അബൂദബി| യുഎഇയുടെ യാത്രാ-ഗതാഗത ചരിത്രത്തിൽ പുതിയൊരു സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് അബൂദബിയിലേക്ക് കുതിച്ചുയരുമ്പോൾ, ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ട്രെയിനിനുള്ളിൽ ചരിത്രം കുറിക്കാൻ പ്രവാസി മലയാളികൾക്കും നിയോഗം. ഗൾഫ് മേഖലയിലെ പ്രമുഖ പൊതുഗതാഗത സംവിധാനങ്ങളായ ഖത്തർ മെട്രോയുടെയും ട്രാം സർവീസുകളുടെയും ഉദ്ഘാടന യാത്രകളിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച മംഗളൂരു-കുടക് സ്വദേശി റിയാസ് നസീറാണ് ഈ സുപ്രധാന കന്നിയാത്രയുടെ മൊത്തത്തിലുള്ള നിയന്ത്രണ ചുമതല വിജയകരമായി നിർവ്വഹിച്ചത്. അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്ത് മുൻനിർത്തി ഇത്തിഹാദ് റെയിൽ അധികൃതർ നൽകിയ ഈ വലിയ ദൗത്യം പ്രവാസി സമൂഹത്തിന് ഒന്നടങ്കം അഭിമാന നിമിഷമായി മാറി.പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കാവലാളായി പൈലറ്റ് ക്യാബിനിലും യാത്രക്കാരുടെ സേവനത്തിനുമായി അഞ്ച് മലയാളി ഉദ്യോഗസ്ഥരാണ് റിയാസ് നസീറിനൊപ്പം ഈ ചരിത്ര ദൗത്യത്തിൽ അണിനിരന്നത്. ഇത്തിഹാദ് റെയിലിന്റെ ഓപ്പറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരുമായ ആലപ്പുഴ സ്വദേശി നിഷാദാണ് ഈ മിടുക്കരായ മലയാളി സംഘത്തെ മുന്നിൽ നിന്ന് നയിച്ചത്. ഇദ്ദേഹത്തോടൊപ്പം ട്രെയിൻ ക്യാപ്റ്റന്മാരായി കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവരും, ട്രെയിൻ മാസ്റ്റർമാരായി പാലക്കാട് സ്വദേശി രഞ്ജി രവി, മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് എന്നിവരും അടങ്ങുന്ന ശക്തമായ മലയാളി സാന്നിധ്യമാണ് ട്രെയിനിന്റെ സുരക്ഷിതമായ യാത്രക്ക് പിന്നിൽ പ്രവർത്തിച്ചത്.കഠിനാധ്വാനത്തിന്റെയും കൃത്യമായ ലക്ഷ്യബോധത്തിന്റെയും കഥ പറയാനുള്ള ഈ മലയാളി യുവാക്കൾ, പുതുതലമുറയുടെ പ്രതീകമായി കഠിനമായ പരിശീലനത്തിലൂടെ മികവ് തെളിയിച്ചാണ് ഈ സ്വപ്ന പദ്ധതിയുടെ ഭാഗമായി മാറിയത്. വിമാനങ്ങളിലെ കാബിൻ ക്രൂവിന് സമാനമായ രീതിയിൽ യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും നിരന്തരം ഉറപ്പുവരുത്തുന്ന മികച്ച സേവനമാണ് ഇവിടുത്തെ ‘ട്രെയിൻ മാസ്റ്റേഴ്സ്’ നിർവ്വഹിക്കുന്നത്. പൈലറ്റ് ക്യാബിനിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിലും കൃത്യമായ വേഗത നിയന്ത്രിക്കുന്നതിലും മലയാളികളടങ്ങുന്ന ഇന്ത്യൻ സംഘത്തിന്റെ വൈദഗ്ധ്യം ഈ യാത്രയിലൂടെ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.ട്രെയിനിനുള്ളിൽ മാത്രമല്ല, റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരെ സ്വീകരിക്കുന്നതിലും സഹായിക്കുന്നതിലും മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ വലിയൊരു സംഘം തന്നെയാണ് സജീവമായി രംഗത്തുള്ളത്. രാജ്യത്തിന്റെ ഭാവി വികസനത്തിന്റെയും എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെയും പ്രതീകമായ ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര അതീവ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കാൻ റിയാസ് നസീറിന്റെയും നിഷാദിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചു. ഗതാഗത രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങുന്ന യുഎഇയുടെ ചരിത്ര വഴിത്തിരിവിന് പിന്നിൽ തികഞ്ഞ പ്രൊഫഷണലിസത്തോടെ പ്രവർത്തിച്ച മലയാളി കരുത്ത് പ്രവാസ ലോകത്തിന് വലിയൊരു തിളക്കമാണ് സമ്മാനിക്കുന്നത്.Content Highlights:The historic maiden passenger journey of UAE’s Etihad Rail was successfully managed by a dedicated team of Malayali professionals. Leading the team were Riyas Nazeer, who oversaw overall operations, and Nishad from Alappuzha, who managed the train drivers. Their contribution highlights the strong presence and expertise of Indian professionals in the Gulf transport sector.