കായി സംരക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെട്ടതെന്ന് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. ഇമാലിന്യങ്ങളിലെ അപകടകരമായ രാസഘടകങ്ങള്‍ മണ്ണിലേക്കും ജലത്തിലേക്കും വ്യാപിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും കൃഷിക്കും പ്രകൃതിക്കും ഗുരുതരമായ ഭീഷണിയാണ്. ജനപങ്കാളിത്തത്തിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാക്കാമെന്ന കേരളത്തിന്റെ പ്രഖ്യാപനം കൂടിയാണ് വയനാടിന്റെ ഈ വിജയം.സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത ജില്ലയെന്ന നേട്ടത്തില്‍ വയനാടിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. 'കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്' എന്ന അടുത്ത ഘട്ടത്തിലേക്കാണ് ജില്ല ഇനി ചുവടുവെക്കുന്നത്. ഇതിന്റെ ഭാഗമായി വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പ്രത്യേക രൂപരേഖയും 'പ്ലാസ്റ്റിക് രഹിത പ്രകൃതി സൗഹൃദ പ്രയാണവും' കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കൃഷിമന്ത്രി ടി. സിദ്ദിഖ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.