ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ അറസ്റ്റ് ചെയ്തു

Wait 5 sec.

കോവളം| വിഴിഞ്ഞത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷിനെ (32) ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അഭിലാഷിന്റെ ഭാര്യ വിഗ്നേശ്വരി (27) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.മുറിയില്‍ നിന്നും ബുക്കില്‍ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. ഇതോടൊപ്പം യുവതിയുടെ ഫോണില്‍ റിക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്ന ശബ്ദ സന്ദേശവും പോലീസ് കണ്ടെടുത്തു. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിട്ടുള്ളതെന്നും ഫോണ്‍ വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് അധികൃതര്‍ക്ക് നല്‍കുമെന്നും വിഴിഞ്ഞം എസ്‌ഐ ആര്‍ പ്രശാന്ത് പറഞ്ഞു.ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം മാത്രമേ ആയിട്ടുള്ളു. ചൊവ്വാഴ്ച വൈകിട്ടോടെ ഭര്‍ത്താവിന്റെ പിതാവ് ചന്ദ്രന്‍ എത്തുമ്പോള്‍ വീട് പൂട്ടിയനിലയിലായിരുന്നു. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കുമ്പോഴാണ് യുവതിയെ വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിട്ട് മണിക്കൂറുകള്‍ ആയതായി ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അഭിലാഷിന്റെ അമ്മ ജയലക്ഷ്മി നാലു മാസമായി മകളുടെ വീട്ടില്‍ ആയിരുന്നു. ഇതിനാല്‍ സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:A 32-year-old man was arrested in Vizhinjam following the death of his wife. The 27-year-old woman was found hanging in their house on Tuesday evening. Police recorded the arrest after recovering a suicide note and an audio recording from her mobile phone.