വാട്‌സാപ്പിന്റെ യൂസര്‍നെയിം ഫീച്ചര്‍: കേന്ദ്രത്തിന്റെ നോട്ടീസിന് മറുപടി നല്‍കി മെറ്റാ

Wait 5 sec.

ന്യൂഡല്‍ഹി |  യൂസര്‍നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നോട്ടീസിന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് മറുപടി സമര്‍പ്പിച്ചതായും സര്‍ക്കാര്‍ ഇത് പരിശോധിച്ചുവരികയാണെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.വാട്‌സാപ്പില്‍ വരാനിരിക്കുന്ന യൂസര്‍നെയിം ഫീച്ചര്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ഫിഷിംഗ് , ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ എന്നിവ ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന ആശങ്ക ഉന്നയിച്ചാണ് കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ മെറ്റായ്ക്ക് നോട്ടീസ് അയച്ചത്.ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പില്‍ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍ .എന്നാല്‍,  പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ ഈ ഫീച്ചര്‍ പുറത്തിറക്കരുതെന്ന് സര്‍ക്കാര്‍ പ്ലാറ്റ്ഫോമിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.നോട്ടീസ് ലഭിച്ചതിന് ശേഷം മറുപടി നല്‍കാന്‍ വാട്‌സാപ്പ് കൂടുതല്‍ സമയം തേടുകയും, ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യയില്‍ ഈ ഫീച്ചര്‍ ലോഞ്ച് ചെയ്യില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.ഐടി മന്ത്രാലയത്തിന് ഇപ്പോള്‍ വാട്‌സാപ്പിന്റെ മറുപടി ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിച്ചുവരികയാണെന്നും പിടിഐ റിപ്പോര്‍ട്ട്‌ല ചെയ്തു. അതേ സമയം ഐടി മന്ത്രാലയത്തിന് സമര്‍പ്പിച്ച മറുപടിയെക്കുറിച്ച് വാട്‌സാപ്പിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.നോട്ടീസിന് മറുപടി നല്‍കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു എന്ന് ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.സമാനമായ യൂസര്‍നെയിം ഫീച്ചറുകളുമായി ബന്ധപ്പെട്ട് ടെലഗ്രാം, സിഗ്‌നല്‍ എന്നീ ആപ്പുകള്‍ക്ക് നല്‍കിയ നോട്ടീസുകള്‍ക്ക് മറുപടി ലഭിച്ചോ എന്ന ചോദ്യത്തിന്, അവര്‍ക്ക് മറുപടി നല്‍കാന്‍ ഇനിയും അല്പം കൂടി സമയമുണ്ടെന്നായിരുന്നു കൃഷ്ണന്റെ പ്രതികരണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന വാട്‌സാപ്പിന്റെ പുതിയ ഫീച്ചറിനെതിരെ ഐടി ആക്ട് പ്രകാരവും അനുബന്ധ നിയമങ്ങള്‍ പ്രകാരവും എന്തുകൊണ്ട് നടപടിയെടുക്കരുത് എന്ന് വിശദീകരിക്കാന്‍ നോട്ടീസില്‍ സര്‍ക്കാര്‍ മെറ്റായോട് ആവശ്യപ്പെട്ടിരുന്നു.പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍, വെരിഫൈഡ് മെറ്റാ അക്കൗണ്ടുകള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ യൂസര്‍നെയിമുകള്‍ വാട്‌സാപ്പ് മുന്‍കൂട്ടി റിസര്‍വ് ചെയ്തിട്ടുണ്ടെന്നും, അതുവഴി യഥാര്‍ത്ഥ ഉടമകള്‍ക്ക് മാത്രമേ അവ ക്ലെയിം ചെയ്യാന്‍ കഴിയൂ എന്നും വക്താവ് അറിയിച്ചു. പ്രശസ്തമായ പേരുകളോട് സാദൃശ്യമുള്ള വ്യാജ പേരുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ അത്തരം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.അക്കൗണ്ട് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ഫോണ്‍ നമ്പര്‍ ആവശ്യമായിരിക്കുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കി. യൂസര്‍നെയിമുകള്‍ ഉള്‍പ്പെടുന്ന തട്ടിപ്പുകള്‍ക്കെതിരെ ഒന്നിലധികം സുരക്ഷാ നടപടികള്‍ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.Content Highlights: WhatsApp has responded to the Indian government’s notice regarding its upcoming username feature. The government raised concerns that hidden phone numbers could increase digital arrest and phishing scams. Meta assured that the feature won’t launch in India until verification processes are complete.