അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി കയറ്റുന്നു എന്ന പ്രചാരണം തികച്ചും അശാസ്ത്രീയവും ജീവന് തന്നെ വൻ ഭീഷണിയുള്ളതുമായ ഒരു മിഥ്യാധാരണയാണെന്ന് എഴുത്തുകാരനും ഡോക്ടറുമായ മനോജ് വെള്ളനാട്. അശാസ്ത്രീയമായ വാദങ്ങൾ അപകടരമാണെന്ന് പൂർണ്ണ ധാരണയുണ്ടായിട്ടും വ്യാജ പ്രചരണം നടത്തിയ ആഭ്യന്തര മന്ത്രിയ്ക്ക് ശാസ്ത്രീയമായി ഉത്തരം നൽകി കൊണ്ടാണ് മനോജ് വെള്ളനാട് രംഗത്ത് വന്നിരിക്കുന്നത്.അണലികളുടെ വിഷം പ്രധാനമായും ഹീമോടോക്സിക് (Haemotoxic) ആണ്. അതായത്, ഇത് രക്തകോശങ്ങളെ നശിപ്പിക്കുകയും, രക്തം കട്ടപിടിക്കുന്നത് തടയുകയും, ആന്തരിക രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യുന്ന ഒന്നാണ്. ലഹരി വസ്തു എന്നുവച്ചാൽ തലച്ചോറിനെ ബാധിക്കുന്ന ഒന്നായിരിക്കണം. ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോടോക്സിക് (Neurotoxic) സ്വഭാവം അണലി വിഷത്തിന് പൊതുവേ കുറവാണ്. അതിനാൽ അണലി കടിച്ചാൽ ലഹരിയല്ല, മറിച്ച് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ ശാരീരിക തകരാറുകളാണ് ഉണ്ടാകുക.also read; ‘അണലിയെ കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ബാക്കിയുണ്ടാകില്ല’; ചെന്നിത്തലയുടെ പരാമർശത്തിൽ വിമർശനംപ്രായപൂർത്തിയായ പാമ്പുകളെ അപേക്ഷിച്ച് അണലി കുഞ്ഞുങ്ങളുടെ വിഷത്തിന് വീര്യം കുറവായിരിക്കുമെന്നത് തെറ്റായ ധാരണയാണ്. അണലി കുഞ്ഞുങ്ങൾക്ക് അവയുടെ വിഷഗ്രന്ഥിയുടെ അളവ് എത്രമാത്രം വിഷം പുറത്തുവിടണം എന്ന് നിയന്ത്രിക്കാനുള്ള ശേഷി കുറവായിരിക്കും. അതിനാൽ അവ കടിക്കുമ്പോൾ വലിയ അളവിൽ വിഷം ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇത് അതീവ അപകടകരമാണ്.നാവ് ശരീരത്തിൽ ഏറ്റവും കൂടുതൽ രക്തക്കുഴലുകളുള്ള ഒരു ഭാഗമാണ്. ഇവിടെ പാമ്പ് കൊത്തിയാൽ വിഷം വളരെ പെട്ടെന്ന് നേരിട്ട് രക്തപ്രവാഹത്തിൽ കലരുകയും മിനിറ്റുകൾക്കകം മരണം സംഭവിക്കുകയും ചെയ്യാം. ലഹരി നുകരാൻ ആളു ബാക്കിയുണ്ടാവില്ല എന്നർത്ഥം.ചില പ്രത്യേകതരം പാമ്പുകളുടെ (ഉദാഹരണത്തിന് ചിലയിനം മൂർഖൻ പാമ്പുകൾ – Cobras) വിഷത്തിൽ അടങ്ങിയിരിക്കുന്ന ന്യൂറോടോക്സിനുകൾ (Neurotoxins)നാഡീവ്യൂഹത്തെ ബാധിക്കുമ്പോൾ ചിലരിൽ ചെറിയൊരു മരവിപ്പോ താൽക്കാലികമായ മാറ്റങ്ങളോ ഉണ്ടായേക്കാം. അന്താരാഷ്ട്ര തലത്തിൽ ‘Snake Venom Use’ എന്ന പേരിൽ ചില ലഹരി സംഘങ്ങൾ പാമ്പ് വിഷം ശുദ്ധീകരിച്ച് വളരെ കുറഞ്ഞ അളവിൽ (Micro-dosing) മറ്റു രാസവസ്തുക്കൾക്കൊപ്പം ചേർത്ത് ദുരുപയോഗം ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് ഒരിക്കലും നേരിട്ട് പാമ്പിനെക്കൊണ്ട് നാവിൽ കൊത്തിച്ചല്ല ചെയ്യുന്നത്. അതു തന്നെ ജീവൻ വച്ചുള്ള കളിയാണ്. എന്നും മനോജ് വെള്ളനാട് ഫേസ്ബുക്കിൽ കുറിച്ചുമേൽപറഞ്ഞ വസ്തുതകളെല്ലാം മനസിൽ വയ്ക്കാനും അണലി കുഞ്ഞുങ്ങളെ നേരിട്ട് നാവിൽ കൊത്തിക്കുന്ന രീതി ആരെങ്കിലും ചെയ്താൽ അത് ലഹരിയല്ല നൽകുക, മറിച്ച് നിമിഷങ്ങൾക്കകം ദാരുണമായ മരണമായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.The post അണലിയെ കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി കയറ്റുന്നുവെന്ന പ്രചാരണം അശാസ്ത്രീയം; ചെന്നിത്തലയുടെ പരാമർശത്തെ തിരുത്തി ഡോ. മനോജ് വെള്ളനാട് appeared first on Kairali News | Kairali News Live.