വിഴിഞ്ഞത്ത് വന്‍ വിദേശ നിക്ഷേപം; അദാനി പോര്‍ട്ടിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കി എം എസ് സി ഗ്രൂപ്പ്

Wait 5 sec.

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍. തുറമുഖത്തിന്റെ 49 ശതമാനം ഓഹരിയാണ് എം എസ് സി സ്വന്തമാക്കുന്നത്. കമ്പനിയുടെ ഉപവിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ടി ഐ എല്‍) 13,000 കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്ത് നടത്തുക. സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. ഇന്ത്യന്‍ തുറമുഖ മേഖലക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിഴിഞ്ഞം തുറമുഖത്തിലേക്കെത്തുന്നത്. 27,000 കോടി രൂപ മൂല്യമുള്ളതാണ് പദ്ധതി. 2028 ഡിസംബറോടെ 57 ലക്ഷം ടി ഇ യു ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 16 ലക്ഷം ടി ഇ യു ആണ് ശേഷി. നിയമാനുസൃത അനുമതികള്‍ക്കും നിയന്ത്രണാനുമതികള്‍ക്കും വിധേയമായാണ് നിക്ഷേപം നടക്കുക.എം എസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂര്‍ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മില്‍ സഹകരണമുണ്ട്. ഈ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തിലെ ചരക്കുനീക്ക സ്ഥിരതയും വര്‍ധനയും ഉറപ്പാക്കുന്നതിനൊപ്പം വളര്‍ച്ചയുടെ വേഗം കൂട്ടുകയും ചെയ്യും.ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പല്‍പ്പാതയില്‍ നിന്ന് വെറും പത്ത് നോട്ടിക്കല്‍ മൈല്‍ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 1,820 മീറ്റര്‍ സ്വാഭാവിക ആഴമുള്ളത് കൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്തില്‍ സ്വീകരിക്കാന്‍ കഴിയും. എം എസ് സിയുടെ ഉപവിഭാഗമായ ടി ഐ എല്‍ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഓപറേറ്റര്‍മാരില്‍ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ ടി ഐ എല്‍ നിലവില്‍ നിയന്ത്രിക്കുന്നുണ്ട്. പ്രതിവര്‍ഷം ശരാശരി ഏഴ് കോടി കണ്ടെയ്‌നറുകളാണ് ടി ഐ എല്‍ കൈകാര്യം ചെയ്യുന്നത്.വിഴിഞ്ഞം തുറമുഖം അതിവേഗത്തില്‍ വളര്‍ന്ന് ഇന്ന് രാജ്യത്തെ പ്രധാന ട്രാന്‍സ്ഷിപ്‌മെന്റ് ഹബ്ബുകളിലൊന്നായി മാറിയെന്ന് എ പി എസ് ഇസെഡ് മുഴുവന്‍ സമയ ഡയറക്ടറും സി ഇ ഒയുമായ അശ്വനി ഗുപ്ത വ്യക്തമാക്കി. പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ തന്നെ 20 ലക്ഷം ടി ഇ യു കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി. എം എസ് സിയുമായുള്ള ദീര്‍ഘകാല പങ്കാളിത്തം വ്യാപിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ കൂട്ടുകെട്ട് ആഗോളതലത്തില്‍ വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും അശ്വനി ഗുപ്ത പറഞ്ഞു.Content Highlights:Vizhinjam Port has secured a massive foreign investment as the global shipping giant MSC Group acquired a 49 percent stake in Adani Port. This strategic partnership is set to significantly boost the maritime infrastructure and container transshipment capabilities in Kerala. The deal marks a major milestone for the international port project.