ആലപ്പുഴ ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ടു. സെന്റ് മൈക്കിൾ കോളേജിന് സമീപം ദേശീയപാതയിൽ ആണ് വൈകിട്ട് ആറ് മണിയോടെ വൻ ഗർത്തം രൂപപ്പെട്ടത്. നിർമ്മാണം പൂർത്തിയായി വരുന്ന പുതിയ റോഡിൽ പെട്ടെന്നുണ്ടായ ഈ ഗർത്തം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. ഒരു കെഎസ്ആർടിസി ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് റോഡ് വലിയ ശബ്ദത്തോടെ താഴേക്ക് ഇരുന്നത്.കെഎസ്ആർടിസി ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡ് ഇരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരൻ അപകടം നേരിട്ട് കാണുകയും ഉടൻ തന്നെ വാഹനം നിർത്തുകയും ചെയ്തതുകൊണ്ട് വൻ അപകടം ഒഴിവായി. ഒരു ബൈക്കും യാത്രക്കാരനും പൂർണ്ണമായും ഉള്ളിലേക്ക് പോകാവുന്ന അത്രയും ആഴമുള്ള ഗർത്തമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്തുണ്ടായതിന് സമാനമായ അപകടം ഇവിടെയും സംഭവിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വാഹനങ്ങൾ അതിവേഗം കടന്നുപോകുന്ന പാതയായതിനാൽ, നാട്ടുകാർ ഉടൻ തന്നെ ഗർത്തത്തിന് ചുറ്റും തടസ്സങ്ങൾ നിരത്തി ഗതാഗതം നിയന്ത്രിക്കുകയും അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു.ALSO READ: ‘അത് വാടകയ്ക്ക് കൊടുത്തതല്ലേ’; കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം നടന്ന സംഭവത്തിൽ തടിതപ്പി മന്ത്രി സണ്ണി ജോസഫ്അപകട വിവരം പോലീസിനെ അറിയിച്ചപ്പോൾ സ്റ്റേഷൻ പരിധിയെച്ചൊല്ലിയുള്ള തർക്കമാണ് ഉണ്ടായതെന്ന് ആരോപണമുണ്ട്. മാരാരിക്കുളം, അർത്തങ്കൽ പോലീസിനെ ബന്ധപ്പെട്ടപ്പോൾ ചേർത്തല പോലീസ് സ്റ്റേഷൻ പരിധിയാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ചേർത്തല പോലീസിനെ വിവരമറിയിച്ചപ്പോൾ ഇത് പൊതുമരാമത്ത് വകുപ്പിന്റെ ജോലിയാണെന്നും പോലീസിന്റെ ഉത്തരവാദിത്തമല്ലെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പോലീസിന്റെ ഈ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.സംഭവത്തിൽ ജില്ലാ പോലീസ് മേധാവി പിന്നീട് ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന റോഡിൽ ഇത്തരമൊരു ഗർത്തം രൂപപ്പെട്ടത് റോഡ് നിർമ്മാണത്തിലെ അപാകതയാണോ എന്ന സംശയവും ഉയർത്തുന്നുണ്ട്.The post ആലപ്പുഴയിൽ നിർമാണം നടക്കുന്ന ദേശീയ പാതയിൽ ഗർത്തം; ഒഴിവായത് വലിയ ദുരന്തം appeared first on Kairali News | Kairali News Live.