പുതിയ ആദായനികുതി വ്യവസ്ഥ (New Tax Regime) നടപ്പിലാക്കിയതോടെ ശമ്പളക്കാരായ ജീവനക്കാരുടെ നികുതി ഇളവുകൾക്കുള്ള അവസരങ്ങൾ അവസാനിച്ചു എന്ന ധാരണ പരക്കെ ഉണ്ടായിരുന്നു. എന്നാൽ പുതിയ നികുതി വ്യവസ്ഥയിലും നിരവധി ആനുകൂല്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. പ്രതിവർഷം 20 ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തിക്ക് കൃത്യമായ ശമ്പള ഘടനയിലൂടെയും ലഭ്യമായ ആനുകൂല്യങ്ങളിലൂടെയും നികുതി ബാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും.പുതിയ നികുതി വ്യവസ്ഥയിൽ ഇളവുകൾ ഒന്നും തന്നെയില്ലെന്നത് തെറ്റായ ധാരണ മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്റ്റാൻഡേർഡ് ഡിഡക്ഷൻ, മീൽ ബെനഫിറ്റുകൾ, കമ്പനി കാർ, ഫ്യുവൽ സൗകര്യങ്ങൾ, ഡ്രൈവർ അലവൻസ്, ഹെൽത്ത് ആൻഡ് വെൽനസ് ആനുകൂല്യങ്ങൾ, നാഷണൽ പെൻഷൻ സിസ്റ്റം (NPS) എന്നിവയിലെ തൊഴിലുടമയുടെ വിഹിതം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം. പുതിയ വ്യവസ്ഥയിലെ കുറഞ്ഞ സ്ലാബ് നിരക്കുകൾക്കൊപ്പം ഈ ആനുകൂല്യങ്ങൾ കൂടി ചേരുമ്പോൾ മൊത്തത്തിലുള്ള നികുതി ഭാരം വലിയ തോതിൽ കുറയ്ക്കാൻ കഴിയും.ശമ്പളക്കാരായ എല്ലാ നികുതിദായകർക്കും പുതിയ വ്യവസ്ഥയിലും 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ (Standard Deduction) ലഭ്യമാണ്. ഇതിനായി പ്രത്യേക നിക്ഷേപ രേഖകളോ പേപ്പർ വർക്കുകളോ സമർപ്പിക്കേണ്ടതില്ല. നികുതി കണക്കാക്കുന്നതിന് മുൻപ് തന്നെ ഇത് മൊത്തം വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ സാധിക്കും.പലരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പ്രധാന ഘടകമാണ് ഭക്ഷണത്തിനായുള്ള അലവൻസുകൾ അല്ലെങ്കിൽ മീൽ കാർഡുകൾ. ഒരു വ്യക്തിക്ക് ഒരു നേരത്തെ ഭക്ഷണത്തിന് 200 രൂപ വരെയുള്ള മീൽ ബെനഫിറ്റുകൾ ലഭിക്കുകയാണെങ്കിൽ, മാസത്തിൽ 22 പ്രവൃത്തി ദിനങ്ങൾ വെച്ച് 12 മാസത്തേക്ക് കണക്കാക്കുമ്പോൾ പ്രതിവർഷം ഏകദേശം 1.05 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കുന്ന വരുമാനമായി മാറ്റാൻ സാധിക്കും.പുതിയ നികുതി വ്യവസ്ഥയിൽ ലഭ്യമായ ഏറ്റവും മികച്ച നികുതി ലാഭിക്കൽ മാർഗ്ഗങ്ങളിൽ ഒന്നാണ് നാഷണൽ പെൻഷൻ സിസ്റ്റം (National Pension System). എൻ പി എസിലേക്ക് തൊഴിലുടമ നൽകുന്ന 14 ശതമാനം വരെയുള്ള വിഹിതത്തിന് നികുതി നൽകേണ്ടതില്ല. വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തിനൊപ്പം നികുതി കുറയ്ക്കാനും ഇത് ജീവനക്കാരെ സഹായിക്കും. കമ്പനി നൽകുന്ന വാഹന സൗകര്യങ്ങളും ഇന്ധന ആനുകൂല്യങ്ങളും പണമായി അലവൻസ് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ പെർക്വിസിറ്റ് വാല്യുവേഷനിലാണ് കണക്കാക്കുന്നത് എന്നതിനാൽ ഇതും നികുതി ഭാരം കുറയ്ക്കാൻ സഹായിക്കും.എന്നിരുന്നാലും ഹൗസ് റെന്റ് അലവൻസ് (HRA), ഭവന വായ്പ പലിശ, സെക്ഷൻ 80 സി നിക്ഷേപങ്ങൾ, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ വലിയ ഇളവുകൾ ക്ലെയിം ചെയ്യുന്ന ജീവനക്കാർക്ക് പഴയ നികുതി വ്യവസ്ഥ തന്നെയായിരിക്കും കൂടുതൽ ലാഭകരം.പ്രതിവർഷം 20 ലക്ഷം രൂപ വരുമാനമുള്ള ഒരു ജീവനക്കാരൻ 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ഏകദേശം 1,05,600 രൂപയുടെ മീൽ ബെനഫിറ്റുകളും മാത്രം ഉപയോഗപ്പെടുത്തിയാൽ പോലും അദ്ദേഹത്തിന്റെ നികുതി ബാധ്യത ഏകദേശം 1,70,435 രൂപയായി കുറയും. അതായത് ഫലത്തിൽ 8.5 ശതമാനം എന്ന കുറഞ്ഞ നിരക്കിൽ മാത്രമായിരിക്കും ഇവിടെ നികുതി വരിക. കൃത്യമായ പ്ലാനിംഗിലൂടെ പുതിയ വ്യവസ്ഥയിലും മികച്ച രീതിയിൽ നികുതി ലാഭിക്കാൻ സാധിക്കുമെന്ന് ചുരുക്കം.Content Highlights:Taxpayers earning Rs 20 lakh annually can still utilize several tax benefits under the new tax regime to reduce their overall liabilities. Salaried professionals can maximize tax savings through the Rs 75,000 standard deduction, employer NPS contributions up to 14 percent, and structural benefits like meal allowances. Proper knowledge of these available exemptions can result in an effective tax rate of around 8.5 percent.