പ്രാർത്ഥന ശ്രീനിവാസൻഇന്ന് ജൂലൈ 12, മലാല ദിനം. ഒരു പെൺകുട്ടിയും ഒരു അധ്യാപകനും ഒരു പുസ്തകവും ഒരു പേനയും വിചാരിച്ചാൽ ഈ ലോകത്തെ മാറ്റാൻ കഴിയുമെന്ന് ആഹ്വാനം ചെയ്ത മലാലയുടെ ജന്മദിനം. ഐക്യരാഷ്ട്ര സംഘടനയുടെ വേദിയെ സാക്ഷിനിർത്തിയാണ് മലാല അന്ന് ഈ വാക്കുകൾ ലോകത്തോട് വിളിച്ചു പറയുന്നത്. ആ വാക്കുകളുടെ വീര്യം ഇന്നും ഒട്ടും കുറഞ്ഞുപോയിട്ടില്ല. തോക്കുകളേക്കാൾ ശക്തി അക്ഷരങ്ങൾക്കുണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചവളാണ് അവൾ. മലാല യൂസഫ്സായ്.പാകിസ്താനിലെ സ്വാത് താഴ്വരയിൽ താലിബാൻ ഭീകരത പിടിമുറുക്കിയ സമയമായിരുന്നു അത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും വിദ്യാലയങ്ങൾ ബോംബിട്ട് തകർക്കുകയും ചെയ്തിരുന്ന കാലഘട്ടം. അവർക്കെതിരെയാണ് തന്റെ പതിനൊന്നാം വയസ്സിൽ മലാല ശബ്ദമുയർത്തിയത്. ഭീകരരുടെ കണ്ണുവെട്ടിച്ച് പുസ്തകങ്ങളും സ്കൂൾ ബാഗുകളും ഒളിപ്പിച്ചുപിടിച്ച് പഠിക്കാൻ ശ്രമിച്ച പെൺകുട്ടികളുടെ ഉറച്ച ശബ്‍ദമായി അവൾ മാറി. ബിബിസി ഡയറിയിലൂടെ ഗുൽ മഖായി’ എന്ന അപരനാമത്തിൽ അവൾ കുറിപ്പുകൾ എഴുതി. താലിബാന്റെ ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിഎന്നാൽ മലാലയുടെ ഈ ശബ്ദത്തെ ഇല്ലാതാക്കാൻ താലിബാൻ പദ്ധതിയിട്ടു. അടിച്ചമർത്തലുകൾക്കെതിരെ ഉയർന്ന ആ ശബ്ദത്തെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 2012 ഒക്ടോബർ 9ന് സ്കൂൾ പരീക്ഷ കഴിഞ്ഞ് സഹപാഠികൾക്കൊപ്പം ബസിൽ മടങ്ങുകയായിരുന്ന ആ പതിനഞ്ചുകാരിക്ക് നേരെ ഭീകരർ വെടിയുതിർത്തു. ബസിനുള്ളിലേക്ക് ഇരച്ചുകയറിയ ഭീകരൻ “ആരാണ് മലാല?” എന്ന് ആക്രോശിച്ചു കൊണ്ട് അവളുടെ തലയ്ക്ക് നിറയൊഴിച്ചു. “തലയ്ക്ക് വെടിയേറ്റ പെൺകുട്ടി എന്നല്ല, പകരം സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പോരാടിയവൾ എന്ന് അഭിമാനത്തോടെ അറിയപ്പെടാനാണ് എനിക്കിഷ്ടം. ദിവസങ്ങളോളം മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയ മലാല പറഞ്ഞതിങ്ങനെയാണ്.ALSO READ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് പുനഃസംഘടന; പുതിയ സിഇഒയ്ക്കുള്ള മാനദണ്ഡങ്ങൾ ഇങ്ങനെഭയപ്പെടുത്തലുകൾക്ക് മുന്നിൽ പതറാത്ത മലാലയുടെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായിരുന്നു 2014-ൽ അവളെ തേടിയെത്തിയ സമാധാനത്തിനുള്ള നോബൽ സമ്മാനം. ചരിത്രത്തിൽ ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മലാല മാറി. അന്ന് നോബൽ സമ്മാന വേദിയിൽ വെച്ച് അവൾ പറഞ്ഞതിങ്ങനെയാണ് “വെടിയുണ്ടകൾ കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാമെന്ന് കരുതിയവർ പരാജയപ്പെട്ടു, ആ നിശബ്ദതയിൽ നിന്ന് ലക്ഷക്കണക്കിന് ശബ്ദങ്ങൾ ഉയർന്നു വന്നു”. ഇന്നും വിദ്യാഭ്യാസം, ലിംഗസമത്വം, മനുഷ്യാവകാശ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ‘Malala Fund’ എന്ന സംഘടനയിലൂടെ മലാല തന്റെ പോരാട്ടം തുടരുകയാണ്.തോക്കുകൾക്ക് നിശബ്ദമാക്കാൻ കഴിയാത്തത് അറിവിനെയും ആത്മവിശ്വാസത്തെയുമാണെന്ന ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു മലാല ദിനം കടന്നുവരുമ്പോൾ, ലോകമെമ്പാടുമുള്ള ക്ലാസ് മുറികളിൽ അവൾ പകർന്നുതന്ന വിപ്ലവത്തിന്റെ അക്ഷരവെളിച്ചം ഇന്നും അണയാതെ ജ്വലിച്ചുനിൽക്കുന്നുThe post നിറതോക്കിനെ നിശബ്ദമാക്കിയ പെൺകരുത്ത്; ഇന്ന് മലാല ദിനം appeared first on Kairali News | Kairali News Live.