തിരുവനന്തപുരം | ആസൂത്രണ ബോര്‍ഡിലെ പി എസ് സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സിയുടെ ആഭ്യന്തര വിജിലന്‍സും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പി എസ് സി വിജിലന്‍സ് പരാതിക്കാരെ പി എസ് സി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തു. ഉത്തരക്കടലാസിന് അപേക്ഷിച്ചവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉത്തരക്കടലാസുകള്‍ക്ക് പണം അടച്ച് അപേക്ഷിച്ചിട്ടും അവ ഒരു വര്‍ഷമായി കൈമാറാത്തതില്‍ വീഴ്ചയും ദുരൂഹതയുമുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. അതേസമയം, ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ്, കെ എ എസ് പരീക്ഷകളില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ പരാതിക്കാരുടെ മൊഴിയാണ് ആദ്യ ഘട്ടത്തില്‍ രേഖപ്പെടുത്തുക.മുഖ്യമന്ത്രിക്ക് ലഭിച്ച മുഴുവന്‍ പരാതികളിലും അന്വേഷണം നടത്താനാണ് തീരുമാനം. ആവശ്യമെങ്കില്‍ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നാണ് അറിയുന്നത്. ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തില്‍ രണ്ട് ഡി വൈ എസ് പിമാരുള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമാന തസ്തകയില്‍ നേരത്തെ നടന്ന അഭിമുഖത്തിലെയും എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലെയും ക്രമക്കേട് ആണ് നിലവില്‍ അന്വേഷിക്കുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം പരിശോധിച്ചേക്കില്ല.ആസൂത്രണ ബോര്‍ഡിലെ പി എസ് സി പരീക്ഷാ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് പ്രോട്ടോകോള്‍ അട്ടിമറിച്ചാണെന്ന രേഖകള്‍ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. മൂല്യനിര്‍ണയം നടത്തിയ ചോദ്യങ്ങളും നടത്താത്ത ചോദ്യങ്ങളും പരീക്ഷ വിഭാഗം പരിശോധിച്ചില്ലെന്നും രേഖയിലുണ്ട്. പരീക്ഷാ നടപടിക്രമങ്ങളെ സംബന്ധിച്ച ലോഗിന്‍ ഫയലുകളും പി എസ് സി ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇതോടെ പി എസ് സി പരീക്ഷാ വിഭാഗം സംശയത്തിന്റെ മുള്‍മുനയിലായി. അന്വേഷണത്തിനായി പരീക്ഷാ കണ്‍ട്രോളറെ നിയോഗിച്ചിരുന്നെങ്കിലും തുടര്‍ന്ന് പി എസ് സി യോഗത്തില്‍ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ് പിക്ക് തന്നെ കൈമാറാന്‍ കമ്മീഷന്‍ യോഗം തീരുമാനിച്ചത്.Content Highlights:The Internal Vigilance wing and the Crime Branch have intensified their probe into the alleged Kerala PSC examination irregularities. Investigators have started recording detailed statements from the complainants regarding the evaluation flaws. A special team led by Crime Branch IG Ajeetha Begum is overseeing the complete verification of files.