ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി വേണമെന്ന് കോം ഇന്ത്യ

Wait 5 sec.

ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പും ബ്ലാക്ക്‌മെയിലിംഗും നടത്തുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ–ഇന്ത്യ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.യൂട്യൂബ് ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ, ‘ന്യൂസ്’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബ്ലോഗുകൾ തുടങ്ങി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിത തട്ടിപ്പുകൾ നടക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരികൾ, വ്യക്തികൾ എന്നിവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇത്തരക്കാർ തട്ടിയെടുക്കുന്നതെന്നും ആരോപിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശങ്ങൾ പാലിച്ച് നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും ഇത്തരം പ്രവർത്തനങ്ങൾ തിരിച്ചടിയാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ഡിജിറ്റൽ മാധ്യമ മേഖലയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകാനും തീരുമാനമായി. ബ്ലാക്ക്‌മെയിലിംഗ് ഉൾപ്പെടെയുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ പൊലീസ് പ്രത്യേക ഹെൽപ്‌ലൈൻ നമ്പർ പ്രഖ്യാപിക്കണമെന്നും എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ മുട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഈ പ്രമേയം അംഗീകരിച്ചത്.The post ഡിജിറ്റൽ മാധ്യമങ്ങളുടെ പേരിൽ തട്ടിപ്പ്; കർശന നടപടി വേണമെന്ന് കോം ഇന്ത്യ appeared first on ഇവാർത്ത | Evartha.