കട്ടിലും കിടക്കയും രോഗിയുടെ അവകാശം

Wait 5 sec.

പൊതുജനാരോഗ്യ മേഖലയില്‍ ദേശീയതലത്തില്‍ മാതൃകകള്‍ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. നിര്‍ധന രോഗികള്‍ക്ക് ചെലവ് കുറഞ്ഞ ചികിത്സ ലഭ്യമാക്കുന്നതിലും ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലും ഇതര സംസ്ഥാനങ്ങളേക്കാള്‍ നേട്ടം കൈവരിക്കുകയുണ്ടായി കേരളം. ഈ അഭിമാനകരമായ ചിത്രത്തിനു പിന്നില്‍ അത്ര സുഖകരമല്ലാത്ത മറ്റൊരു ചിത്രമുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ കട്ടിലും കിടക്കയും ലഭിക്കാതെ വെറും നിലത്ത് വിരിച്ച പായയില്‍ കിടന്ന് ചികിത്സ തേടേണ്ടി വരുന്ന സുഖകരമല്ലാത്ത രംഗം പലപ്പോഴും മാധ്യമങ്ങളിലും സാമൂഹികതലത്തിലും ചര്‍ച്ചയായതാണ്. രോഗിയുടെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും ആശുപത്രി ഇടനാഴികകളില്‍ അപമാനിക്കപ്പെടുന്ന ഈ അവസ്ഥക്ക് അറുതി വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.കട്ടിലും കിടക്കയും മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നു സംസ്ഥാന ആരോഗ്യവകുപ്പ്. നൂറ് ദിവസങ്ങള്‍ക്കകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് മെഡിക്കല്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടിയെത്തുന്നവര്‍ക്ക് അഞ്ച് മിനുട്ടുകള്‍ക്കകം ചികിത്സ തുടങ്ങുക, രക്ത-സ്രവ സാമ്പിളുകളുടെ പരിശോധനകള്‍ക്ക് രോഗികള്‍ ലാബ് അന്വേഷിച്ചു പോകുന്ന പ്രയാസം ഒഴിവാക്കാനായി സാമ്പിളുകള്‍ വാര്‍ഡുകളില്‍ നിന്ന് തന്നെ ശേഖരിക്കുക, സ്ഥിര രോഗികള്‍ക്ക് ഡോക്ടറെ കാണാതെ തന്നെ ഫാര്‍മസികളില്‍ നിന്ന് ഡോക്ടറുടെ അവസാന കുറിപ്പടി ഉപയോഗിച്ച് ആറ് മാസം വരെ മരുന്ന് വാങ്ങാനുള്ള അനുവാദം, മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂ തുടങ്ങിയ നടപടികളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.ആരോഗ്യം കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, വ്യക്തികളുടെ ശാരീരികവും മാനസികവുമായ ക്ഷേമം കൂടിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതാണ്. കിടത്തി ചികിത്സ ആവശ്യമായ രോഗിക്ക് കട്ടിലും കിടക്കയും ലഭ്യമാകേണ്ടത്, ഭരണഘടന പ്രഖ്യാപിച്ച ജീവിക്കാനുള്ള പൗരന്മാരുടെ അവകാശത്തിന്റെ വിശാലാര്‍ഥത്തില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. കിടക്കയില്ലാതെ നിലത്ത് കിടക്കുന്ന രോഗിക്ക് മരുന്ന് നല്‍കിയാലും അത് പൂര്‍ണാര്‍ഥത്തില്‍ ചികിത്സയാകുന്നില്ല. ശാരീരിക വേദനക്കും പ്രയാസങ്ങള്‍ക്കും ശമനം നല്‍കുന്നതോടൊപ്പം മാനസിക പ്രയാസത്തിനും പരിഹാരം നല്‍കപ്പെടുമ്പോള്‍ മാത്രമേ ശരിയായ ചികിത്സയാകുന്നുള്ളൂ. ‘ഒരു രോഗിക്ക് ഒരു കിടക്ക’ എന്ന ആശയം നയപരമായ ലക്ഷ്യത്തില്‍ നിന്ന് നിയമപരമായ അവകാശത്തിലേക്കുയര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.ആരോഗ്യ സംരക്ഷണ രംഗത്ത് പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളില്‍ ഓരോ സെക്കന്‍ഡും നിര്‍ണായകമാണ്. ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവര്‍ക്കും ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം ആരോഗ്യനില പെട്ടെന്ന് വഷളാകുന്നവര്‍ക്കും വളരെ നിര്‍ണായകമാണ് ആദ്യത്തെ ഏതാനും മിനുട്ടുകള്‍. ഈ സമയത്തിനകം കൃത്യവും വേഗമേറിയതുമായ ചികിത്സ ലഭ്യമാക്കുന്നത് ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാന ഘടകമാണ്. അത്യാഹിത വിഭാഗങ്ങളില്‍ ചികിത്സ വൈകുന്നത് മൂലം ജീവന്‍ പൊലിയുന്ന സംഭവങ്ങള്‍ ആശുപത്രികളില്‍ സാധാരണം. ഇതേതുടര്‍ന്ന് രോഗിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും പതിവുവാര്‍ത്തയാണ്. അടിയന്തര ചികിത്സക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി ഇത്തരം ദുരവസ്ഥ ഒഴിവാക്കാനും ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ച് വിശ്വാസ്യത വര്‍ധിക്കാനും സഹായിക്കും.നിര്‍ദേശങ്ങള്‍ പക്ഷേ ഉത്തരവില്‍ ഒതുങ്ങിപ്പോകരുത്. നൂറ് ദിവസത്തിനകം ഇതെല്ലാം നടപ്പാകണമെങ്കില്‍ ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും പൂര്‍ണ സഹകരണം അനിവാര്യമാണ്. രക്ത സാമ്പിള്‍ ശേഖരണത്തിനും അത്യാഹിത വിഭാഗങ്ങളിലെ അടിയന്തര സേവനത്തിനും നിലവിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതായും വരും. നിലവിലുള്ള ജീവനക്കാരെ മാത്രം ആശ്രയിച്ച് പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതവരുടെ ജോലിഭാരവും മാനസിക സമ്മര്‍ദവും വര്‍ധിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളജുകളില്‍ നിലവില്‍ തന്നെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറവാണ്. പുതിയ ഉത്തരവിനോടൊപ്പം ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്ന കാര്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്.തറയില്‍ കിടത്തിയുള്ള ചികിത്സ ഒഴിവാക്കണമെങ്കില്‍ പലയിടങ്ങളിലും കെട്ടിട സൗകര്യവും വര്‍ധിപ്പിക്കേണ്ടി വരും. ഇത് സര്‍ക്കാര്‍ ഫണ്ടിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ആരോഗ്യ മേഖലക്ക് കൂടുതല്‍ വിഹിതം നീക്കിവെക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പാക്കാനാകുകയുള്ളൂ. ഇതോടൊപ്പം നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും വീഴ്ച വരുത്തുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മോണിറ്ററിംഗ് സംവിധാനം കൂടി ആവശ്യമാണ്. മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങളും വിദഗ്ധ സേവനങ്ങളും വര്‍ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. റഫറല്‍ സംവിധാനം കാര്യക്ഷമമാക്കുകയും വേണം. അത്ര ഗുരുതരമല്ലാത്ത കേസുകള്‍ പോലും മെഡിക്കല്‍ കോളജിലെത്തുന്ന സ്ഥിതിവിശേഷം ഒഴിവാക്കാന്‍ ഇത് സഹായകമാകും. ആരോഗ്യ രംഗത്തെ കേരളത്തിന്റെ മാതൃക കണക്കുകളിലോ സൂചികകളിലോ ഒതുങ്ങരുത്. ആശുപത്രികളിലെ ഇടനാഴികകളില്‍ കിടക്കുന്ന രോഗിയുടെ അനുഭവത്തിലും അത് പ്രതിഫലിക്കേണ്ടതുണ്ട്.