അബുദാബി | യുഎഇയിലെ (UAE) ഇന്ത്യൻ പ്രവാസികൾക്കായുള്ള കോൺസുലാർ സേവനങ്ങളിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഭരണപരമായ കാരണങ്ങളാൽ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും നാളെ (ജൂലൈ 2) മുതൽ തങ്ങളുടെ സ്വന്തം ഓഫീസുകൾ വഴി പരിമിതമായ രീതിയിൽ കോൺസുലാർ സേവനങ്ങൾ നൽകിത്തുടങ്ങും. പാസ്പോർട്ട് (Passport), വിസ (Visa), അറ്റസ്റ്റേഷൻ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔട്ട്സോഴ്സിംഗ് പങ്കാളിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസി സേവനങ്ങൾ ഏറ്റെടുക്കാൻ വൈകുന്നതിനാലാണ് ഈ താൽക്കാലിക ക്രമീകരണം. ബിഎൽഎസ് ഇന്റർനാഷണൽ, എസ് ജി ഐ വി എസ് ഗ്ലോബൽ എന്നിവയിൽ നിന്നുള്ള മാറ്റം ജൂലൈ 1 മുതൽ നടപ്പിലാകുമെന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും അപ്പോയിന്റ്മെന്റുകളുടെ സസ്പെൻഷൻ നീട്ടേണ്ടി വരികയായിരുന്നു.പുതിയ ക്രമീകരണമനുസരിച്ച് ടോക്കൺ അടിസ്ഥാനത്തിൽ ആദ്യം വരുന്നവർക്ക് ആദ്യം (First-come-first-served) എന്ന രീതിയിലായിരിക്കും സേവനങ്ങൾ ലഭ്യമാകുക. എംബസിയിലും കോൺസുലേറ്റിലും ഇതിനായുള്ള പ്രവേശന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ്. അപേക്ഷകർ പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ മറ്റ് രേഖകളും സഹിതം നേരിട്ട് ഓഫീസുകളിൽ എത്തണം.എംബസിയിലും കോൺസുലേറ്റിലും ആവശ്യമായ ഫീസ് അടച്ചതിന് ശേഷം മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കൂ. കോൺസുലാർ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷകർക്ക് മാത്രമേ ഉള്ളിലേക്ക് പ്രവേശനം അനുവദിക്കൂ. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്ക് മാതാപിതാക്കളുടെ സാന്നിധ്യം നിർബന്ധമാണ്. നിലവിൽ ഫീസുകൾ ക്യാഷ് (Cash) ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. അതിനാൽ ആവശ്യമായ കൃത്യമായ തുക കൈയിൽ കരുതണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.ഇന്ത്യൻ എംബസി, യുഎഇപാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഈ പുതിയ നിരക്കുകൾ എംബസിയിലും കോൺസുലേറ്റിലും ഇനി വരാനിരിക്കുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളിലും (Indian Consular Application Centres) ഒരേപോലെ ബാധകമായിരിക്കും.സംശയങ്ങൾക്കും സഹായങ്ങൾക്കുമായി കോൺടാക്ട് ചാനലുകളിൽ മാറ്റമില്ലാതെ തുടരുന്നു. ടോൾ ഫ്രീ നമ്പർ ആയ 800 46342 വഴിയും, പ്ലസ് 971 54 309 0571 എന്ന വാട്സ്ആപ്പ് (WhatsApp) നമ്പർ വഴിയും, pbsk.dubai@mea.gov.in എന്ന ഇമെയിൽ വഴിയും ബന്ധപ്പെടാം. മുൻപ് പ്രഖ്യാപിച്ച ട്രാൻസിഷൻ കാലയളവായ ജൂൺ 26 മുതൽ ജൂൺ 30 വരെ ഈ ചാനലുകൾ വഴി അടിയന്തിര സേവനങ്ങൾ മാത്രമാണ് നൽകിയിരുന്നത്.പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ദുബൈയിലെയും അബുദാബിയിലെയും രണ്ട് എസ് ജി ഐ വി എസ് സെന്ററുകളും പ്രീമിയം ലോഞ്ചുകൾ ഉൾപ്പെടെ യുഎഇയിലുടനീളമുള്ള 16 ബിഎൽഎസ് ബ്രാഞ്ചുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. പുതിയ മാറ്റങ്ങൾ താൽക്കാലികമാണെന്നും അൽഹിന്ദ് ട്രാവൽസിലേക്കുള്ള മാറ്റം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും എംബസി വ്യക്തമാക്കി. അപേക്ഷകർ സാമൂഹിക മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്.Content highlightsThe Indian Embassy in Abu Dhabi announced temporary walk-in rules for consular and passport services starting July 2, 2026, due to administrative delays in outsourcing services to Alhind Tours and Travel LLC. Applicants must visit the Embassy or Consulate premises in person between 9am and 12:30pm with filled applications and exact cash payments. Revised passport service fees have also come into effect across the UAE from July 1, 2026. All previous BLS and SGIVS centres have closed as part of this transition.