മനാമ: സാധാരണക്കാരായ പ്രവാസികൾക്ക് കനത്ത പ്രഹരമാണ് പാസ്പോർട്ട് സേവനങ്ങൾക്കുള്ള ഫീസ് കുത്തനെ വർധിപ്പിച്ച അധികൃതരുടെ നടപടിയെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാധാരണക്കാരായ പ്രവാസികളെയും വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന സാധാരണ പൗരന്മാരെയും ഈ തീരുമാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ്. തൊഴിൽ തേടിയും ഉപജീവനത്തിനായും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പാസ്പോർട്ട് എന്നത് ഒരു അവിഭാജ്യ രേഖയാണ്. ഇതിന്റെ ഫീസ് വർധിപ്പിക്കുന്നത് പ്രത്യേകിച്ച് പ്രവാസി മലയാളി സമൂഹത്തിന് വലിയൊരു തിരിച്ചടിയാണ്. നിലവിൽ തന്നെ വിമാനക്കൂലി വർധനവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്ന പ്രവാസികൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ് പുതിയ തീരുമാനം.അടിയന്തര സാഹചര്യങ്ങളിൽ സാധാരണക്കാർ ആശ്രയിക്കുന്ന തത്കാൽ സേവനങ്ങളുടെ നിരക്കിലുണ്ടായ വർധനവ് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വിപുലപ്പെടുത്തി ചെലവ് കുറക്കാൻ ശ്രമിക്കേണ്ടതിന് പകരം, പൗരന്മാരുടെ അവശ്യ സേവനങ്ങളെ സാമ്പത്തിക സ്രോതസ്സായി കാണുന്ന നടപടി തിരുത്തപ്പെടേണ്ടതുണ്ട്. സാധാരണക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് വർധിപ്പിച്ച ഫീസ് നിരക്കുകൾ എത്രയും വേഗം പിൻവലിക്കാനും പഴയ നിരക്ക് പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും എല്ലാ പ്രവാസി കൂട്ടായ്മകളും സംഘടനകളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.The post അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്‌സ് അസോസിയേഷൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.