മറന്നുപോകുന്ന ആരോഗ്യം

Wait 5 sec.

ജീവിതത്തിന്റെ തിരക്കുകളില്‍ മനുഷ്യന്‍ പലപ്പോഴും അവഗണിക്കുന്നത് സ്വന്തം ആരോഗ്യത്തെയാണ്. കൂടുതല്‍ വരുമാനത്തിനും മികച്ച ജീവിത സൗകര്യങ്ങള്‍ക്കും വേണ്ടി അക്ഷീണം പ്രയത്‌നിക്കുമ്പോള്‍, ആരോഗ്യം എന്ന അമൂല്യ സമ്പത്ത് പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു. കടുത്ത ക്ഷീണം, ഉറക്കക്കുറവ്, കാരണമില്ലാതെ അനുഭവപ്പെടുന്ന ശരീരത്തിലെ പല ഭാഗങ്ങളിലെ വേദനകള്‍, അമിതദാഹം, അമിതവണ്ണം തുടങ്ങിയ പലതരത്തിലുള്ള ലക്ഷണങ്ങള്‍ നമ്മുടെ ശരീരം കാണിക്കാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ നാം പലപ്പോഴും നിസ്സാരവത്കരിക്കുകയാണ് പതിവ്.ഇന്ന് ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളിലൊന്നായി മാറിയിരിക്കുകയാണ് ജീവിതശൈലീ രോഗങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, അമിതവണ്ണം, ഫാറ്റി ലിവര്‍, വൃക്കരോഗങ്ങള്‍ എന്നിവയൊക്കെ തെറ്റായ ജീവിതശൈലിയുടെ ഫലമായി വ്യാപകമായി വര്‍ധിച്ചുവരുന്നു. ജീവിതശൈലീ രോഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത, അവ വര്‍ഷങ്ങളോളം ലക്ഷണങ്ങളില്ലാതെ ശരീരത്തില്‍ നിലനില്‍ക്കുന്നു എന്നതാണ്. നേരത്തേയുള്ള രോഗനിര്‍ണയം ജീവിതശൈലീ രോഗങ്ങളുടെ തീവ്രത ഗണ്യമായി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ദിവസവും കുറഞ്ഞത് 30 മിനുട്ടെങ്കിലും നടക്കുക, ക്രമമായ വ്യായാമം ശീലമാക്കുക, കൃത്യമായ ഭക്ഷണരീതി, പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, ആവശ്യത്തിന് ഉറങ്ങുക, മാനസിക സമ്മര്‍ദം നിയന്ത്രിക്കുക എന്നീ ലളിതമായ നടപടികളിലൂടെ തന്നെ വലിയ മാറ്റങ്ങള്‍ നമുക്ക് സാധ്യമാകും. അതോടൊപ്പം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആരോഗ്യപരിശോധന നടത്തുന്നത് ഓരോരുത്തരും ശീലമാക്കണം. രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍, ശരീരഭാരം എന്നിവ കൃത്യമായി പരിശോധിക്കുന്നത് നിരവധി രോഗങ്ങളെ തുടക്കത്തിലേ കണ്ടെത്താന്‍ സഹായിക്കും. പ്രത്യേകിച്ച് 20 വയസ്സിനു മുകളിലുള്ള എല്ലാവരും പ്രതിരോധപരമായ ആരോഗ്യപരിശോധനയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.വിദേശ രാജ്യങ്ങള്‍ ഇതിനകം തന്നെ സ്‌കൂള്‍ മെനുവില്‍ നിന്നടക്കം അമിതമായ പഞ്ചസാരയും ഫാറ്റും ഉള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയതായി വാര്‍ത്തകള്‍ നാം കണ്ടവരാണ്. അതുപോലെ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍തലങ്ങളില്‍ ആലോചനകള്‍ നടക്കേണ്ടതുണ്ട്. ഒരുകാലത്ത് കേരളത്തിന്റെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ സാംക്രമിക രോഗങ്ങളായിരുന്നുവെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളാണ് ആരോഗ്യരംഗത്തെ ഏറ്റവും വലിയ വെല്ലുവിളി. വിവിധ ദേശീയ സര്‍വേകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇത്തരം രോഗങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ചികിത്സയേക്കാള്‍ പ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.