എന്റെ പരാതിയിൽ എഫ്ഐആർ ഇട്ടുവെന്ന മന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധം; ചെന്നിത്തലക്കെതിരെ വീണ്ടും അൻസിബ ഹസ്സൻ

Wait 5 sec.

ആഭ്യന്തര മന്ത്രിക്കെതിരെ വീണ്ടും അൻസിബ ഹസ്സൻ. നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെയാണ് അൻസിബ രംഗത്ത് വന്നിരിക്കുന്നത്. തൻ്റെ പരാതിയിൽ എഫ്ഐആർ ഇട്ടുവെന്ന മന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധമെന്ന് അൻസിബ വ്യക്തമാക്കി.ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അൻസിബ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര മന്ത്രിയെ പോലീസ് കമ്മീഷണർ തെറ്റിദ്ധരിപ്പിച്ചതാണെന്നും, പരാതിക്കാരിയായ തനിക്കെതിരെയാണ് പോലീസ് അന്വേഷണം നടത്തുന്നതെന്നും അൻസിബ ഫേസ്ബുക്കിൽ കുറിച്ചു. കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും നിയമപരമായ സംരക്ഷണം തനിക്കും അവകാശപ്പെട്ടതാണെന്നും. നീതി ലഭിക്കുന്നതു വരെ വാതിലിൽ മുട്ടിക്കൊണ്ടേയിരിക്കുമെന്നും അൻസിബ കൂട്ടിച്ചേർത്തു.തനിക്കെതിരായി പ്രചരിക്കുന്ന വീഡിയോ തടയണം എന്നായിരുന്നു തൻ്റെ ആവശ്യം. തനിക്ക് അപകീർത്തികരമായതിനാലാണ് പരാതി നൽകിയത്. എന്നാൽ മാനനഷ്ടകേസ് മാത്രമാണെന്നാണ് പോലീസ് പറയുന്നതെന്നും അൻസിബ പറയുന്നു.also read; കള്ളാടി ദുരന്തബാധിതരെ തിരിഞ്ഞുനോക്കാതെ സർക്കാർ; ക്യാമ്പിൽ പ്രാഥമിക സൗകര്യമില്ല, വസ്ത്രംപോലും ലഭ്യമാക്കിയില്ലഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കാനാണ്.ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്. എന്നാൽ, കേസിൽ എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്.അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നത്. പരാതിയിൽ FIR രജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.ഇതേ പ്രതി നൽകിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എന്നെക്കൊണ്ട് നിർബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്. കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂർണ്ണ ബോധ്യത്തിലാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും.The post എന്റെ പരാതിയിൽ എഫ്ഐആർ ഇട്ടുവെന്ന മന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധം; ചെന്നിത്തലക്കെതിരെ വീണ്ടും അൻസിബ ഹസ്സൻ appeared first on Kairali News | Kairali News Live.