ഡെറാഡൂണ്‍ | ഏകീകൃത സിവില്‍കോഡ് നടപ്പാക്കിയതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ മദ്റസാ ബോര്‍ഡ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി ‘ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജ്യുക്കേഷന്‍ അതോറിറ്റി’ (യു എസ് എം ഇ എ) നിലവില്‍ വന്നു. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അതോറിറ്റി ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.മുസ്ലിം, സിഖ്, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍, ജൈന വിഭാഗങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇനി പൊതുവായ നിയന്ത്രണ സംവിധാനത്തിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. ജൂലൈ ഒന്ന് മുതല്‍ പുതിയ അതോറിറ്റി നിലവില്‍വന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2016ലെ ഉത്തരാഖണ്ഡ് മദ്റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമവും 2019ലെ ഉത്തരാഖണ്ഡ് നോണ്‍- ഗവണ്‍മെന്റ് അറബിക് ആന്‍ഡ് പേര്‍ഷ്യന്‍ മദ്റസ അംഗീകാര ചട്ടങ്ങളും പ്രകാരമായിരുന്നു സംസ്ഥാനത്ത് നേരത്തേ മദ്റസകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാനത്ത് മദ്‌റസാ ബോര്‍ഡിന്റെ അംഗീകാരമുള്ള 452 മദ്റസകളാണുള്ളത്.2025 ആഗസ്റ്റിലാണ് പുതിയ നിയമം പാസ്സാക്കിയത്. അംഗീകാരമില്ലെന്ന് കാണിച്ച് മദ്റസകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് നിയമം കൊണ്ടുവന്നത്. നടപടികളുടെ ഭാഗമായി ഇരുനൂറിലധികം മദ്റസകള്‍ സര്‍ക്കാര്‍ പൂട്ടിയിരുന്നു.Content Highlights:The Uttarakhand government has officially dissolved the state Madrasa Board. This significant decision impacts minority education administration across the state. Further updates regarding alternative arrangements are awaited.