ദേശീയ കുടുംബാരോഗ്യ സര്‍വേ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഇതാണ്, സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ ആ മാറ്റം ഇനിയും പൂര്‍ണമല്ല.ആറാമത് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉണര്‍ത്തുന്ന ചിത്രമാണ് വരച്ചുകാട്ടുന്നത്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും സ്ത്രീകള്‍ മുന്നേറുന്നുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ മുന്നേറ്റം സ്ത്രീകളുടെ പൂര്‍ണ്ണമായ സാമൂഹിക വിമോചനത്തിലേക്ക് എത്തിയെന്ന നിഗമനത്തിലെത്താന്‍ ഈ കണക്കുകള്‍ നമ്മെ അനുവദിക്കുന്നില്ല. കാരണം പുരോഗതിയുടെ തിളക്കത്തിനിടയിലും പരിഹരിക്കപ്പെടാതെ തുടരുന്ന വിടവുകള്‍ ഇന്നും ഏറെയുണ്ട്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തിലും ഡിജിറ്റല്‍ ശാക്തീകരണത്തിലും ശ്രദ്ധേയമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ട് സ്വയം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ഉപയോഗം സ്ത്രീകളെ സാമ്പത്തിക ഇടപാടുകളിലേക്കും വിവരലോകത്തിലേക്കും കൂടുതല്‍ അടുപ്പിച്ചു. കുടുംബ തീരുമാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും വര്‍ധിച്ചതായി സര്‍വേ വ്യക്തമാക്കുന്നു. വിദ്യാഭ്യാസനേട്ടങ്ങളും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധവും വര്‍ധിച്ചതും സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്റെ സൂചനകളാണ്.2023-24 കാലഘട്ടത്തിലാണ് ആറാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ നടന്നത്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വീണ്ടും മാതൃകയാകുന്ന ചിത്രം തന്നെയാണ് സര്‍വേ മുന്നോട്ടു വയ്ക്കുന്നത്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്കുകളില്‍ കുറവുണ്ടായിരിക്കുന്നതും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. നിയമങ്ങള്‍, വിദ്യാഭ്യാസം, സാമൂഹിക ബോധവല്‍ക്കരണം, സ്ത്രീകളുടെ സ്വയംപര്യാപ്തത എന്നിവയുടെ സംയോജിത ഫലമായാണ് ഈ മാറ്റത്തെ കാണേണ്ടത്. അതേസമയം, ഗാര്‍ഹിക പീഡനം പൂര്‍ണമായി ഇല്ലാതായെന്നല്ല ഈ കണക്കുകള്‍ പറയുന്നത്. പരാതിപ്പെടാനുള്ള സാഹചര്യങ്ങള്‍, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ എന്നിവയും ഈ കണക്കുകള്‍ വായിക്കുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്.നേട്ടങ്ങളുടെ പട്ടികയ്ക്ക് ഒപ്പമിരുത്തേണ്ട ചില മുന്നറിയിപ്പുകളും സര്‍വേയിലുണ്ട്. സ്ത്രീകളില്‍ അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും വര്‍ധിക്കുന്നത് ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളിയാണ്.2023-24 കാലഘട്ടത്തിലാണ് ആറാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ നടന്നത്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വീണ്ടും മാതൃകയാകുന്ന ചിത്രം തന്നെയാണ് സര്‍വേ മുന്നോട്ടു വയ്ക്കുന്നത്. വര്‍ഷങ്ങളായി പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നടത്തിയ നിക്ഷേപങ്ങളുടെ ഫലമാണ് ഈ നേട്ടങ്ങള്‍. ആശുപത്രി പ്രസവം, മാതൃശിശു ആരോഗ്യ സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പ്, സ്ത്രീകളുടെ വിദ്യാഭ്യാസം, കുടുംബ തീരുമാനങ്ങളിലെ പങ്കാളിത്തം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കുറവ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ കേരളം ദേശീയ ശരാശരിയെ മറികടക്കുന്നു. പ്രാഥമികാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിലും സാമൂഹിക ക്ഷേമ പദ്ധതികള്‍ വിപുലീകരിക്കുന്നതിലും പൊതുആരോഗ്യ സംവിധാനത്തെ സംരക്ഷിക്കുന്നതിലും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ തുടര്‍ച്ചയും ഈ നേട്ടങ്ങള്‍ക്ക് ശക്തമായ അടിത്തറയായിട്ടുണ്ടെന്ന് സര്‍വേയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മികച്ച ആരോഗ്യ സംവിധാനങ്ങള്‍ മരണനിരക്ക് കുറയ്ക്കുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കേരളം ഇന്ന് വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുന്ന സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള പുതിയ സാമൂഹിക ആരോഗ്യ നയങ്ങളും ഇനി അനിവാര്യമാണ്.എന്നാല്‍ നേട്ടങ്ങളുടെ പട്ടികയ്ക്ക് ഒപ്പമിരുത്തേണ്ട ചില മുന്നറിയിപ്പുകളും സര്‍വേയിലുണ്ട്. സ്ത്രീകളില്‍ അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും വര്‍ധിക്കുന്നത് ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളിയാണ്. മറുവശത്ത്, രാജ്യത്ത് ഇപ്പോഴും ഗണ്യമായൊരു വിഭാഗം സ്ത്രീകള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്നതും വൈരുധ്യമാര്‍ന്ന യാഥാര്‍ഥ്യമാണ്. ഒരുവശത്ത് അമിതഭാരം, മറുവശത്ത് പോഷകാഹാരക്കുറവ്, ഇന്ത്യയുടെ വികസന മാതൃകയിലെ അസന്തുലിതാവസ്ഥയെ ഇത് തുറന്നുകാട്ടുന്നു.വിദ്യാഭ്യാസത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തിലും സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം പ്രതീക്ഷിച്ച ഉയരത്തിലെത്തിയിട്ടില്ലെന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പഠിച്ചിറങ്ങുന്ന സ്ത്രീകള്‍ക്ക് അവരുടെ കഴിവിനൊത്ത തൊഴില്‍ ലഭിക്കാത്തതും തൊഴില്‍സ്ഥലങ്ങളിലെ ലിംഗസമത്വക്കുറവും കുടുംബ ഉത്തരവാദിത്തങ്ങളുടെ അസന്തുലിതമായ വിഭജനവും ഈ അവസ്ഥയ്ക്ക് കാരണങ്ങളാണ്. വിദ്യാഭ്യാസം സ്ത്രീകളെ ശക്തരാക്കുന്നുണ്ടെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യമാണ് ആ ശക്തിക്ക് യഥാര്‍ത്ഥ അടിത്തറ ഒരുക്കുന്നത്.വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖംഅതുപോലെ, ബാലവിവാഹം, ഗാര്‍ഹിക പീഡനം, കുടുംബാസൂത്രണ സേവനങ്ങളിലെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും തുടരുന്നു. നിയമങ്ങള്‍ നിലവിലുണ്ടെന്നത് മാത്രം പോരാ, അവ സമൂഹത്തില്‍ യഥാര്‍ത്ഥ മാറ്റമുണ്ടാക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. സ്ത്രീകള്‍ ഭയമില്ലാതെ പരാതിപ്പെടാനും നീതി ലഭിക്കാനും കഴിയുന്ന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണം എന്നത് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിലോ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിലോ മാത്രം അളക്കാന്‍ കഴിയുന്ന ഒന്നല്ല. സ്വന്തം ശരീരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴില്‍ജീവിതത്തെക്കുറിച്ചും സ്വത്തവകാശത്തെക്കുറിച്ചും ജീവിത തീരുമാനങ്ങളെക്കുറിച്ചും സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയുന്ന അവസ്ഥയാണ് യഥാര്‍ത്ഥ ശാക്തീകരണം. അതിനായി ആരോഗ്യരംഗം, വിദ്യാഭ്യാസം, തൊഴില്‍, നിയമസംരക്ഷണം, സാമൂഹിക ബോധവല്‍ക്കരണം എന്നിവ ഒരുപോലെ ശക്തിപ്പെടുത്തേണ്ടതുണ്ട്.ദേശീയ കുടുംബാരോഗ്യ സര്‍വേ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം ഇതാണ്, സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു, പക്ഷേ ആ മാറ്റം ഇനിയും പൂര്‍ണമല്ല. പുരോഗതിയുടെ കണക്കുകള്‍ ആഘോഷിക്കുമ്പോള്‍ തന്നെ അവയ്ക്കിടയില്‍ മറഞ്ഞുകിടക്കുന്ന അസമത്വങ്ങളെയും വെല്ലുവിളികളെയും തിരിച്ചറിയാന്‍ സമൂഹം തയ്യാറാകണം. സ്ത്രീകള്‍ സാമ്പത്തികമായും സാമൂഹികമായും ശാരീരികമായും സുരക്ഷിതരാകുമ്പോള്‍ മാത്രമേ ഒരു ജനാധിപത്യ സമൂഹത്തിന്റെ വികസനം യഥാര്‍ഥ അര്‍ത്ഥത്തില്‍ സമ്പൂര്‍ണമാകൂ.