ജൂലൈ 31 നകം നടപടികൾ പൂർത്തിയാക്കാൻ മന്ത്രി കെ.എ. തുളസിയുടെ കർശന നിർദ്ദേശംസംസ്ഥാന പിന്നാക്ക ക്ഷേമ, പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളും ഫയലുകളും എത്രയും വേഗം തീർപ്പാക്കുന്നതിനായി ‘ഫയൽ അദാലത്ത് 2026’ സംഘടിപ്പിക്കുന്നു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി കെ.എ. തുളസി നടത്തിയ അടിയന്തര അവലോകന യോഗത്തിലാണ് ഈ തീരുമാനം. സർക്കാരിന്റെ 100 ദിന കർമ്മപരിപാടികൾ സമയബന്ധിതമായും ഏറ്റവും മികച്ച രീതിയിലും നടപ്പിലാക്കണമെന്നും, പരമാവധി അപേക്ഷകർക്ക് വേഗത്തിൽ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.പുതിയ സർക്കാർ അധികാരമേറ്റതിന്റെ പശ്ചാത്തലത്തിൽ, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിലും പിന്നക്ക വികസന വകുപ്പിലും അതിനു കീഴിലുള്ള ഡയറക്ടറേറ്റുകളിലും സബ് ഓഫീസുകളിലും ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഈ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്. 2026 ജൂലൈ 6 മുതൽ ജൂലൈ 31 വരെയാണ് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നത്. ഈ കാലയളവിനുള്ളിൽ ഓരോ ഓഫീസിലെയും ഓരോ സെക്ഷനിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെയും തപാലുകളുടെയും എണ്ണം കൃത്യമായി കണ്ടെത്തി അടിയന്തരമായി തീർപ്പുകൽപ്പിക്കേണ്ടതുണ്ട്.അദാലത്ത് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിന് വകുപ്പുകളിലും ഡയറക്ടറേറ്റുകളിലും അതിനു കീഴിലുള്ള എല്ലാ ജില്ലാ, സബ് ഓഫീസുകളിലും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. അവരെ സഹായിക്കാൻ ഒരു സെക്ഷനെ നോഡൽ സെക്ഷനായും നിയോഗിച്ചിട്ടുണ്ട്. നോഡൽ ഓഫീസർമാരുടെയും സെക്ഷനുകളുടെയും വിവരങ്ങളും, തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകളുടെയും തപാലുകളുടെയും കൃത്യമായ കണക്കുകളും രേഖപ്പെടുത്തുന്നതിനായി പ്രത്യേക ഗൂഗിൾ ഷീറ്റ് സംവിധാനം തയ്യാറാക്കും.അദാലത്ത് പോർട്ടലിൽ വിവരങ്ങൾ നൽകുമ്പോൾ ഫയലുകൾ കോടതി കേസുകൾ, അക്കൗണ്ടന്റ് ജനറലുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വികസന പദ്ധതികൾ, ക്ഷേമ പദ്ധതികൾ, ഗ്രാന്റുകൾ, നിവേദനങ്ങൾ, പരാതികൾ, അച്ചടക്ക നടപടി എന്നിങ്ങനെ കൃത്യമായി തരംതിരിക്കാനും യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പെറ്റീഷനുകൾ മറുപടി നൽകാതെ കെട്ടിക്കിടക്കുന്നത് വലിയ വീഴ്ചയായി കണക്കാക്കും. പരാതി പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെങ്കിൽ ആ വിവരം കാരണസഹിതം അപേക്ഷകനെ രേഖാമൂലം അറിയിക്കണമെന്നും അദാലത്ത് പ്രവർത്തനങ്ങളിൽ യാതൊരുവിധ കാലതാമസവും അനുവദിക്കില്ലെന്നും മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. ഫയൽ തീർപ്പാക്കലിന്റെ പുരോഗതി വിലയിരുത്താൻ സബ് ഓഫീസ് തലത്തിലും ഡയറക്ടറേറ്റ്, സെക്രട്ടേറിയറ്റ് തലങ്ങളിലും ഓരോ ആഴ്ചയിലും മേൽത്തട്ടിലുള്ള അദാലത്തുകളും അവലോകനങ്ങളും നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് സെക്രട്ടറി ഡോ. എ. കൗശികൻ, പ്രൈവറ്റ് സെക്രട്ടറി ഇർഷാദ് എം എസ്, സ്‌പെഷ്യൽ സെക്രട്ടറി മിനിമോൾ വി ജി, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.