അമേരിക്ക- ഇസ്റാഈല്‍ സൈന്യം ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് നടത്തിയ ആക്രമണത്തിന്റെ ആദ്യനാള്‍ തന്നെ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നാല് മാസത്തിന് ശേഷം നടന്ന സംസ്‌കാര ചടങ്ങില്‍ 32 ദശലക്ഷത്തോളം ഇറാനികള്‍ പങ്കാളികളായി. ചില രാഷ്ട്രീയ സന്ദേശങ്ങള്‍ ഇറാനികള്‍ക്കും ലോകത്തിനും കൈമാറുന്ന വിധം തെഹ്റാന്‍ ഭരണകൂടം ആ ചടങ്ങിനെ ചിട്ടപ്പെടുത്തി എന്നതാണ് എടുത്തുപറയേണ്ടത്. ഫെബ്രുവരി 28ന് തുടക്കമിട്ട യു എസ് – ഇസ്റാഈല്‍ അധിനിവേശത്തിന് വിരാമമിടാന്‍ ഒരു കരാറിന്റെ വക്കിലെത്തി നില്‍ക്കവെയാണ് ആ ഖബറക്ക ചടങ്ങ് ലോകം ശ്രദ്ധിക്കുന്ന ഒരു സംഭവമായി ഇറാന്‍ മാറ്റിയെടുത്തത്.‘റെജീം ചെയ്ഞ്ച്’ ആയിരുന്നുവല്ലോ ഇറാന്‍ ആക്രമണത്തിലൂടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വപ്നം കണ്ടത്. ഇറാനെ സൈനികമായും രാഷ്ട്രീയമായും തകര്‍ത്ത് മിഡില്‍ ഈസ്റ്റിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കുകയും അതുവഴി ഇസ്റാഈലിന്റെ തേര്‍വാഴ്ചയെ ചോദ്യം ചെയ്യുന്ന ഇറാന്റെ കഥ കഴിക്കുകയുമായിരുന്നു നെതന്യാഹു സ്വപ്നം കണ്ടത്. നാല് മാസത്തെ സര്‍വനാശകാരിയായ യുദ്ധം ഇവരുടെ കണക്കുകൂട്ടലുകളെല്ലാം തകിടം മാറിച്ചു. അമേരിക്കയെയും സയണിസ്റ്റ് സാമ്രാജ്യത്തെയും പിടിച്ചുകെട്ടിയ തങ്ങള്‍ ‘സൂപ്പര്‍ പവര്‍’ ആയി മാറിയിട്ടുണ്ട് എന്ന ഇറാന്റെ സ്വയം വിലയിരുത്തലിന്റെ ആഘോഷം കൂടിയായി ആത്മീയ നേതാവിന്റെ മയ്യിത്ത് വഹിച്ചുള്ള ആറ് ദിവസത്തെ വിലാപയാത്ര. ‘അമേരിക്ക തുലയട്ടെ, ഇസ്റാഈല്‍ നശിക്കട്ടെ’ എന്ന മുദ്രാവാക്യം ആബാലവൃദ്ധം ആവര്‍ത്തിച്ചു മുഴക്കി. ഖാംനഈയുടെ രക്തസാക്ഷിത്വം വൃഥാവിലായില്ലെന്ന് തെഹ്റാന്‍ ഭരണകൂടത്തിന് അവകാശപ്പെടാം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ജനതയെ പ്രാപ്തമാക്കുന്നതിന് ഇത് ധാരാളം.വിയറ്റ്നാമിലേതിന് ശേഷം അമേരിക്ക ഇതുപോലെ പരാജയപ്പെട്ട ഒരു യുദ്ധമുണ്ടായിട്ടില്ല. ഫെബ്രുവരി 28ന് യു എസ്, ഇസ്റാഈലി സൈന്യങ്ങള്‍ തെഹ്റാനിലേക്ക് ഇരച്ചുകയറി വരുത്തിവെച്ച നാശങ്ങള്‍ ഇറാന്‍ ജനതക്കും ഒരിക്കലും മറക്കാനാകില്ല. ആത്മീയ നേതാവ് ഖാംനഈയെ ചതിച്ചുകൊന്നതും മുന്‍ വിദേശകാര്യ മന്ത്രിയടക്കമുള്ള നേതാക്കളുടെ കഥ കഴിച്ചതും സ്‌കൂള്‍ കുട്ടികളെ ബോംബിട്ട് ചുട്ടുകൊന്നതും ഞെട്ടിക്കുന്ന ഓര്‍മകളാണ്. ആക്രമണത്തിന്റെ മുഖ്യലക്ഷ്യമായ ‘റെജീം ചെയ്ഞ്ച്’ കൊണ്ട് വിവക്ഷിച്ചത്, നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് ആടുന്ന ഒരു പാവസര്‍ക്കാറിനെ തെഹ്റാനില്‍ അവരോധിക്കുക എന്നതായിരുന്നു. 1953ല്‍ മുസദ്ദിഖ് ഭരണകൂടത്തെ അധികാരഭ്രഷ്ടരാക്കി ഷാ പഹ്ലവി എന്ന പാവയെ സി ഐ എ അവരോധിച്ചതിന്റെയും അതുവഴി അരനൂറ്റാണ്ടുകാലം അമേരിക്ക പേര്‍ഷ്യയില്‍ ആധിപത്യം സ്ഥാപിച്ചതിന്റെയും ഗൃഹാതുര സ്മരണകളാണ് യു എസിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. പക്ഷേ നാല് മാസത്തെ യുദ്ധം കൊണ്ട് സൈനികമായും സാമ്പത്തികമായും മാനസികമായും തകര്‍ന്ന ഡൊണാള്‍ഡ് ട്രംപ് ഭരണമാറ്റം എന്ന പൂതി മാറ്റിവെച്ചു എന്ന് മാത്രമല്ല, ഇറാനുമായി സമാധാന കരാറിലെത്താന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു. അങ്ങനെയാണ് പാകിസ്താന്റെയും ഖത്വറിന്റെയും മാധ്യസ്ഥതയില്‍ ഇറാനുമായി 14 ഇന എം ഒ യുവില്‍ (പ്രാഥമിക ധാരണയില്‍) പ്രസിഡന്റ് ട്രംപ് പാരീസിലെ വേഴ്സായി കൊട്ടാരത്തിലിരുന്ന് ഒപ്പുവെക്കുന്നത്. ഈ കരാറിലെ രണ്ടാം ഖണ്ഡികയില്‍ വ്യക്തമായി പറയുന്നുണ്ട്; ഇറാന്റെ പരമാധികാരവും അഖണ്ഡതയും പരിരക്ഷിക്കുമെന്ന്. അമേരിക്കയും ഇറാനും അന്യോന്യം പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും മാനിക്കുമെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും പരസ്പരം അമേരിക്കയും ഇറാനും ഉറപ്പുനല്‍കുന്നു. ഇറാനില്‍ ഭരണമാറ്റം എന്ന അജന്‍ഡ തത്കാലം കൈവെടിഞ്ഞുവെന്ന് ചുരുക്കം.ഫ്രാന്‍സില്‍ നടന്ന ജി8 ഉച്ചകോടിയില്‍ ട്രംപ് തുറന്നുപറയുന്നത് കേട്ടില്ലേ? ‘നിങ്ങള്‍ ഭരണമാറ്റത്തെ കുറിച്ച് പറയുന്നു. എന്നാല്‍ ഞാനൊരിക്കലും ഭരണമാറ്റത്തെ കാര്യമാക്കിയിട്ടില്ല.’ ഇതേ ട്രംപ് മൂന്ന് മാസം മുമ്പ് പറഞ്ഞതെന്തായിരുന്നു? ‘സ്വാതന്ത്ര്യത്തിന്റെ സമയം നിങ്ങളുടെ കൈയിലെത്തിയിരിക്കുന്നു. ഞങ്ങളുടെ പണി പൂര്‍ത്തിയായാല്‍ നിങ്ങളുടെ സര്‍ക്കാറിനെ എടുത്തോളൂ. ഇത് ഒരു പക്ഷേ തലമുറകള്‍ക്ക് ശേഷം കിട്ടുന്ന അവസാന അവസരമായിരിക്കാം’. ഈ വിഷയത്തില്‍ തങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചതാണ് നിലവിലെ തെഹ്റാന്‍ ഭരണകൂടത്തെ അംഗീകരിക്കാനും അവരോടൊപ്പമിരുന്ന് ചര്‍ച്ച നടത്താനും സന്ധിയില്‍ ഒപ്പുവെക്കാനും യാങ്കികളെ പ്രേരിപ്പിച്ചത്. ഇറാന്‍- യു എസ് കരാറിന്റെ ഭാവി നിശ്ചയിക്കുന്ന ദിനങ്ങളാണ് ആഗതമായിരിക്കുന്നത്.ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് യുദ്ധത്തില്‍ നിന്ന് തലയൂരാനുള്ള ട്രംപിന്റെ ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ കടമ്പയായി നില്‍ക്കുന്നത് ഇസ്റാഈല്‍ അല്ലാതെ മറ്റാരുമല്ല. സമാധാന കരാര്‍ എന്ന പദം പോലും നെതന്യാഹു വെറുക്കുന്നു. ലോകരാഷ്ട്രങ്ങളെ സ്തബ്ധരാക്കിയ തെഹ്റാനിലെ മനുഷ്യസാഗരം തീര്‍ത്ത വിലാപയാത്ര അയാളില്‍ ഒരു മാറ്റവും വരുത്താന്‍ സാധ്യതയില്ല. ഫലസ്തീനിലും ഗസ്സയിലും ആക്രമണം നിര്‍ത്തിവെക്കില്ല എന്ന് പറയുന്ന നെതന്യാഹുവിന് അറിയാം, സമാധാന കരാര്‍ ഒടുവില്‍ ചെന്നെത്തുന്നത് തന്റെ രാഷ്ട്രീയ അന്ത്യത്തിലാകുമെന്ന്. ഇവിടെയാണ് ട്രംപ് പ്രിയപ്പെട്ട ‘ബിബി’യോട് അകന്നതായി ലോകത്തെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ വിഷയത്തില്‍ അമേരിക്കയിലെ ഇസ്റാഈലി പക്ഷക്കാരായ ജൂതരെ താന്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് എന്ന് പറഞ്ഞുപോകുന്നതും. മൂന്ന് ശക്തികളും- യു എസ്, ഇറാന്‍, ഇസ്റാഈല്‍- മൗനം കൊണ്ടും വാചാടോപം കൊണ്ടും തന്ത്രങ്ങള്‍ മെനയുകയാണ്.70 രാഷ്ട്രങ്ങളുടെ പ്രതിനിധികളെ ഖാംനഈയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചത് വലിയ നയതന്ത്ര വിജയമായാണ് ഇറാന്‍ കാണുന്നതും ലോകം വിലയിരുത്തുന്നതും. റഷ്യയും ചൈനയും അയച്ച ഉന്നതതല സംഘം മാറിയ ലോകക്രമത്തിന്റെ അരുണോദയത്തെയാണ് അടയാളപ്പെടുത്തുന്നത്. ചൈന അര്‍ഥഗര്‍ഭമായ മൗനത്തിലാണ്. ലോകം പടിഞ്ഞാറോട്ടല്ല, കിഴക്കോട്ടാണ് ഇനി തിരിയുക എന്ന് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം, പശ്ചിമേഷ്യയില്‍ അമേരിക്കയെയും ഇസ്റാഈലിനെയും വെല്ലാന്‍ കരുത്തുള്ള ഒരു ശക്തി വളര്‍ന്നുവന്നു കണ്ടതില്‍ അങ്ങേയറ്റം ആഹ്ലാദത്തിലാണ്. ഇറാന് അത്യാധുനിക ആയുധങ്ങള്‍ നല്‍കാന്‍ ചൈന മുന്നോട്ടുവരുന്നതോടെ ലോകയുദ്ധ രംഗങ്ങളുടെ ഗതി ആകെ മാറും. ഉത്തര കൊറിയ ചൈനയുമായി ഉറ്റ ചങ്ങാത്തത്തിലെത്തുന്നത് ഇറാന്‍ വിഷയത്തിലുള്ള നയപരമായ ഐക്യത്തിലൂടെയാണ്. ഇവിടെ പ്രഥമ ദൃഷ്ട്യാ പാളിച്ച സംഭവിച്ചിരിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിനും മോദി സര്‍ക്കാറിനുമാണ്. നമ്മുടെ അയല്‍ രാജ്യങ്ങളെല്ലാം ഈ പോര്‍ക്കളത്തില്‍ ഇറങ്ങിക്കളിക്കുമ്പോള്‍ ഇന്ത്യ അന്ധമായ യു എസ്- ഇസ്റാഈല്‍ വിധേയത്വം മൂലം സഹസ്രാബ്ദങ്ങളുടെ നാഗരിക ആദാന പ്രദാന പാരമ്പര്യമുള്ള ഇറാനുമായി ഈ ദശാസന്ധിയില്‍ ഹൃദയം കൊണ്ട് അകലുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. പ്രധാനമന്ത്രി മോദി സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ലോക നേതാക്കള്‍ സന്ധിച്ച വേദിയില്‍ ഇന്ത്യ എന്തുമാത്രം ശ്രദ്ധിക്കപ്പെടുമായിരുന്നു. ഒരുകാര്യമുറപ്പ്, ആയത്തുല്ല ഖാംനഈയടെ മയ്യിത്ത് മശ്ഹദിലെ ഖബര്‍സ്ഥാനില്‍ സംസ്‌കാരിക്കപ്പെടുമ്പോള്‍, ഇറാന്‍ പുതിയ കാലത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. പ്രതാപം നഷ്ടപ്പെട്ട അമേരിക്കയുടെ നിഴല്‍പ്രതിച്ഛായ പുതിയൊരു ലോകവ്യവസ്ഥയെയും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു.