ഊര്‍ജ സുരക്ഷ, പ്രതിരോധം, എ ഐ സാങ്കേതികവിദ്യ; സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ജപ്പാന്‍ ധാരണ

Wait 5 sec.

ന്യൂഡല്‍ഹി | ഊര്‍ജ സുരക്ഷ, പ്രതിരോധം, എ ഐ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ളവയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ജപ്പാന്‍ ധാരണ. ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇത് സംബന്ധിച്ച കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്. വിവിധ കരാറുകള്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സുരക്ഷയെക്കുറിച്ചുള്ള ഒരു സംയുക്ത റോഡ്മാപ്പാണ് ഇരുരാജ്യങ്ങളും തയ്യാറാക്കിയിരിക്കുന്നത്.അസംസ്‌കൃത എണ്ണ സംഭരണം, പെട്രോളിയം കരുതല്‍ സംവിധാനങ്ങള്‍, സമുദ്ര ഊര്‍ജ്ജ ഗതാഗത ശൃംഖലകള്‍ എന്നിവയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രാജ്യത്ത് സൃഷ്ടിച്ച ഊര്‍ജ പ്രതിസന്ധിക്കിടെയാണ് ഇത്തരത്തിലൊരു ധാരണരൂപപ്പെടുത്തിയത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയവും ജപ്പാനിലെ ഊര്‍ജ പ്രതിരോധ, സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയവും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്.ക്രൂഡ് ഓയില്‍, പെട്രോളിയം ഉത്പന്ന ശേഖരം എന്നിവയെക്കുറിച്ചുള്ള അറിവും അനുഭവവും പങ്കിടല്‍, ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള ഏകോപനം, അടിയന്തര പ്രതികരണത്തിനും വിപണി സ്ഥിരതക്കുമുള്ള സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ തന്ത്രപരമായ സംഭരണ വ്യവസ്ഥയില്‍ സഹകരിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. ഇന്തോ-പസഫിക് നിയമാധിഷ്ഠിത ക്രമം ശക്തിപ്പെടുത്തുന്നതിന് പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനും കരാറുകളുണ്ട്. പ്രതിരോധ കരാറിന്റെ ഭാഗമായി കൂടുതല്‍ സംയുക്ത നാവിക അഭ്യാസങ്ങള്‍, പ്രതിരോധ സാങ്കേതിക സഹകരണം തുടങ്ങിയവയുണ്ടാകും. ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ ഒരു ഡിസ്ട്രോയറും ഇന്ത്യന്‍ നാവിക കപ്പലുകളും സംയുക്താഭ്യാസം നടത്തും.നാവിക അറ്റകുറ്റപ്പണികള്‍, മെയ്ക്ക് ഇന്‍ ഇന്ത്യ ചട്ടക്കൂടിന് കീഴിലുള്ള പ്രതിരോധ ഉപകരണങ്ങള്‍, മറ്റ് സുരക്ഷാ സംരംഭങ്ങള്‍ എന്നിവയില്‍ ഇരുപക്ഷവും സഹകരിക്കും. നിര്‍ണായക ധാതുക്കള്‍, ബാറ്ററികള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോഗ്യാസ് എന്നിവയെയും ഉള്‍ക്കൊള്ളുന്നതാണ് കരാറുകള്‍. ജപ്പാനുമായുള്ള പങ്കാളിത്തത്തിലെ പുതിയ അധ്യായത്തിനാണ് കരാറോടെ തുടക്കമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സെമികണ്ടക്ടറുകള്‍, ക്വാണ്ടം സാങ്കേതികവിദ്യകള്‍, നൂതന വസ്തുക്കള്‍ എന്നിവയില്‍ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും ജപ്പാനും ഒരു സംയുക്ത റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. ബാറ്ററികള്‍, ഗ്രീന്‍ ഹൈഡ്രജന്‍, ആണവോര്‍ജം എന്നിവയില്‍ സഹകരണം വികസിപ്പിക്കുന്നതിനൊപ്പം, ഇന്ത്യയില്‍ 1,000 ബയോഗ്യാസ്, ജൈവ വള പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനുള്ള ഒരു സംരംഭവും ഇരു രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, ബയോടെക് എന്നിവയില്‍ ഒപ്പുവച്ച കരാറുകള്‍ ആഗോള ആരോഗ്യ സുരക്ഷക്ക് സംഭാവന നല്‍കും. ലോകത്തിന് താങ്ങാനാവുന്നതും വിശ്വസനീയവും നൂതനവുമായ ആരോഗ്യ പരിഹാരങ്ങള്‍ ഇരുരാജ്യങ്ങളും സംഭാവന ചെയ്യുമെന്നും മോദി പറഞ്ഞു.സാമ്പത്തിക യുദ്ധം, മാര്‍ക്കറ്റ് ഇതര രീതികള്‍ എന്നിവയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ ഇരു രാജ്യങ്ങളും നേരിടുന്നുണ്ടെന്ന് തകായിച്ചി പറഞ്ഞു. പ്രതിരോധ ശേഷിയുള്ള നിര്‍ണായക ധാതു വിതരണ ശൃംഖലകള്‍ അടിയന്തിരമായി നിര്‍മിക്കേണ്ടതുണ്ട്. വിവരസാങ്കേതികവിദ്യ, കൃത്രിമബുദ്ധി, കൃഷി തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ സഹകരണത്തിന്റെ പ്രധാന മേഖലകളായി മാറ്റാനും ധാരണയായി. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയില്‍ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ ജപ്പാന്‍ തുടര്‍ന്നും പിന്തുണക്കുമെന്നും സനേ തകായിച്ചി പറഞ്ഞു. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ തകായിച്ചിയെ മോദി ഇളയ സഹോദരിയെന്നാണ് വിശേഷിപ്പിച്ചത്.10 ട്രില്യണ്‍ യെന്‍ നിക്ഷേപം ലക്ഷ്യംഇന്ത്യാ-ജപ്പാന്‍ കരാറോടെ ഇന്ത്യയിലേക്ക് ജപ്പാന്‍ 10 ട്രില്യണ്‍ യെന്‍ നിക്ഷേപം കൊണ്ടുവരും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ജപ്പാനില്‍ നിന്ന് 10 ട്രില്യണ്‍ യെന്‍ നിക്ഷേപം നേടുമെന്നും ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഓട്ടോമൊബൈല്‍ മേഖലക്ക് പുറമെ കപ്പല്‍ നിര്‍മാണം, വ്യോമയാനം, ലോജിസ്റ്റിക്സ് എന്നിവയിലേക്കും സഹകരണം വ്യാപിപ്പിക്കുന്നതിനും ഗവേഷണം, വിദ്യാഭ്യാസം, സ്റ്റാര്‍ട്ടപ്പുകള്‍, നൈപുണ്യ വികസനം, പ്രതിഭാ മൊബിലിറ്റി എന്നിവയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ഇന്ത്യ-ജപ്പാന്‍ മൊബിലിറ്റി പങ്കാളിത്ത ചട്ടക്കൂടും ഇരുപക്ഷവും അനാച്ഛാദനം ചെയ്തു.Content Highlights:India and Japan have agreed to strengthen cooperation in key sectors like energy security, defense, and AI. The decision aims to deepen strategic bilateral ties and foster technological innovation between both nations. This partnership enhances regional stability and boosts economic collaboration.