ആഗോളതലത്തിൽ വ്യാവസായിക വികസനത്തോടൊപ്പം വളർന്നുവന്ന തൊഴിൽ മേഖലയാണ് ലോജിസ്റ്റിക്‌സ്. വ്യവസായ- വാണിജ്യ രംഗങ്ങളിൽ അവശ്യഘടകമായി മാറിയ ലോജിസ്റ്റിക്‌സും സപ്ലൈചെയിൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പഠനം നല്ലൊരു വിഭാഗം വിദ്യാർഥികളെ ആകർഷിക്കുന്നുണ്ട്. ഈ രംഗത്ത് കഴിവുള്ളവർക്ക് ധാരാളം തൊഴിലവസരം ലഭ്യമാണ്.എന്താണ് സേവനം?ലോജിസ്റ്റിക്സ് എന്നത് ലോകവ്യാപാരത്തിന്റെ നട്ടെല്ലാണ്. ചരക്കുകൾ ഫലപ്രദമായും നിയമപരമായും ചെലവ് കുറച്ചും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന ബൃഹത്തായ പ്രക്രിയയാണിത്. ചരക്കുകൾ അയക്കുക, കസ്റ്റംസ് ക്ലിയറൻസ് അടക്കമുള്ള നിയമപരമായ ബാധ്യതകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ആവശ്യമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കുക തുടങ്ങി പലതരത്തിൽ കരിയർ അവസരങ്ങൾ ലോജിസ്റ്റിക് മേഖലയിൽ ലഭ്യമാണ്.സൂക്ഷ്മതയോടെയുള്ള പ്ലാനിംഗ്, ആസൂത്രണത്തോടെയുള്ള ഏകോപനം എന്നിവയുടെ പിന്തുണയോടെ, ചരക്കുകളും അസംസ്‌കൃത സാധനങ്ങളും മറ്റു സേവനങ്ങളും അവയുടെ ലക്ഷ്യത്തിൽ സമയബന്ധിതമായും സുരക്ഷിതമായും കൃത്യതയോടെയും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഫലപ്രദമായ ലോജിസ്റ്റിക്‌സ് സേവനം. ഈ പ്രക്രിയകൾ പൂർത്തിയാക്കുന്നതിന് വിവിധ റോളുകളിൽ ലോജിസ്റ്റിക് സ്റ്റാഫിന്റെ ആവശ്യമുണ്ട്.ലോജിസ്റ്റിക് കോ- ഓർഡിനേറ്റർമാർ, സപ്ലൈചെയിൻ മാനേജർമാർ അടക്കമുള്ളവർ പ്രവർത്തനത്തിന്റെ കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ചവരായിരിക്കണം.നിർമിതബുദ്ധിയുടെയും ഡാറ്റാ അനലിറ്റിക്‌സ് അടക്കം സങ്കേതങ്ങളുടെയും വിവിധ അനുബന്ധ സോഫ്റ്റ്‌വെയറുകളുടെയും സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തിയാണ് ലോജിസ്റ്റിക്‌സ് വ്യവസായം അതിവേഗം പുരോഗമിക്കുന്നത്. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വെയർഹൗസുകളിലുമെല്ലാം ലോജിസ്റ്റിക് വിദഗ്ധരുടെ സേവനം ആവശ്യമാണ്.ലോജിസ്റ്റിക്‌സ് ഡയറക്ടർ, ഫ്രെയ്റ്റ് ഫോർവേഡർ, കസ്റ്റംസ് ബ്രോക്കർ/ ക്ലിയറിംഗ് ഏജന്റ്, സപ്ലൈചെയിൻ മാനേജർ, വെയർഹൗസ് മാനേജർ, ട്രാൻസ്‌പോർട്ട് പ്ലാനർ, പ്രൊക്യൂർമെന്റ്/ പർച്ചേസിംഗ് ഓഫീസർ, ലോജിസ്റ്റിക്‌സ് കോ- ഓർഡിനേറ്റർ തുടങ്ങിയ തലങ്ങളിലുള്ള പ്രത്യേക ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ചുമതലപ്പെട്ട തസ്തികകൾ മേഖലയിൽ ലഭ്യമാണ്. ലോജിസ്റ്റിക്‌സ് യോഗ്യതക്ക് പുറമെ, ആവശ്യമായ പ്രത്യേക സ്‌കില്ലുകൾ കൂടി ആർജിച്ചാൽ മാത്രമേ ലോജിസ്റ്റിക്‌സ് രംഗത്ത് തൊഴിൽ നേടുന്നത് എളുപ്പമാകൂ.ലോജിസ്റ്റിക്സ് പഠിക്കാൻ ആഗ്രഹിക്കുന്നവർ, ആവശ്യമായ സാങ്കേതിക പരിജ്ഞാനവും ലഭ്യമായ പഠന സാധ്യതകളും മനസ്സിലാക്കി വേണം മുന്നോട്ടുവരാൻ. ഓരോരുത്തരുടെയും സ്‌കിൽ, താത്പര്യങ്ങൾ എന്നിവക്ക് യോജിക്കുന്ന തരത്തിൽ പല കോഴ്‌സുകൾ ഈ രംഗത്ത് കണ്ടെത്താൻ കഴിയും.എവിടെ പഠിക്കണം?കൂൺ പോലെ മുളച്ചുപൊങ്ങുന്ന സ്ഥാപനങ്ങൾ, കുട്ടികളെ അവരുടെ സ്ഥാപനത്തിലെ ലോജിസ്റ്റിക്‌സ് കോഴ്‌സുകളിലേക്ക് ആകർഷിക്കാൻ പല തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വലിയ പരസ്യത്തിന്റെ പിന്തുണയോടെ നടത്തുന്ന ക്യാമ്പയിനുകളിൽ കുട്ടികൾ വശംവദരാകുന്നുണ്ട്. പരസ്യങ്ങൾ സ്വാഭാവികമാണ്. പക്ഷേ, അതിൽ വാഗ്ദാനം ചെയ്യുന്ന കോഴ്‌സിന്റെ നിലവാരവും തൊഴിൽ സാധ്യതകളും പരിശോധിക്കാതെ തീരുമാനമെടുക്കരുത്. തിയറി പഠനത്തോളം തന്നെ പ്രാധാന്യം ലോജിസ്റ്റിക്‌സിൽ പ്രായോഗിക പരിശീലനത്തിനുമുണ്ട്. നല്ല ഫാക്കൽറ്റിയും പ്രായോഗിക പരിശീലനത്തിന് ലഭ്യമായ വിപുലമായ സൗകര്യവും പരിഗണിച്ചാകണം സ്ഥാപനങ്ങൾ തിരഞ്ഞെടുക്കേണ്ടത്.ബികോം ലോജിസ്റ്റിക്‌സ് പോലെ ഡിഗ്രി കോഴ്‌സിനൊപ്പം നടത്തുന്ന പല കോഴ്‌സുകളിലും ലോജിസ്റ്റിക്‌സിന്റെ കാഠിന്യമുള്ള സിലബസ് പഠിച്ചുതീരാൻ സാധ്യത കുറവാണെന്ന് ശ്രദ്ധിക്കുക. ഒരു സ്ഥാപനത്തിൽ പഠിക്കാനാഗ്രഹിക്കുന്നവർ, അവിടെ മുമ്പ് പഠിച്ചവരിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് നല്ലതാണ്. നല്ല സ്ഥാപനങ്ങളിൽ പഠിച്ചാൽ മാത്രമേ ഈ രംഗത്ത് നല്ല തൊഴിൽ നേടാനാകൂ.• സ്ഥാപനങ്ങൾ ഏതെല്ലാം?ലോജിസ്റ്റിക്‌സിൽ ഡിപ്ലോമ, ഡിഗ്രി, പി ജി ഡി എം, എം ബി എ ഉൾപ്പെടെ പഠിക്കാൻ അവസരം നൽകുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാട്ടിലുണ്ട്. ഐ ഐ എം മുംബൈ, വഡോദരയിലെ ഗതിശക്തി വിശ്വവിദ്യാലയ, ഇന്ത്യൻ മാരിടൈം യൂനിവേഴ്‌സിറ്റിയുടെ വിവിധ ക്യാമ്പസുകൾ, എക്‌സ് എൽ ആർ ഐ ജംഷെഡ്പൂർ, ഐ ഐ എം ഉദയ്പൂർ, ഐ ഐ എം ലക്‌നോ, ഐ എസ് ബി ഹൈദരാബാദ്, സി ഐ ഐ സ്‌കൂൾ ഓഫ് ലോജിസ്റ്റിക്‌സ് മുംബൈ, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപറേഷൻസ് മാനേജ്മെന്റ്നാസിക് എന്നിവിടങ്ങളിൽ നല്ല നിലവാരമുള്ള കോഴ്‌സുകളുണ്ട്.ഐ ഐ ടി മുംബൈ, ഐ ഐ ടി ഖരഗ്പൂർ, എസ് ഐ ബി എം പുണെ, യു പി ഇ എ സ് ഡെറാഡൂൺ, ലോയ്ഡ് ബിസിനസ്സ് സ്‌കൂൾ നോയിഡ, ജെയിൻ യൂനിവേഴ്‌സിറ്റി ബെംഗളൂരു എന്നിവിടങ്ങളിലും ഗുണനിലവാരമുള്ള കോഴ്‌സുകളുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ചെന്നൈ, എൻ എം ഐ എം എസ് മുംബൈ, ഐ ഐ എം കൊൽക്കത്ത എന്നിവിടങ്ങളിലും ലോജിസ്റ്റിക്‌സ് സപ്ലൈചെയിൻ മാനേജ്‌മെന്റ്‌വിഷയങ്ങളിലെ നല്ല കോഴ്‌സുകൾ പഠിക്കാം. ഈ സ്ഥാപനങ്ങളിലെല്ലാം പഠിക്കാൻ നല്ല ഫീസ് നൽകേണ്ടിവരും.കെൽട്രോൺ, നാഷനൽ സ്‌കിൽ ഡെവലപ്‌മെന്റ്കോർപറേഷൻ, അസാപ് കേരള തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ നിലവാരമുള്ള ലോജിസ്റ്റിക് കോഴ്‌സുകൾ നടത്തുന്നുണ്ട്. കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിന്റെ ആഭിമുഖ്യത്തിലുള്ള സി ഐ എ എസ് എൽ അക്കാദമിയിലും ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട കോഴ്‌സുകൾ ലഭ്യമാണ്. വിവിധ സ്വകാര്യ കോളജുകളും ലോജിസ്റ്റിക്സ് സംബന്ധമായ ബി ബി എ അടക്കമുള്ള കോഴ്‌സുകൾ നടത്തുന്നുണ്ട്. യു ജി സി, എ ഐ സി ടി ഇ തുടങ്ങിയ ഏജൻസികളുടെ അംഗീകാരമുള്ള കോഴ്‌സുകളിൽ ചേരുന്നത് പഠന നിലവാരം ഉറപ്പുവരുത്താൻ നല്ലതാണ്.അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലണ്ടിലെ ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്‌സ് ആൻഡ് ട്രാൻസ്‌പോർട്ട്, ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊക്യൂർമെന്റ്ആൻഡ് സപ്ലൈ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് ഷിപ് ബ്രോക്കേഴ്സ് മുതലായ സ്ഥാപങ്ങൾ നൽകുന്ന യോഗ്യതകൾ നിലവാരമുള്ളതും ആഗോളരംഗത്ത് നല്ല സ്വീകാര്യതയുള്ളതുമാണ്. ചിക്കാഗോ ആസ്ഥാനമായ എ എസ് സി എം നൽകുന്ന സർട്ടിഫൈഡ് സപ്ലൈ ചെയിൻ പ്രൊഫഷനൽ, അമേരിക്കയിലെ തന്നെ കൗൺസിൽ ഓഫ് സപ്ലൈചെയിൻ മാനേജ്മെന്റ്പ്രൊഫഷനൽസ് നൽകുന്ന എസ് സി പ്രോ സർട്ടിഫിക്കേഷൻ എന്നീ യോഗ്യതകളും പരിഗണിക്കാവുന്നതാണ്.ഇന്റർനാഷനൽ ലോജിസ്റ്റിക് ഹബ്ബ് എന്ന നിലയിൽ സിംഗപ്പൂർ അടക്കമുള്ള തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങളിലെ വിവിധ യൂനിവേഴ്‌സിറ്റികളിൽ നല്ല ലോജിസ്റ്റിക്സ് കോഴ്‌സുകൾ ലഭ്യമാണ്. പ്രായോഗിക പരിശീലനത്തിനുള്ള അവസരം ധാരാളം ലഭ്യമായ ഈ മേഖലയിൽ നല്ല തൊഴിൽ സാധ്യതയുമുണ്ട്.കേരളത്തിലെ സാധ്യതമിഷൻ സമുദ്ര പദ്ധതിയിലൂടെ, 600 കിലോമീറ്റർ കടൽത്തീരം ഉപയോഗപ്പെടുത്തി കേരളത്തെ ഒറ്റ പോർട്ട് സിറ്റിയാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കവും വിഴിഞ്ഞം പോർട്ടിന്റെ വലിയ സാധ്യതകളും കേരളത്തെ ലോജിസ്റ്റിക്‌സ് മേഖലയിൽ വലിയ ശക്തിയാക്കി മാറ്റാനുള്ള സാധ്യത ഏറെയാണ്. ഇത് മുന്നിൽക്കണ്ട്, ലോജിസ്റ്റിക് രംഗത്ത് ലഭ്യമാകാൻ സാധ്യതയുള്ള തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ പര്യാപ്തമായ കോഴ്‌സുകൾ പഠിക്കുന്നത് അഭിലഷണീയമാണ്.Content Highlights:Logistics and supply chain management offer extensive global career opportunities across ports, airports, and warehouses. Aspiring students can choose from diploma, degree, and MBA programs at top institutions like IIMs, IITs, and government approved centers. With major projects like the Vizhinjam Port developing rapidly, the logistics sector in Kerala is set to witness an unprecedented boom in job creation.