മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളുടെ ഔദ്യോഗിക സ്ഥാനാരോഹണം (Induction Ceremony) പ്രൗഢമായ ചടങ്ങുകളോടെ നടന്നു. ജൂൺ 27-ന് സമാജം ഡിജെ ഹാളിൽ (DJ Hall) നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് മുഖ്യഅതിഥിയായിരുന്നു.സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എല്ലാ അംഗങ്ങളുടെയും സഹകരണം ഒന്നുകൊണ്ട് മാത്രമാണ് സമാജത്തിന്റെ പ്രവർത്തനങ്ങൾ മേന്മയോടെയും വിജയകരമായും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും, അത് തുടർന്നും ഉണ്ടാകണമെന്നും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ചടങ്ങിന് സ്വാഗതം ആശംസിച്ചു.സമാജത്തിന്റെ പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണെന്നും, വിശേഷിച്ചും ഈ വിഷമസന്ധിയിൽ സമാജം നടത്തിയ പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണെന്നും അംബാസഡർ വിനോദ് കെ. ജേക്കബ് തന്റെ ആശംസ പ്രസംഗത്തിൽ വ്യക്തമാക്കി. തുടർന്ന് പുതിയ കമ്മിറ്റി അംഗങ്ങൾക്കുള്ള ഔദ്യോഗിക ബാഡ്ജും, 2024-2026 വർഷത്തെ മുൻ കമ്മിറ്റി അംഗങ്ങൾക്കുള്ള മെമന്റോകളും അംബാസഡർ സമർപ്പിച്ചു. അതോടൊപ്പം പുതിയ വനിതാവേദി കമ്മിറ്റിയുടെ സ്ഥാനാരോഹണവും അവർക്കുള്ള ബാഡ്ജ് കൈമാറലും അംബാസഡർ നിർവ്വഹിച്ചു.ചടങ്ങിന്റെ ഭാഗമായി പ്രസിദ്ധ ഗായകൻ പന്തളം ബാലനും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം പാർവതി മേനോനും നയിച്ച മ്യൂസിക്കൽ നൈറ്റും, ഷിബു കരുണാകരനും കലാമണ്ഡലം ആവണി അർജുനനും ചിട്ടപ്പെടുത്തിയ നൃത്ത പരിപാടികളും അരങ്ങേറി. ഇൻഡക്ഷൻ സെറിമണിയുടെ അവതാരക രാജി ഉണ്ണികൃഷ്ണൻ പരിപാടികൾ നിയന്ത്രിച്ചു.The post ബഹ്‌റൈൻ കേരളീയ സമാജം പുതിയ ഭരണസമിതി ചുമതലയേറ്റു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.