പി സി കുട്ടികൃഷ്ണൻ അഥവാ ഉറൂബ്, യൗവനം തീണ്ടാത്ത കഥകളും; ഓർമയിൽ പ്രിയ എഴുത്തുകാരൻ

Wait 5 sec.

സുന്ദരികളും സുന്ദരൻമാരും, ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്, രാച്ചിയമ്മ, നീലവെളിച്ചം പറഞ്ഞുവരുന്നത് ആരെക്കുറിച്ചാണെന്ന് മനസിലായിട്ടുണ്ടാകും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പി.സി. കുട്ടികൃഷ്ണൻ. അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ മനസിലായെന്ന് വരില്ല. ആ തൂലികാനാമമായിരിക്കും നമുക്കേറെ പരിചിതം, അതേ ഉറൂബ് തന്നെ. മലയാളികളുടെ വായനാലോകത്ത് തെളിഞ്ഞുകത്തുന്ന നക്ഷത്രം.ഉറൂബ് വിടപറ‍ഞ്ഞിട്ട് ഇന്നേക്ക് 49 വർഷമാകുന്നു. തന്റെ എഴുത്തുകളിലൂടെ മരണത്തെയും കാലത്തെയും അതിജീവിച്ചതിനാലാകണം ആ വിടവിന്റെ ഭാരം അത്രമേൽ നമുക്ക് അനുഭവമാകാത്തത്. ഉറൂബ് എന്നത് ഒരു അറബി വാക്കാണ്. ‘യൗവനം നശിക്കാത്തവൻ’ എന്നാണ് ആ വാക്കിന്റെ അര്‍ഥം. ആ പേര് അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ കൃതികളോരോന്നും. മലയാള സാഹിത്യലോകത്ത് പുതുമ ചോരാതെ നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ഓരോ വായനയിലും നവ്യമായ അനുഭൂതി സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു.സാമൂഹ്യ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളുമെല്ലാം കാച്ചിക്കുറുക്കിയതാണ് ആ എഴുത്തുരീതി. ലളിതമാണ് ഭാഷ, ഹൃദയംതൊടുന്ന ശൈലി.ഉറൂബിന്റെ നോവലുകളും ചെറുകഥകളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സാധാരണക്കാരായ മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ പേനത്തുമ്പിൽ ജീവൻവെച്ചത്. മനുഷ്യമനസിലെ സൂക്ഷ്മവികാരങ്ങളെയെല്ലാം ഒപ്പിയെടുത്ത് വായനക്കാരന്റെ കണ്മുന്നിലേക്ക് പകർത്താൻ ഉറൂബ് എന്ന എഴുത്തുകാരന് എളുപ്പമായിരുന്നു. കഥാപാത്രങ്ങളുടെ ചിന്തകളും സംഘർഷങ്ങളുമെല്ലാം സ്വാഭാവികമായി അവതരിപ്പിക്കുന്നതിലെ ആ മിടുക്ക് എടുത്ത് പറയേണ്ടതുതന്നെ. ലളിതമായ ആഖ്യാനശൈലിയും മാനുഷിക കാഴ്ചപ്പാടും സ്വാഭാവികതയുമൊക്കെയാവണം ഉറൂബിനെ വായനക്കാർക്ക് പ്രിയപ്പെട്ടവനാക്കുന്നത്.സുന്ദരികളും സുന്ദരന്‍മാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്‍മുളളുകള്‍ തുടങ്ങിയവയാണ് ഉറൂബിന്റെ വായനക്കാർ നെഞ്ചേറ്റിയ നോവലുകള്‍. ഇരുപതോളം ചെറുകഥാ സമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. രാച്ചിയമ്മ, ഉളളവരും ഇല്ലാത്തവരും, ഗോപാലന്‍ നായരുടെ താടി, കുഞ്ഞമ്മയും കൂട്ടുകാരും, നീലവെളിച്ചം, മൗലവിയും ചങ്ങാതിമാരും, തുറന്നിട്ട ജാലകം തുടങ്ങിയവ അവയിൽ ചിലതാണ്. തീ കൊണ്ട് കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും തുടങ്ങിയ നാടകങ്ങളും രചിച്ചു. ഉറൂബിന്റെ കുട്ടിക്കഥകള്‍ എന്ന ബാലസാഹിത്യകൃതിയും നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാള്‍ എന്നീ കവിതാസമാഹാരങ്ങളും ഉറൂബിന്റെ സംഭാവനകളാണ്.തീർന്നില്ല, എട്ടോളം തിരക്കഥകളും അദ്ദേഹം ഒരുക്കി. ‘നീലക്കുയില്‍’ സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ഉറൂബാണ്. 1979 ജൂലൈ 10നായിരുന്നു ഉറൂബ് വിടപറഞ്ഞത്. മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കി ഇനിയും ഉറൂബ് ഇവിടെ തുടരും. വീണ്ടും വീണ്ടും വായിക്കപ്പെടും. ഓരോ വായനയിലും പുതിയ ഭാവാനാതലങ്ങളിലേക്ക് വായനക്കാർ നടന്നുനീങ്ങും.The post പി സി കുട്ടികൃഷ്ണൻ അഥവാ ഉറൂബ്, യൗവനം തീണ്ടാത്ത കഥകളും; ഓർമയിൽ പ്രിയ എഴുത്തുകാരൻ appeared first on Kairali News | Kairali News Live.