നിർദ്ദിഷ്ട എയിംസ് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ നിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. കഴിഞ്ഞ എൽഡിഎഫ് സർക്കാർ കിനാലൂരിൽ യോജിച്ച സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോൾ സ്ഥലം മാറ്റാനുള്ള ആരോഗ്യ വകുപ്പിൻ്റെ നീക്കങ്ങൾ അത്യന്തം പ്രതിഷേധകരമാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കോഴിക്കോട് ജില്ലയോടും മലബാറിനോടും ഉള്ള അവഗണനയുടെ തെളിവാണിതെന്നും ഈ നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടുമുൻ എൽ.ഡി.എഫ്. സർക്കാരിൻ്റെ കാലത്തുതന്നെ വിപുലമായ സൗകര്യങ്ങളോടെ എയിംസ് സ്ഥാപിക്കുന്നതിന് പര്യാപ്‌തമായ രീതിയിൽ അനുയോജ്യമായ ഭൂമി കിനാലൂരിൽ കണ്ടെത്താൻ കഴിഞ്ഞതാണ്. എന്നാലിപ്പോൾ എയിംസ് സ്ഥലം മാറ്റുന്നതിനുള്ള നീക്കം കോഴിക്കോടിനോടും പൊതുവെ മലബാറിനോടുമുള്ള തികഞ്ഞ അവഗണനയും നിക്ഷിപ്തതാൽപര്യങ്ങളും മൂലമാണ്. മുൻ സർക്കാരിൻ്റെ നിരന്തരമായ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് കേന്ദ്ര ആരോഗ്യവകുപ്പ് കേരളത്തിന് എയിംസ് അനുവദിക്കാമെന്നും അതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും സംസ്ഥാനത്തെ അറിയിച്ചത്. അതനുസരി ച്ചാണ് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു.കിനാലൂർ, കാന്തലോട് വില്ലേജുകളിലെ 252 ഏക്കർ ഭൂമിയാണ് അന്ന് സംസ്ഥാന സർക്കാർ എയിംസിനായി കണ്ടെത്തിയത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും പ്രത്യേകിച്ച് വെള്ളം, വൈദ്യുതി തുടങ്ങിയവ ലഭ്യമാവുന്ന സ്ഥലമാണിത്. മാത്രമല്ല റെയിൽവേ സ്റ്റേഷനെയും കോഴിക്കോട് വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ കഴിയുന്ന റോഡ് സൗകര്യവുമുണ്ടെന്ന് നേരത്തെ തന്നെ കേന്ദ്ര ആരോഗ്യവകുപ്പിനെ രേഖാപരമായി അറിയിച്ചിരുന്നു.ALSO READ: ശേഷാദ്രിനാഥന്റെ നിയമനം തെറ്റായ നടപടി, ഇത് യുഡിഎഫിന് വലിയ പരുക്കേൽപ്പിക്കും: പി എം നിയാസ്കിനാലൂരിൽ സംസ്ഥാന വ്യവസായവികസന കോർപ്പറേഷൻ്റെ കൈവശമുള്ള ഭൂമിയിൽ 151.52 ഏക്കർ സ്ഥലം മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് പ്രത്യേക ഉത്തരവ് പ്രകാരം കൈമാറുകയും ചെയ്‌തിട്ടുണ്ട്. ഇതിനോട് ചേർന്നുകിടക്കുന്ന സ്വകാര്യവ്യക്തികളുടെ കൈവശത്തിലുള്ള 100 ഏക്കർ ഭൂമി അക്വയർ ചെയ്യുന്നതിന് ആവശ്യമായ റവന്യൂ വകുപ്പിന്റെ നടപടികളും തുടങ്ങിക്കഴിഞ്ഞതാണ്. പാരിസ്ഥിതിക ആഘാതപഠനം പൂർത്തിയായ ഭൂമിയിൽ സർക്കാർ 11 (1) പ്രകാരം വിജ്ഞാപനം ഇറക്കുകയും കൈവശ ഭൂമിയിലെ കെട്ടിടങ്ങളുടെയും കുഴിക്കൂർ ചമയങ്ങളുടെയും മൂല്യനിർണയപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സ്ഥലത്തിൻ്റെ അക്വിസേഷൻ നടപടികൾ പൂർത്തിയാവുന്നതോടെ 100 ഏക്കർ ഭൂമി കൂടി മെഡിക്കൽ വിദ്യാഭ്യാസബോർഡിന് കൈമാറാൻ കഴിയും.എന്നാൽ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും നീങ്ങിക്കഴിഞ്ഞിട്ടും എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്തുന്ന തരത്തിൽ ആലോചന നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്‌താവനയിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പറയുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കോഴിക്കോടുനിന്ന് നിർദ്ദിഷ്ട എയിംസ് മാറ്റിക്കൊണ്ടുപോകാനുള്ള സർക്കാരിന്റെ നീക്കങ്ങളെ എല്ലാവരും ഒന്നിച്ചുനിന്ന് പ്രതിരോധിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കാനാവശ്യമായ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.The post നിർദ്ദിഷ്ട എയിംസ് കോഴിക്കോട്ടെ കിനാലൂരിൽ നിന്ന് മാറ്റാനുള്ള നീക്കം പ്രതിഷേധാർഹം: സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി appeared first on Kairali News | Kairali News Live.