പുതുചരിത്രമെഴുതി ഇത്തിഹാദ് റെയില്‍; സ്വപ്നയാത്രക്ക് മംഗള തുടക്കം

Wait 5 sec.

അബൂദബി | പ്രകൃതി കനിഞ്ഞരുളിയ കുന്നും മലകളും താണ്ടി, മണലാരണ്യത്തിന്റെ ഹൃദയത്തിലൂടെ ഇത്തിഹാദ് റെയിലിന്റെ കന്നിയാത്ര തിങ്കളാഴ്ച പുലര്‍ച്ചെ ചരിത്രത്തിലേക്ക് പാഞ്ഞുകയറി. രാജ്യത്തിന്റെ കിഴക്കന്‍ തീരപ്രദേശമായ ഫുജൈറയെയും തലസ്ഥാന നഗരമായ അബൂദബിയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട്, യു എ ഇ യുടെ ഗതാഗത ചരിത്രത്തിലെ പുതിയൊരു സുവര്‍ണ അധ്യായത്തിനാണ് തുടക്കമായത്. പുലര്‍ച്ചെ കൃത്യം 5.34ന് ഫുജൈറയിലെ അല്‍ ഹിലാല്‍ സിറ്റി സ്റ്റേഷനില്‍ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട അത്യാധുനിക എക്സ്പ്രസ്സ് ട്രെയിന്‍, റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അബൂദബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.ഉത്സവപ്രതീതിയോടെയാണ് ഫുജൈറ ഈ ചരിത്ര മുഹൂര്‍ത്തത്തെ വരവേറ്റത്. കന്നിയാത്രക്ക് സാക്ഷ്യം വഹിക്കാനും അവിസ്മരണീയ നിമിഷത്തിന്റെ ഭാഗമാകാനുമായി നൂറുകണക്കിന് ആളുകളാണ് പുലര്‍ച്ചെ തന്നെ സ്റ്റേഷനിലേക്ക് ഒഴുകിയെത്തിയത്. ഇത്തിഹാദ് റെയില്‍ നടത്തിയ രാജ്യവ്യാപക ക്യാമ്പയിനിലൂടെ തിരഞ്ഞെടുത്ത ഫുജൈറ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹമദ് മന്‍സൂര്‍ അല്‍ ബലൂശിയായിരുന്നു കോച്ച് ഒന്നിലെ ഒന്നാം നമ്പര്‍ സീറ്റിലിരുന്ന് യാത്ര ചെയ്ത പ്രഥമ യാത്രക്കാരന്‍.സ്വപ്നയാത്രയുടെ നിയന്ത്രണത്തിന് പിന്നില്‍ പ്രവാസി മലയാളികളുടെ കരുത്തുറ്റ സാന്നിധ്യമുണ്ടായിരുന്നു എന്നത് പ്രവാസ ലോകത്തിന് ഇരട്ടി മധുരമായി. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും സുരക്ഷിതത്വവും വേഗതയും ഒത്തുചേര്‍ന്ന ട്രെയിനിലെ അനുഭവത്തെ യാത്രക്കാര്‍ ഒന്നടങ്കം പ്രശംസിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ശതമാനം പ്രത്യേക ഇളവാണ് ടിക്കറ്റ് നിരക്കില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.