തുല്യതാ കോഴ്‌സുകൾ: രജിസ്‌ട്രേഷൻ ജൂലൈ 20 വരെ

Wait 5 sec.

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാക്ഷരത കോഴ്‌സ്, നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾ എന്നിവയിലേക്കുള്ള രജിസ്‌ട്രേഷൻ ജൂലൈ 20 വരെ നീട്ടി.ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കോഴ്‌സുകളുടെ പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം, ചെല്ലാൻ എന്നിവ literacymissionkerala.org ൽ ലഭ്യമാണ്.വിവിധ കാരണങ്ങളാൽ അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകാത്തവർക്കും ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്കും പഠനം പുനരാരംഭിക്കാനോ തുടരാനോ ആഗ്രഹിക്കുന്നവർക്കും തുല്യതാ കോഴ്‌സുകൾ മികച്ച അവസരമാണ്. സാക്ഷരതാമിഷൻ നടത്തുന്ന പത്താംതരം തുല്യതാ സർട്ടിഫിക്കറ്റിന് കേരള പി.എസ്.സി.യുടെ അംഗീകാരമുണ്ട്. ഹയർ സെക്കൻഡറി തുല്യതാ സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും അംഗീകൃതമാണ്.നാലാംതരം, ഏഴാംതരം തുല്യതാ കോഴ്‌സുകൾക്ക് കുറഞ്ഞ പ്രായപരിധി 15 വയസാണ്. നാലാംതരം തുല്യതയിൽ നവസാക്ഷരർക്കും പ്രൈമറി പഠനം പൂർത്തിയാക്കാൻ കഴിയാതിരുന്നവർക്കും, ഏഴാംതരം തുല്യതയിൽ നാലാംതരം തുല്യത വിജയിച്ചവർക്കും അപ്പർ പ്രൈമറി തലത്തിൽ പഠനം മുടങ്ങിയവർക്കുമാണ് പ്രവേശനം. ഈ രണ്ട് കോഴ്‌സുകളിലേക്കും പഠിതാക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ല.ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. കോഴ്‌സ് വിജയിക്കുന്നവർക്ക് ഉന്നത പഠനത്തിനും പ്രൊമോഷനും പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്.പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്ക് ചേരാം. പ്ലസ് ടു/ പ്രീഡിഗ്രീ തോറ്റവർക്കും ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കണ്ടറി കോഴ്‌സിൽ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.അഡ്മിഷൻ ഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്‌സിനുള്ളത്. പത്താംതരത്തിന് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 1950 രൂപയാണ്. എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കോഴ്‌സ് ഫീസ് ഇല്ല. രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കണം.സംസ്ഥാനത്തെ വിവിധ ജില്ലാ സാക്ഷരതാമിഷനുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രങ്ങളിൽ പൊതുഅവധി ദിവസങ്ങളിലാണ് തുല്യതാ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതം വകയിരുത്തിയും നിരവധി പഠിതാക്കൾക്ക് തുല്യതാ കോഴ്‌സുകളിൽ ചേരാൻ അവസരമൊരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സംസ്ഥാന സാക്ഷരതാമിഷൻ ഓഫീസുമായോ ബന്ധപ്പെട്ട ജില്ലാ സാക്ഷരതാമിഷൻ ഓഫീസുമായോ പഠനകേന്ദ്രങ്ങളുടെ ചുമതലയുള്ള പ്രേരക്മാരുമായോ ബന്ധപ്പെടാം.