പര്‍വതങ്ങളെ കുറിച്ച് പറയാനുണ്ട്

Wait 5 sec.

മഴ കനക്കുമ്പോള്‍ മലയൊലിച്ചു പോകുന്ന പ്രതിഭാസം മലയാളി കുറച്ചുകാലമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പുത്തുമലയും കവളപ്പാറയും ചൂരല്‍മലയും നടുക്കുന്ന ഓര്‍മകളായി നമ്മുടെയെല്ലാം മനസ്സുകളിലുണ്ട്. കഴിഞ്ഞ ദിവസം കള്ളാടിയിലുണ്ടായ ദുരന്തവും മലയെ ചൊല്ലിയുള്ള നമ്മുടെ വേവലാതികളെ ശരിവെക്കുന്നതാണ്. മലകള്‍ ഭൂമിയുടെ സുരക്ഷക്കായി സംവിധാനിക്കപ്പെട്ടതാണെന്നാണ് ഖുര്‍ആനില്‍ നിന്ന് വായിക്കാനാകുന്നത്. ‘നാം ഭൂമിയെ തൊട്ടിലാക്കുകയും മലകളെ ആണികളാക്കുകയും ചെയ്തില്ലേ?’ (അന്നബഅ് 6,7) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. സൂറത്തുല്‍ അമ്പിയാഇലെ 31ാം സൂക്തം ഈ ആശയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നു. ‘ഭൂമി അവരെയും കൊണ്ട് ഇളകാതിരിക്കാന്‍ നാം അതില്‍ സുസ്ഥിരമായ പര്‍വതങ്ങളുണ്ടാക്കി’ എന്നാണ് അല്ലാഹു പ്രഖ്യാപിക്കുന്നത്. മണിക്കൂറില്‍ 1,670 കി.മീ വേഗതയില്‍ ഭ്രമണം ചെയ്യുകയും 1,07,000 കി.മീ വേഗതയില്‍ പരിക്രമണം ചെയ്യുകയും ചെയ്യുന്ന ഭൂഗോളത്തിന്റെ ചലനങ്ങള്‍ മനുഷ്യജീവിതത്തെ ഒരു തരി പോലും അസ്വസ്ഥമാക്കുന്നില്ല എന്ന് ഓര്‍ക്കുമ്പോഴാണ് ഈ ആണിപ്രയോഗത്തിന്റെ അര്‍ഥം നമ്മെ അത്ഭുതപ്പെടുത്തുന്നത്.മനുഷ്യനയനങ്ങള്‍ക്ക് ദൃശ്യമാകുന്ന പോലെ മലകള്‍ കൂട്ടിയിട്ട മണ്‍കൂനകള്‍ മാത്രമല്ല. ഭൂമിയിലെ ജലസ്രോതസ്സുകളും കാലാവസ്ഥയെ നിര്‍ണയിക്കുന്ന പ്രധാന ഘടകവുമാണ്. സൂറത്തുല്‍ മുര്‍സലാത്തിലെ 27ാം സൂക്തം കാണുക. ‘ഭൂമിയില്‍ നാം ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങള്‍ സംവിധാനിക്കുകയും, നിങ്ങള്‍ക്ക് കുടിക്കാന്‍ ശുദ്ധമായ വെള്ളം നല്‍കുകയും ചെയ്തിരിക്കുന്നു.’ ഈ ആയത്തിന്റെ വിശദീകരണത്തില്‍ പ്രമുഖരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഉയര്‍ന്നുനില്‍ക്കുന്നത് എന്നര്‍ഥം വരുന്ന ശാമിഖാത് എന്ന പദത്തെ വിശദീകരിക്കുന്നിടത്ത് മലകള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും മഴ ലഭ്യതക്കും ഭൂമിയുടെ ആവാസവ്യവസ്ഥയെ അനുഗുണമായി നിലനിര്‍ത്തുന്നതിനും പ്രധാന പങ്കുവഹിക്കുന്നു എന്ന് പറയുന്നതായി കാണാം. പര്‍വതങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നത് കൊണ്ട് – ശാമിഖാത് ആയതു കൊണ്ട് – അവ മേഘങ്ങളെ തടഞ്ഞുനിര്‍ത്തുകയും കൂടുതല്‍ മഴ പെയ്യാന്‍ ഇടവരുത്തുകയും ചെയ്യുന്നു. ഈ പര്‍വതങ്ങളില്‍ പെയ്യുന്ന മഴവെള്ളവും മഞ്ഞും അവയുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയും പിന്നീട് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ തെളിഞ്ഞ നീരുറവകളായും പുഴകളായും പുറത്തേക്ക് വരികയും ചെയ്യുന്നു എന്ന് ചുരുക്കം. ഇങ്ങനെ ആണിയുടെ ബലം എന്നതിന് പുറമെ ജീവജലത്തിന്റെ സംഭരണിയും വിതരണ കേന്ദ്രവുമായി പര്‍വതങ്ങള്‍ വര്‍ത്തിക്കുന്നു.അല്ലാഹു പ്രകൃതിയെ പ്രത്യേകമായ തുലനാവസ്ഥയിലാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രകൃതിവിഭവങ്ങള്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാനുള്ളതാണെങ്കിലും സ്രഷ്ടാവ് സംവിധാനിച്ച സന്തുലിതാവസ്ഥ തകര്‍ക്കപ്പെടുമ്പോള്‍ അത് അപകടം വരുത്തിവെക്കും. എന്നുവരുമ്പോള്‍ മലകള്‍ പൊട്ടിയൊലിച്ചൊഴുകുന്നത് ഈ താളം തെറ്റുന്ന കൈയേറ്റങ്ങള്‍ നിമിത്തമാണ് എന്നതില്‍ സംശയമില്ല. നബി(സ) പറഞ്ഞു: തനിക്കോ മറ്റുള്ളവര്‍ക്കോ ഉപദ്രവമുണ്ടാക്കുന്ന കാര്യങ്ങള്‍ പാടില്ല (ഇബ്നു മാജ). അതിനാല്‍ ദുരന്തങ്ങളെ വിളിച്ചുവരുത്തുന്ന പ്രവര്‍ത്തനങ്ങളുടെ മേല്‍വിലാസം വികസനമെന്നാണെങ്കിലും അതിനോട് ഇസ്്‌ലാമിന് യോജിക്കാനാകില്ല.അന്ത്യനാളിലെ ഭീകരാനുഭവങ്ങളിലൊന്ന് ധൂളികളായി പൊടിഞ്ഞ് പരക്കുന്ന മലകളാണ്. ഭൂമി സമ്പൂര്‍ണമായി നശിക്കും മുമ്പ് അതിന്റെ ആണികള്‍ ഊരിത്തെറിക്കും എന്നാണ് ഈ മുന്നറിയിപ്പുകളുടെ സാരം. ചുരുക്കത്തില്‍ ഉരുള്‍പൊട്ടലുകള്‍ ബാക്കിയാക്കുന്ന ചിന്തകള്‍ സങ്കീര്‍ണമാണ്. പ്രകൃതിയോടുള്ള സമീപനവും ഉത്തരവാദിത്വവുമാണ് അതില്‍ നിന്ന് പഠിക്കാനും ശീലിക്കാനുമുള്ളത്.